ദുല്‍ഖര്‍ സല്‍മാനും ‘കാന്ത’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കും മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്. സിനിമയില്‍ എംകെ ത്യാഗരാജഭാഗവതരെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് നടപടി. ത്യാഗരാജഭാഗവതരുടെ കുടുംബമാണ് ഹര്‍ജിക്കാര്‍. ചിത്രത്തിന്റെ റിലീസ് തടയണം എന്നാണ് ആവശ്യം.
ചിത്രത്തിന്റെ കഥ തങ്ങളെ അറിയിക്കുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ല എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 18ന് കേസ് വീണ്ടും പരിഗണിക്കും. നവംബര്‍ 14ന് ആണ് കാന്തയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. ഈ കേസ് കാരണം സിനിമയുടെ റിലീസ് നീളാന്‍ സാധ്യതയുണ്ട്.
സെല്‍വമണി സെല്‍വരാജ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസുംറാണ ദഗുബതിയുടെ സ്പിരിറ്റ് മീഡിയയും ചേര്‍ന്നാണ് കാന്ത നിര്‍മ്മിക്കുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോര്‍സെ, റാണ ദഗുബാട്ടി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ടികെ മഹാദേവന്‍ എന്ന നടന്‍ ആയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഈ ചിത്രത്തില്‍ വേഷമിടുന്നത്. അയ്യാ എന്ന് പേരുള്ള സംവിധായകനായി സമുദ്രക്കനി വേഷമിടുമ്പോള്‍, പൊലീസ് ഓഫിസര്‍ ആയാണ് റാണ അഭിനയിച്ചിരിക്കുന്നത്. കുമാരി എന്നാണ് ഭാഗ്യശ്രീ ബോര്‍സെ അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്.