ഹൃത്വിക്ക് റോഷനും ജൂനിയർ എൻടിആറും പ്രധാന വേഷങ്ങളിലെത്തുന്ന വാർ 2 സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സ്പൈ ത്രില്ലർ ചിത്രത്തിന്റെ 2.36 മിനിറ്റ് ദൈർഘ്യമുളള ട്രെയിലറാണ് റിലീസ് ചെയ്തിരിക്കുന്നത്. തുല്യ പ്രാധാന്യമുളള റോളുകളിലാണ് ഹൃത്വിക്കും എൻടിആറും ചിത്രത്തിൽ എത്തുന്നതെന്നാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്ന സൂചന. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് ചിത്രം നിർമ്മിക്കുന്നത്. ഓഗസ്റ്റ് 14നാണ് വാർ 2 ലോകമെമ്പാടുമുളള തിയേറ്ററുകളിലേക്ക് എത്തുന്നത്.
കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. നേരത്തെ വാർ 2വിന്റെതായി പുറത്തിറങ്ങിയ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് വാർ 2. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്. ത്രില്ലിംഗ് ആക്ഷൻ രംഗങ്ങളും രാജ്യ സ്നേഹവും നിറഞ്ഞു നിൽക്കുന്ന ട്രെയ്ലറിൽ, പ്രണയവും വിരഹവും പ്രതികാരവും തുടങ്ങി നിറയെ ഇമോഷനുകൾ കൂടി കലർന്നിട്ടുണ്ട്.
മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് ‘വാർ 2’. ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിന് ശേഷം അയൻ മുഖർജി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. വാർ 2വിൽ ഷാരൂഖ് ഖാന്റെ പത്താനും സൽമാൻ ഖാന്റെ ടൈഗറും കാമിയോ വേഷങ്ങളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്.