നടൻ യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ എന്ന സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ഉയർത്തിയത്. ശ്മശാനത്തിൽ വച്ച് ഒരു കാറിനുള്ളിൽ നടക്കുന്ന ഇന്റിമേറ്റ് രംഗങ്ങളാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഇപ്പോഴിതാ യഷിന്റെ പഴയൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
കന്നഡ നടൻ രമേഷ് അരവിന്ദ് അവതാരകനായ ‘വീക്കെൻഡ് വിത്ത് രമേഷ്’ എന്ന ടോക്ക് ഷോയിൽ യഷ് പങ്കെടുത്തപ്പോൾ താരം പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ‘എന്റെ അച്ഛനമ്മമാർക്കൊപ്പം ഇരുന്ന് കാണാൻ ബുദ്ധിമുട്ടുള്ള ഒരു സിനിമാ രംഗവും ഞാൻ സിനിമയിൽ ചെയ്യില്ല’ എന്നാണ് യഷ് പറയുന്നത്. നടന്റെ പഴയ നിലപാടും ടോക്സികിന്റെ ടീസറിലെ രംഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് ചർച്ചകൾക്ക് കാരണമായിരിക്കുന്നത്.
എന്നാൽ ഒരു വിഭാഗം വിമർശനങ്ങൾ ഉയർത്തുമ്പോൾ മറ്റൊരു വിഭാഗം യഷിനെ പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്. കാലത്തിനനുസരിച്ച് മനുഷ്യരുടെ കാഴ്ചപ്പാടുകൾ മാറുമെന്നും, 15 വർഷം മുൻപുള്ള അഭിപ്രായമല്ല ഇപ്പോൾ വേണ്ടതെന്നുമാണ് ഇവർ പറയുന്നത്. വെറും അഭിനയത്തിന്റെ പേരിൽ ഒരാളെ മാറ്റിനിർത്തുന്നത് ശരിയല്ലെന്നും ഇത് നിയമവിരുദ്ധമോ പാപമോ അല്ലെന്നുമാണ് മറ്റു ചിലർ പറയുന്നത്.