മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ വെളളാനകളുടെ നാട് മലയാളി പ്രേക്ഷകർ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്. 1988ൽ റിലീസ് ചെയ്ത സിനിമ തിയേറ്ററുകളിൽ ഹിറ്റായി മാറിയ ചിത്രമാണ്. ശ്രീനിവാസന്റെ തിരക്കഥയിലാണ് പ്രിയദർശൻ ഈ ചിത്രമൊരുക്കിയത്. വെളളാനകളുടെ നാട് പിന്നീട് ബോളിവുഡിലേക്കും റീമേക്ക് ചെയ്തു. ഖട്ട മീട്ടാ എന്ന പേരിൽ പുറത്തിറങ്ങിയ സിനിമ പ്രിയദർശൻ തന്നെയാണ് അക്ഷയ് കുമാറിനെ നായകനാക്കി ഹിന്ദിയിൽ എടുത്തത്.
അതേസമയം വെളളാനകളുടെ നാട് ഹിന്ദി റീമേക്ക് കണ്ട് തനിക്ക് കരച്ചിൽ വന്നതായി പറയുകയാണ് മുൻ ഡിജിപി ഋഷിരാജ് സിങ്. ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്. ജീവിതവുമായി ചേർന്നുനിൽക്കുന്ന മറ്റൊരു ഭാഷാ സിനിമ മലയാളമല്ലാതെ ഇന്ത്യയിൽ മറ്റൊന്നില്ലെന്ന് ഋഷിരാജ് സിങ് അഭിപ്രായപ്പെട്ടു. “സത്യൻ അന്തിക്കാടിനെ പോലുള്ള സംവിധായകർ ജീവിതത്തിൽ ഒരുപാട് പ്രചോദനം നൽകിയിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ള സംവിധായകരാണ് മലയാളി മനസ്സിനെ കൂടുതൽ അടുത്തറിയാൻ പഠിപ്പിച്ചത്.
പല ഭാഷകളിലേക്കും റീമേക്ക് ചെയ്തിട്ടുള്ള മലയാള സിനിമകളൊക്കെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ മലയാള സിനിമയിൽ ഉൾക്കൊള്ളുന്ന സംസ്കാരവും ആഖ്യാന രീതിയും മറ്റൊരു ഭാഷയിലേക്കും റീമേക്ക് ചെയ്യാൻ യോജിച്ചതല്ല. ഉദാഹരണത്തിന് വെള്ളാനകളുടെ നാട് എന്ന ചലച്ചിത്രത്തിൻ്റെ റീമേക്കാണ് ഘട്ടാ മീട്ട. പക്ഷേ ഒറിജിനൽ വേർഷനോട് നീതിപുലർത്താൻ ആ സിനിമയ്ക്ക് ആയിട്ടില്ല. ആ സിനിമയുടെ റീമേക്ക് കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു”, ഋഷിരാജ് സിങ് പറഞ്ഞു.