വര്‍ഷങ്ങള്‍ക്ക് ശേഷം ‘കലണ്ടര്‍’ സിനിമയിലെ ‘ഓലിക്കര സോജപ്പനും’, ‘പച്ചവെള്ളം’ ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരുന്നു. 2009ല്‍ പുറത്തിറങ്ങിയ സിനിമ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞപ്പോള്‍, താനും സോജപ്പന്‍ ഫാന്‍ ആണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. സോജപ്പന്‍ ട്രോളുകളോട് പ്രതികരിച്ചാണ് പൃഥ്വിരാജ് സംസാരിച്ചത്.
താനും സോജപ്പന്‍ ഫാന്‍ ആണെന്നും തന്നെയും ആ അസോസിയേഷനിലേക്ക് ചേര്‍ക്കൂ എന്നാണ് പൃഥ്വി തമാശരൂപേണ പറഞ്ഞത്. ക്യൂ സ്റ്റുഡിയോ നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് നടന്റെ പ്രതികരണം. അതേസമയം, ‘പച്ചവെള്ളം ടച്ചിന് സോജപ്പന്‍’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പാട്ടിലെ പൃഥ്വിരാജിന്റെ പ്രകടനങ്ങളും കഥാപാത്രത്തിന്റെ ഭാവങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. ചിത്രത്തിലെ പല ഭാഗങ്ങളും നേരത്തേ തന്നെ ട്രോളുകളും മീമുകളുമായി വൈറലായിരുന്നു. പാട്ടിന്റെ വരികളും ട്രോളന്മാര്‍ ഏറ്റെടുത്തിട്ടുണ്ട്. അനില്‍ പനച്ചൂരാനാണ് രസകരമായ വരികള്‍ എഴുതിയിരിക്കുന്നത്. അഫ്സല്‍ യൂസഫ് സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്.
ബാബു ജനാര്‍ദനന്‍ എഴുതി മഹേഷ് സംവിധാനം ചെയ്ത ചിത്രമാണ് കലണ്ടര്‍. സജി നന്ത്യാട്ട് ആണ് ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജിന് പുറമേ നവ്യ നായര്‍, സെറീന വഹാബ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു എന്നിവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.