മലയാളത്തിൽ ഏറ്റവും കൂടുതൽ അധിക്ഷേപം നേരിട്ട നടൻ

മന്ത്രി വാസവന് അസ്ഥാനത്ത് ഉപമിക്കാന്‍ ഉള്ള വ്യക്തിയല്ല ഇന്ദ്രന്‍സ്.. ഇന്നലെയും ഇന്നുമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മന്ത്രി വി.എന്‍ വാസവന്‍ ഇന്ദ്രന്‍സിന് നേരെ നടത്തിയ ബോഡി ഷെയ്മിംഗ് പരാമര്‍ശം. ഇന്ദ്രന്‍സിന് നേരെയുണ്ടായ ഈ ബോഡി ഷെയ്മിംഗ് പരാമര്‍ശം ഇന്നും ഇന്നലെയും ഉണ്ടായതല്ല. അഭിനയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്ക് തന്നെ കൊടക്കമ്പി എന്ന് വിളിച്ച് നടനെ കളിയാക്കിയവരുണ്ട്. ഒരു കാലത്ത് മെലിഞ്ഞ് കഴുത്തു നീണ്ടവര്‍ക്കെല്ലാം കിട്ടിയ ഇരട്ടപ്പേര്, ഇന്ദ്രന്‍സ്, കൊടക്കമ്പി എന്നൊക്കെയിരുന്നു. സിനിമകളില്‍ തന്നെ ഒരുപാട് തവണ ഇന്ദ്രന്‍സിന്റെ രൂപത്തെ പരിഹസിച്ചും കളിയാക്കി കൊണ്ടുമുള്ള തമാശ കണ്ട് ആര്‍ത്ത് ചിരിച്ചവരാണ് മലയാളി പ്രേക്ഷകര്‍.

സിനിമയില്‍ കോസ്റ്റിയൂം ഡിസൈനര്‍ ആയി എത്തിയ ഇന്ദ്രന്‍സ് 1981ല്‍ പുറത്തിറങ്ങിയ ‘ചൂതാട്ടം’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 1993ല്‍ പുറത്തിറങ്ങിയ ‘മേലെപ്പറമ്പില്‍ ആണ്‍വീട്’ എന്ന സിനിമയിലെ കല്യാണ ബ്രോക്കര്‍ ആയുള്ള ഇന്ദ്രന്‍സിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1994ല്‍ എത്തിയ ‘സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ, ബിഎഡ്’ എന്ന സിനിമയിലൂടെയാണ് ഇന്ദ്രന്‍സിന് ഒരു ബ്രേക്ക് ലഭിക്കുന്നത്.

‘മലയാള സിനിമയിലെ ഹാസ്യരംഗങ്ങളെ പിന്നോട്ടടിപ്പിച്ച നടന്‍ ‘ എന്ന ദുഷ്‌പ്പേര് വരെ ചില നിരൂപകര്‍ ഇന്ദ്രന്‍സിന് നല്‍കിയിരുന്നു. വെറും കോപ്രായങ്ങളും കഴുത്തു നീട്ടലുകളുമായിരുന്നു പല രംഗങ്ങളിലും. സ്ലാപ്സ്റ്റിക് കോമഡി (Slapstick comedy) എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി ഇന്ദ്രന്‍സിനെ ചിലര്‍ അവഗണിച്ചു. ഈ വിമര്‍ശനങ്ങളെല്ലാം അരങ്ങേറുമ്പോഴും ഇന്ദ്രന്‍സ് മലയാള സിനിമയില്‍ സജീവമായി തന്നെ അഭിനയിച്ചു.

‘മലപ്പുറം ഹാജി മഹാനായ ജോജി’, ‘മാനത്തെ കൊട്ടാരം’, ‘വധു ഡോക്ടറാണ്’, ‘ആദ്യത്തെ കണ്‍മണി’, ‘അനിയന്‍ ബാവ ചേട്ടന്‍ ബാവ’, ‘പഞ്ചാബി ഹൗസ്’ എന്നിങ്ങനെ അഭിനയിച്ച സിനിമകളില്‍ എല്ലാം ഇന്ദ്രന്‍സ് ഹാസ്യം കൊണ്ട് നിറച്ചു.

ചുരുങ്ങിയ കാലയളവില്‍ നിരവധി ഇന്ദ്രന്‍സ് ഡ്യൂപ്പുകളെ മലയാളികള്‍ കണ്ടു. 2004ല്‍ പുറത്തിറങ്ങിയ ‘കഥാവശേഷന്‍’ എന്ന സിനിമയില്‍ ഇന്ദ്രന്‍സ് ക്യാരക്ടര്‍ റോളിലേക്ക് ചേക്കേറി. 2009ല്‍ ‘രഹസ്യ പൊലീസ്’ എന്ന സിനിമയിലെ താരത്തിന്റെ വില്ലന്‍ വേഷം ശ്രദ്ധ നേടി. 2014ല്‍ എത്തിയ ‘അപ്പോത്തക്കരി’ സിനിമയിലെ പ്രകടനത്തിന് താരം കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ്‌സില്‍ സ്‌പെഷ്യല്‍ മെന്‍ഷന്‍ നേടി. എങ്കിലും കുറേ കാലം വലിയ താരത്തിളക്കമൊന്നും ഇല്ലാതെ ഇന്ദ്രന്‍സ് മലയാള സിനിമയ്‌ക്കൊപ്പം സഞ്ചരിച്ചു. 2020ല്‍ എത്തിയ ‘അഞ്ചാം പാതിര’യിലെ സൈക്കോ കഥാപാത്രം ഇന്ദ്രന്‍സ് എന്ന നടന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തി. പ്രേക്ഷകരെ ഞെട്ടിച്ച കഥാപാത്രമായിരുന്നു ഇത്. 2021ല്‍ ‘ഹോം’ എന്ന സിനിമ എത്തിയതോടെയാണ് ഇന്ദ്രന്‍സിനെ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചത്. ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രമായി പ്രേക്ഷകരെ വീണ്ടും താരം ഞെട്ടിച്ചു. ഇന്ദ്രന്‍സിന്റെ കരിയറില്‍ ഏററവും കൂടുതല്‍ പ്രശംസ നേടിയ കഥാപാത്രമാണ് ഹോമിലെ ഒലിവര്‍ ട്വിസ്റ്റ്.

മാലിക്കിലെ പൊലീസ് ആയും ഉടലിലെ കുട്ടിച്ചായന്‍ ആയും ഗംഭീര പെര്‍ഫോമന്‍സ് ആണ് ഇന്ദ്രന്‍സ് കാഴ്ചവച്ചത്. ‘വാമനന്‍’, ‘ഗില’ എന്നീ സിനിമകളാണ് ഇന്ദ്രന്‍സിന്റെതായി ഇനി വരാനിരിക്കുന്നത്.

ബോഡി ഷെയ്മിംഗ് നേരിടുന്ന താരങ്ങള്‍ എല്ലാം കുറിക്ക് കൊള്ളുന്ന മറുപടി തന്നെ കൊടുക്കാറുണ്ട്. എന്നാല്‍ ഇന്ദ്രന്‍സ് മന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ചത് കണ്ടപ്പോള്‍ തോന്നിയത് എന്ത് ലാളിത്യമുള്ള പേഴ്‌സണാലിറ്റി ആണ് എന്നായിരുന്നു. ‘അമിതാഭ് ബച്ചനെ പോലെ ഇരുന്ന കോണ്‍ഗ്രസ് ഇന്ദ്രന്‍സിനെ പോലെ ആയി” എന്നായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. എന്നാല്‍ മന്ത്രിയുടെ പരാമര്‍ശത്തില്‍ തനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഇല്ലെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

‘ഇന്ത്യാ രാജ്യത്ത് എല്ലാവര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. മന്ത്രി അങ്ങനെ പറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല. അമിതാഭ് ബച്ചന്റെ ഉയരം എനിക്കില്ല. അദ്ദേഹത്തിന്റെ കുപ്പായം എനിക്ക് പാകമാവുകയും ഇല്ല. അത് സത്യമല്ലേ. ഞാന്‍ കുറച്ച് പഴയ ആളാണ്. ഉള്ളത് ഉള്ളതു പോലെയല്ലേ പറയേണ്ടത്. ഇതിലെനിക്ക് ബോഡി ഷെയിമിംഗ് ഒന്നും തോന്നുന്നില്ല. ഞാനെന്താണ് എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്” എന്നാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്. ഇന്ദ്രന്‍സ് എന്ന നടന്‍ കാണിച്ച പക്വതയുടെ ഒരംശമെങ്കിലും സാംസ്‌കാരിക മന്ത്രിക്ക് ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിപ്പോയ നിമിഷം…

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്