പ്രശസ്ത നടനും ഇന്ത്യൻ സിനിമയുടെ ഇതിഹാസവുമായ ധർമേന്ദ്ര ആശുപത്രി വിട്ടു. ധർമേന്ദ്ര പൂർണ ആരോഗ്യവാനാണെന്ന് കുടുംബം അറിയിച്ചു. ശ്വാസതടസത്തെ തുടർന്ന് ഒരാഴ്ചയിലേറെയായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ധർമേന്ദ്ര. വീട്ടിൽ ചികിത്സ തുടർന്നാൽ മതിയെന്ന ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയത്.
ഇതിനിടെ താരം ആന്തരിച്ചെന്ന വാർത്തകളും പുറത്ത് വന്നിരുന്നു. പിതാവിൻ്റെ നില മെച്ചപ്പെടുകയാണെന്നും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും മകൾ ഇഷ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. ഭാര്യയും നടിയുമായ ഹേമമാലിനിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ധർമേന്ദ്ര അന്തരിച്ചതായി വാർത്ത പ്രചരിച്ചതിനു പിന്നാലെയായിരുന്നു ഇത്.
89കാരനായ താരത്തെ ശ്വാസതടസ്സത്തെ തുടർന്ന് ഒരാഴ്ച്‌ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 8ന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് അസുഖബാധിതനായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ധർമേന്ദ്രയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നുവെന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.