ദുൽഖർ സൽമാൻ നായകനാവുന്ന എറ്റവും പുതിയ ചിത്രം കാന്തയുടെ ടീസർ അപ്ഡേറ്റ് പുറത്ത്. ദുൽഖറിന്റെ ജന്മദിനമായ ജൂലായ് 28ന് വൈകിട്ട് മൂന്ന് മണിക്ക് സിനിമയുടെ ടീസർ റിലീസ് ചെയ്യുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. ടീസറിന്റെ ചെറിയ ഗ്ഗിംപ്സ് പുറത്തുവിട്ടാണ് കാന്ത ടീം ഈ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. തമിഴ് സിനിമയിലെ ആദ്യ സൂപ്പർസ്റ്റാറായി അറിയപ്പെടുന്ന എം കെ ത്യാഗരാജ ഭാഗവതരുടെ ജീവിതം ആസ്പദമാക്കിയുളള ചിത്രമാണ് കാന്ത. ത്യാഗരാജ ഭാഗവതരായാണ് ദുൽഖർ എത്തുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്.
സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്ന് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നു. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
ഭാഗ്യശ്രീ ബോർസെ, സമുദ്രക്കനി, റാണ ദഗ്ഗുബതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്.