യൂറോപ്പിന്റെ ദാരിദ്ര്യം വരച്ചുകാട്ടിയ വിറ്റോറിയോ ഡി സിക്കയുടെ 'ബൈസിക്കിള്‍ തീവ്‌സ് !

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കൊടിയ ദുരിതങ്ങളാണ് ലോകത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്നത്. രണ്ട് യുദ്ധങ്ങൾക്ക് ശേഷം യൂറോപ്പിലുണ്ടായ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയെയും ആക്രമണങ്ങളെയും കുറിച്ച് പല സിനിമകളും ഇറങ്ങിയിട്ടുണ്ട്. എന്നാൽ രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഇറ്റലിയിൽ പ്രതിഫലിച്ച സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറംമോടികളില്ലാതെ ക്യാമറയിൽ പകർത്താൻ സാധിച്ച ഒരു സിനിമയായിരുന്നു 1948ൽ വിറ്റോറിയോ ഡി സിക്ക സം‌വിധാനം ചെയ്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഇറ്റാലിയൻ നവ റിയലിസ്റ്റിക് സിനിമയായ ‘ദ ബൈസിക്കിൾ തീവ്‌സ്’

യഥാർഥമായ ഒന്ന് കാണിക്കുന്നതല്ല, മറിച്ചു എന്താണ് യഥാർത്ഥ്യം എന്ന് കാണിക്കുന്നതാണ് നിയോ റിയലിസം. ചലച്ചിത്രം എന്നതിനപ്പുറം ഒരു നേർക്കാഴ്ച്ച കൂടിയാണ് ഈ സിനിമ.തന്റെ ജോലി ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന, കളവു പോയ ഒരു സൈക്കിളിനു വേണ്ടി റോമിന്റെ തെരുവോരങ്ങളിൽ അലഞ്ഞു നടക്കുന്ന ഒരു ദരിദ്രനായ മനുഷ്യന്റെ കഥയാണ്‌ ഈ ചിത്രം. ലൂജി ബർട്ടോലിനി ഇതേ പേരിൽ എഴുതിയ നോവലിനെ അടിസ്ഥാനമാക്കി സെസാറെ സവാട്ടിനി തയാറാക്കിയ തിരക്കഥയാണ് ദ ബൈസിക്കിൾ തീവ്‌സിന്റേത്.

ഇറ്റാലിയൻ നടനായ ലാംബെർട്ടോ മാഗ്ഗിയോറനി അച്ഛനായും എൻസോ സ്റ്റായിയോള മകനായും ഈ സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലാംബെർട്ടോ റിച്ചി അന്തോണിയോക്ക് എന്ന കഥാപാത്രമായും എൻസോ സ്റ്റായിയോള മകൻ ബ്രൂണോയായും എത്തുന്നു. ആദ്യ ദൃശ്യത്തിൽ തന്നെ ഇറ്റലി നേരിടുന്ന തൊഴിലില്ലായ്മയും ദാരിദ്രവും ആണ് കാണിക്കുന്നത്. ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന ആ കുടുംബം ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സിനിമ എടുത്തു കാണിക്കുന്നു. എംപ്ലോയ്‌മെന്റ്‌ എക്സ്ചേഞ്ച് വഴി ഒരു ജോലി ലഭിക്കാനായി മാസങ്ങളോളം കാത്തിരുന്ന റിച്ചി അന്തോണിയോക്ക് മതിലുകളിൽ പോസ്റ്റർ പതിക്കുന്ന ഒരു താത്കാലിക ജോലി ലഭിക്കുന്നു. എന്നാൽ ആ ജോലിയിൽ പ്രവേശിക്കണമെങ്കിൽ ഒരു സൈക്കിൾ സ്വന്തമായി വേണം. എന്നാൽ അന്തോണിയോവിന്റെ സൈക്കിൾ പണയം വച്ചിരിക്കുകയാണ്.

ഈ പ്രശ്നത്തിന് അന്തോണിയോയുടെ ഭാര്യ ഒരു പ്രതിവിധി പറഞ്ഞത് പ്രകാരം വീട്ടിലെ കിടക്കവിരികൾ പണയമായി ഏൽപ്പിച്ച് സൈക്കിൾ തിരിച്ചെടുക്കുകയാണ്. എന്നാൽ സൈക്കിളുമെടുത്ത് ജോലി ആരംഭിച്ച് അധികം താമസിയാതെ സൈക്കിൾ മോഷ്ടിക്കപ്പെടുകയാണ്. മകൻ ബ്രൂണോയുമൊത്ത് സൈക്കിൾ തിരഞ്ഞുനടക്കുന്ന അന്തോണിയോയുടെ ദൃശ്യങ്ങളാണ് പിന്നീടങ്ങോട്ട് ചിത്രത്തിൽ കാണിക്കുന്നത്. പോലിസ്‌ സ്റ്റേഷനിലെത്തി തന്റെ സൈക്കിൾ മോഷ്ടിക്കപ്പെട്ടു എന്നയാൾ പറയുമ്പോൾ കൂട്ടിവച്ചിരിക്കുന്ന നിരവധി പരാതികളിലേക്കും കടുത്ത നിസ്സംഗതയോടെ നിൽക്കുന്ന അധികാരികളെയുമാണ് ദൃശ്യങ്ങളിൽ കാണിക്കുന്നത്.

നിരാശയോടെ മകനുമൊത്ത് നടക്കുമ്പോൾ കൈയിൽ ബാക്കിയുണ്ടായിരുന്ന പണംകൊണ്ട് അയാൾ മകന് പീസ്സ വാങ്ങിക്കൊടുക്കാൻ റെസ്റ്ററന്റിലെത്തുന്നു. എന്നാൽ അടുത്ത മേശയിലിരുന്ന് മൃഷ്ടാന്ന ഭക്ഷണം കഴിക്കുന്ന ഒരു കുടുംബത്തിലേക്ക് കണ്ണുപായിക്കുന്ന മകനോട്‌ അത്രയും ഭക്ഷണം വാങ്ങണമെന്നുണ്ടെങ്കിൽ ഒരു മാസത്തിൽ ഒരു മില്യണെങ്കിലും എങ്കിലും വരുമാനം വേണ്ടി വരും എന്ന് അയാൾ പറയുന്നു. ഇതിലൂടെ ഒരു വശത്ത് തൊഴിലില്ലായ്മയും ദാരിദ്ര്യവും മറ്റൊരു വശത്ത് ഉയർന്ന വർഗ്ഗക്കാരുടെ ജീവിതവും കാണിക്കുന്നു.

ശേഷം മോഷ്ടാവിനെ കണ്ടെത്തുന്നുണ്ടെങ്കിലും മതിയായ തെളിവുകൾ പൊലീസിന് മുന്നിൽ കാണിച്ചു കൊടുക്കാൻ ഇല്ലാത്തതിനാൽ സൈക്കിൾ ലഭിച്ചില്ല എന്ന് മാത്രമല്ല, കള്ളനായി സംശയിക്കപ്പെടുന്നവന്റെ വീട്ടുകാരും അയൽക്കാരും അവനെ പിന്തുണയ്ക്കുന്നതോടെ കാര്യങ്ങൾ തകിടം മറിയുന്നു. മറ്റ് വഴികളൊന്നും കാണാതെ ആകെ പ്രതിസന്ധിയിലാകുന്ന അന്തോണിയോ ഫുട്ബോൾ മൽസരം നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് നിർത്തിയിട്ടിരിക്കുന്ന സൈക്കിളുകളിലൊന്ന് മോഷ്ടിക്കാൻ ശ്രമിക്കുന്നു. എന്നാൽ അയാൾ പെട്ടെന്ന് പിടിക്കപ്പെടുകയും മർദ്ദനത്തിനും അവഹേളനത്തിനും ഇരയാകുകയും ചെയ്യുന്നു. അവസാന ഷോട്ടുകളിൽ ഒരു കൂട്ടം ആളുകൾക്കിടയിലൂടെ നിറകണ്ണുകളോടെ നടന്നു നീങ്ങുന്ന അന്തോണിയോയെയും മകനെയും കാണിക്കുന്നു.

ഒരു നിയോ റിയലിസ്റ്റിക് സിനിമ ആയതുകൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമയായിരുന്നു ഇത്. ലോക സിനിമയിൽ ജർമ്മൻ എക്സ്പ്രഷനിസവും, ഫ്രഞ്ച് മൊണ്ടാഷും തങ്ങളുടെ സംഭാവനകൾ അറിയിച്ചപ്പോൾ അതിൽ നിന്നും വ്യത്യസ്‍തമായി സാമൂഹിക യാഥാർത്ഥ്യങ്ങളെ പുറത്തുകൊണ്ടുവരാൻ ശ്രമിച്ചത് നിയോ റിയലിസമാണ്. ലളിതമായ അവതരണം, ഹാൻഡ്‌ ഹെൽഡ് ക്യാമറകൾ, ഒട്ടും പ്രൊഫഷണലല്ലാത്ത അഭിനേതാക്കൾ എല്ലാം ഇതിന്റെ പ്രത്യേകതകളാണ്. ഈ സിനിമയിൽ അന്റോണിയോയായി അഭിനയിച്ച ലാംബെർട്ടോ ഒരു ഫാക്റ്ററി തൊഴിലാളിയായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

ആദ്യമായി വലിയ സെറ്റുകളിൽ നിന്നും ജീവിതങ്ങളിൽ നിന്നും ഇറങ്ങി തെരുവുകളിലേക്കും അവിടുത്തെ ജീവിതങ്ങളിലേക്കും സിനിമ ഇറങ്ങി ചെല്ലുകയായിരുന്നു നിയോ റിയലിസ്റ്റിക് എന്ന പ്രസ്ഥാനത്തിലൂടെ. യഥാർത്ഥ മനുഷ്യരുടെ ചിത്രീകരണം, തൻമയത്വമായ അഭിനയം തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള സിനിമയാണ് ബൈസിക്കിൾ തീവ്‌സ്‌.

രൂപകരുടെയും സം‌വിധായകരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രത്തിന് 1949ൽ അക്കാദമി ഹോണററി പുരസ്കാരം ലഭിച്ചിട്ടുണ്ട്. 1952-ൽ സൈറ്റ് & സൗണ്ട്സ് എന്ന മാസിക ചലച്ചിത്ര നിർമ്മാതാക്കളുടെയും നിരൂപകരുടെയും ഇടയിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിലൂടെ എക്കാലത്തെയും മികച്ച ചിത്രമായും ഈ ചലച്ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2002-ൽ ചലച്ചിത്ര പ്രവർത്തകരുടെ ഇടയിൽ നടത്തിയ മറ്റൊരു അഭിപ്രായ വോട്ടെടുപ്പിൽ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ആറാമത്തേതായും സിനിമ തിരഞ്ഞെടുക്കപ്പെട്ടു.

ലോകസിനിമാ ചരിത്രത്തിൽ നിയോ റിയലിസത്തിന്റെ മുൻനിരയിൽ വരുന്ന വ്യക്തിയാണ് ദ ബൈസിക്കിൾ തീവ്‌സിന്റെ സംവിധായകനായ വിക്ടോറിയ ഡിസീക്ക. 1929 ൽ നിർമിച്ച റോസ് സ്കാർലെറ്റ് എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്റെ രംഗ പ്രവേശം. ഷൂ ഷൈൻ, ബൈസൈക്കിൾ തീവ്സ് എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തിൽ സ്ഥാനം നേടി. യെസ്റ്റെർഡെ ടുഡെ ടുമാറോ, ടു വുമൻ, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങൾ ഡിസീക്കയുടെതായുണ്ട്. രണ്ടു ലോകമഹായുദ്ധങ്ങൾ ലോകത്തിനു സമ്മാനിച്ച ദുരിതങ്ങളിലേക്ക് ചലിച്ച ഡിസീക്കയുടെ മനസിൽ എത്തിയത് യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമണങ്ങളുമാണ്. ഇതാണ് ഷൂ ഷൈൻ, ബൈസൈക്കിൾ തീവ്സ് തുടങ്ങിയ ചിത്രങ്ങൾ ഒരുക്കാൻ അദ്ദേഹത്തിന് പ്രേരണയായത്.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്