സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം അന്തിമഘട്ടത്തിലേക്ക് അടുക്കവെ മികച്ച നടനുള്ള അവാര്‍ഡിന് കടുത്ത മത്സരം. ഇത്തവണ മമ്മൂട്ടിയും ആസിഫ് അലിയും തമ്മിലാണ് കടുത്ത മത്സരം. ‘ഭ്രമയുഗ’ത്തിലെ കൊടുമണ്‍ പോറ്റി, മമ്മൂട്ടിക്ക് വീണ്ടുമൊരു സംസ്ഥാന പുരസ്‌കാരം നേടിക്കൊടുക്കുമോ എന്നാണ് പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്.
‘ലെവല്‍ ക്രോസ്’, ‘കിഷ്‌കിന്ധാകാണ്ഡം’, ‘രേഖാചിത്രം’ എന്നീ സിനിമകളിലെ പ്രകടനങ്ങളിലൂടെ ആസിഫ് അലി മമ്മൂട്ടിക്ക് മുന്നില്‍ കടുത്ത മത്സരം കാഴ്ചവയ്ക്കുന്നുണ്ട്. ‘കിഷ്‌കിന്ധാകാണ്ഡ’ത്തിലെ വിമുക്തഭടന്‍ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്‍, ‘ആവേശ’ത്തിലെ രങ്കണ്ണനായി വന്ന ഫഹദ് ഫാസില്‍, ‘എആര്‍എ’മ്മില്‍ ട്രിപ്പിള്‍ റോളിലെത്തിയ ടൊവിനോ തോമസ് എന്നിവരെയും ജൂറി പരിഗണിക്കുന്നുണ്ട്.
മികച്ച നടിക്കുള്ള മത്സരത്തില്‍ കനി കുസൃതി (ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്), ദിവ്യപ്രഭ (ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്), അനശ്വര രാജന്‍ (രേഖാചിത്രം), ജ്യോതിര്‍മയി (ബോഗെയ്ന്‍വില്ല), സുരഭി ലക്ഷ്മി (എആര്‍എം), ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ), നസ്രിയ നസീം (സൂക്ഷ്മദര്‍ശിനി) എന്നിവര്‍ അന്തിമ റൗണ്ടിലുണ്ട്.
തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിക്ക് മുന്നില്‍ 128 സിനിമകളാണ് ഇത്തവണ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ടത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഭാഗ്യലക്ഷ്മി, പിന്നണി ഗായികയും സംസ്ഥാന പുരസ്‌കാര ജേതാവുമായ ഗായത്രി അശോകന്‍, സൗണ്ട് ഡിസൈനറും സംവിധായകനുമായ നിതിന്‍ ലൂക്കോസ്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് മറ്റ് ജൂറി അംഗങ്ങള്‍.
പ്രാഥമിക ജൂറിയുടെ പരിഗണനയ്ക്ക് ശേഷം മുപ്പതുശതമാനം ചിത്രങ്ങളാണ് പ്രകാശ് രാജ് അധ്യക്ഷനായ അന്തിമ ജൂറിയുടെ പരിഗണയിലുള്ളത്. മഞ്ഞുമ്മല്‍ ബോയ്‌സ്, ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, പ്രേമലു, മാര്‍ക്കോ, ഫെമിനിച്ചി ഫാത്തിമ, എആര്‍എം, ബറോസ് എന്നീ സിനിമകളും ജൂറിക്ക് മുന്നിലുണ്ട്. നവംബര്‍ ഒന്നിനോ രണ്ടിനോ പുരസ്‌കാരം പ്രഖ്യാപിക്കും.