കാന്താര 2 ചിത്രീകരണത്തിനിടെ പക്ഷാഘാതം വന്ന് ചികിത്സയിലായിരുന്ന നടൻ ദിനേശ് മംഗളൂരു അന്തരിച്ചു. കലാ സംവിധായകൻ കൂടിയായ ദിനേശിന് ഈയ്യടുത്താണ് സെറ്റിൽ വച്ച് പക്ഷാഘാതമുണ്ടാവുന്നത്. തുടർന്ന് മംഗളൂരുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ചികിത്സ പൂർത്തിയാക്കി ഉഡുപ്പിയിലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്നതിനിടെ തിങ്കളാഴ്ച അദ്ദേഹത്തിന് മസ്തിഷ്ക രക്തസ്രാവമുണ്ടാവുകയായിരുന്നു.
കെജിഎഫ്, കിച്ച, കിർക്ക് പാർട്ടി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ദിനേശ് മംഗളൂരു. കെജിഎഫിലെ ബോംബൈ ഡോൺ എന്ന ദിനേശിന്റെ കഥാപാത്രം രാജ്യത്താകമാനം ശ്രദ്ധ നേടിയിരുന്നു. രണവിക്രമ, അംബരി, സവാരി, ഇന്ത നിന്ന പ്രീതിയെ സ്ലം ബാല, ദുർഗ തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം വേഷമിട്ടു. അഭിനയത്തിന് പുറമെ കലാസംവിധായകനായും ശ്രദ്ധ നേടിയിട്ടുണ്ട്. നമ്പർ 73, ശാന്തിനിവാസ് തുടങ്ങിയ കന്നഡ സിനിമകളുടെ കലാസംവിധായകനാണ്.
കാന്താര 2 വുമായി ബന്ധപ്പെട്ട നാലാമത്തെ മരണമാണ് ദിനേശിന്റേത്. നടൻ രാകേഷ് പൂജാരിയാണ് ആദ്യം മരണപ്പെടുന്നത്. പിന്നീട് വൈക്കം സ്വദേശിയായ എംഎഫ് കപിലും ജൂണിൽ നടനും മിമിക്രി താരവുമായ നിജുവും മരണപ്പെട്ടു. സിനിമയുമായി ബന്ധപ്പെട്ട് തുടർച്ചയായുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും ദൂരൂഹമായി അവശേഷിക്കുകയാണ്.