കമല്‍ ഹാസന്റെ വിവാദ പ്രസ്താവനയെ താന്‍ പിന്തുണയ്ക്കുന്നില്ലെന്ന് നടന്‍ ശിവ രാജ്കുമാര്‍. നടന്‍ അടക്കമുള്ള വേദിയില്‍ വച്ചായിരുന്നു കമല്‍ ഹാസന്‍ കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന പ്രസ്താവന നടത്തിയത്. വേദിയില്‍ ഇരുന്ന് ശിവ രാജ്കുമാര്‍ കൈയ്യടിക്കുന്ന വീഡിയോയും പുറത്തെത്തിയിരുന്നു.
എന്നാല്‍ താന്‍ കൈയ്യടിച്ചത് കന്നഡ ഭാഷയെ കുറിച്ച് പറഞ്ഞത് കേട്ടിട്ടല്ല എന്നാണ് ശിവ രാജ്കുമാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ‘ആ പരിപാടിയില്‍ എന്താണ് നടന്നതെന്ന് പോലും ആ സമയത്ത് മനസിലായിരുന്നില്ല. ഞാന്‍ കൈയ്യടിച്ചത്, അദ്ദേഹം എന്റെ ചിറ്റപ്പന്റെ സ്ഥാനത്താണ് എന്ന് പറഞ്ഞപ്പോഴാണ്.”
”പക്ഷെ ഇപ്പോള്‍ എല്ലായിടത്തും കാണിക്കുന്ന വീഡിയോ ക്ലിപ്പുകളില്‍ അദ്ദേഹം കന്നഡ ഭാഷയെ കുറിച്ച് നടത്തിയ പ്രസ്താവനക്ക് ഞാന്‍ കൈയ്യടിച്ചതായാണ് കാണിക്കുന്നത്. അത് തെറ്റാണ്. എല്ലാ ഭാഷകളെയും കാണുന്നത് പ്രാധാന്യത്തോടെയാണ്. എന്നാല്‍, എന്റെ മാതൃഭാഷ കന്നഡയ്ക്കായി ജീവന്‍ വരെ നല്‍കാന്‍ ഞാന്‍ തയ്യാറാണ്.”
”പക്ഷെ, കമല്‍ ഹാസന്‍ മാപ്പ് പറയണമെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹം ഒരു സീനിയര്‍ നടനാണ്. ഞാന്‍ അദ്ധേഹത്തിന്റെ ഏറ്റവും വലിയ ആരാധകനും” എന്നാണ് ശിവ രാജ്കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, ഭാഷാ വിവാദത്തില്‍ കമല്‍ ഹാസനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. താരത്തിന്റെ പുതിയ ചിത്രം ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ നിരോധിച്ചിരിക്കുകയാണ്.
മാത്രമല്ല കര്‍ണാടകയില്‍ കമല്‍ ഹാസന്റെ കോലം കത്തിച്ചും പ്രതിഷേധം നടക്കുന്നുണ്ട്. ഭാഷാ പരാമര്‍ശത്തില്‍ കര്‍ണാടക ഫിലിം ചേംബര്‍ കമലിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. താരം മാപ്പ് പറയാഞ്ഞതോടെയാണ് തഗ് ലൈഫ് കര്‍ണാടകയില്‍ നിരോധിച്ചത്. തെറ്റ് ചെയ്യാത്തതിനാല്‍ മാപ്പ് പറയില്ലെന്ന് കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. താരത്തിനെതിരെ ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു.