ഈ വർഷത്തെ ബിഗ് ബോസ് മത്സരാത്ഥികളിൽ ഒരാളാണ് അനുമോൾ. സിനിമ സീരിയൽ രംഗത്ത് സജീവമാണെങ്കിലും സ്റ്റർമാജിക് എന്ന ഗെയിം ഷോയിലൂടെയായിരുന്നു അനുമോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. കുസൃതി നിറഞ്ഞ ചിരിയും സംസാരവുമാണ് താരത്തോട് വീട്ടമ്മമാർ ഉൾപ്പെടയുള്ള ആളുകൾക്ക് പ്രിയം കൂടാൻ കാരണവും. ഇപ്പോഴിതാ ബിഗ് ബോസ് ഹൗസിലെ ‘കൈ കൊടുക്കൽ’ വിവാദമാണ് ചർച്ചയാകുന്നത്.
ഇക്കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസ് ഹൗസിലേക്ക് അതിഥികളായി ടെലിവിഷൻ താരങ്ങളായ ജീവൻ ഗോപാലും സൂഫി മരിയ മാത്യുവും എത്തിയത്. പുതിയ സീരിയൽ വിശേഷണങ്ങൾ പങ്കുവെക്കാനാണ് താരങ്ങൾ എത്തിയത്. ശേഷം ഹൗസിൽ നിന്നും പുറത്തേക്ക് പോകുന്ന അവസരത്തിൽ ബിഗ്‌ബോസ് മത്സരാർത്ഥിയായ അനുമോൾക്ക് ജീവൻ കൈ കൊടുക്കാൻ ശ്രമിച്ചത് ശ്രദ്ധേയമായിരുന്നു. എന്നാൽ, അനുമോൾ ഇതിനോട് പ്രതികരിച്ച രീതിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
വീഡിയോ കാണുമ്പോൾ ജീവൻ കൈകൊടുക്കാൻ ശ്രമിക്കുമ്പോൾ അനുമോൾക്ക് കൈ കൊടുക്കാൻ തീരെ താൽപര്യമില്ലായിരുന്നു. അനു കൈ കൊടുക്കാതെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും, ജീവൻ വിട്ടുകൊടുക്കാൻ തയ്യാറായില്ല. ജീവൻ അനുമോളുടെ അടുത്തുപോയി നിർബന്ധിച്ച് കൈ ചോദിച്ചു വാങ്ങി ഷേക്ക് ഹാൻഡ് നൽകുകയും തോളിൽ തട്ടുകയും ചെയ്ത ശേഷമാണ് ഹൗസിൽ നിന്നും പോയത്. എന്നാൽ ഇതിന് പിന്നാലെ ഡ്രസ്സിംഗ് റൂമിൽ പോയി ആദിലയോടും നൂറയോടും സംസാരിച്ച കാര്യങ്ങളും ചർച്ചയാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
”അവൻ എൻ്റെ ജീവിതം നശിപ്പിച്ചവനാണ്. എന്നെ മരണത്തിലേക്ക് വരെ തള്ളിയിട്ടവനാണ്. അവനെ ഞാൻ ഇനി ജീവിതത്തിൽ ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് വിശ്വസിച്ച ഒരാളാണ് ഞാൻ.”- ഇതാണ് അനുമോൾ ആദിലയോടും നൂറയോടും സംസാരിച്ചത്. എന്നാൽ ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇവരെ ചുറ്റിപ്പറ്റിയുള്ളതാണ് സോഷ്യൽ മീഡിയയിലെ ചർച്ചകൾ. ഇത്തരത്തിൽ ഒരു പെരുമാറ്റത്തിന്റെ പിന്നിലെ കാരണം എന്തെന്നാണ് സോഷ്യൽ മീഡിയ ഒന്നാകെ തിരയുന്നത്.
മുൻപ് ജീവന് ഒപ്പമുള്ള ധാരാളം ചിത്രങ്ങൾ അനുമോൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും ഒത്തുള്ള ഇന്റർവ്യൂ അടക്കം പുറത്ത് വന്നിട്ടുണ്ട്. ഇതിൽ തന്റെ ഏറ്റവും നല്ല സുഹൃത്താണ് ജീവൻ എന്നാണ് അനുമോൾ പറയുന്നത്. എന്നാൽ അനുമോളുടെ മുൻകാമുകനായിരുന്നു ജീവൻ എന്നതടക്കമുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇവർ വേർപിരിഞ്ഞുവെന്നും വീണ്ടും കണ്ടുമുട്ടിയപ്പോൾ ഉണ്ടായ മാനസിക ബുദ്ധിമുട്ടകം അനുവിന്റെ പെരുമാറ്റം അത്തരത്തിലാകാൻ കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.