തന്റെ അടുത്ത വലിയ ചിത്രമായ മിറാഷിനായി ഒരുങ്ങുകയാണ് സംവിധായകൻ ജീത്തു ജോസഫ്. എന്നാൽ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ ‘ദൃശ്യം’ ചിത്രങ്ങളിലൂടെയാണ് ജീത്തു ജോസഫ് കൂടുതൽ അറിയപ്പെടുന്നത്. എന്നാൽ തന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതെന്ന അദ്ദേഹത്തിന്റെ മറുപടിയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
മിറാഷിന്റെ റിലീസിന് മുന്നോടിയായി 360 റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ രണ്ട് സിനിമകളിൽ ഏതാണ് ഇഷ്ടമെന്ന് ജീത്തു പറഞ്ഞത്. മോഹൻലാലിന്റെ ‘ദൃശ്യം’ എന്ന ചിത്രത്തിന് പകരം പൃഥ്വിരാജ് നായകനായ ‘മെമ്മറീസ്’ എന്ന ചിത്രമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. മെമ്മറീസിന് ഉള്ള ഫാൻ ബേസ് ദൃശ്യത്തിന് പോലുമില്ലെന്ന് ജീത്തുവിന്റെ ഒപ്പമിരുന്ന ആസിഫ് അലി പറഞ്ഞു. ഇതിന്റെ വീഡിയോയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
‘എന്റെ മക്കൾക്കും ദൃശ്യം ഇഷ്ടമാണ്. പക്ഷേ മെക്കിങ്ങും സ്ക്രിപ്റ്റിങ്ങും എല്ലാം മനോഹരമായി ചേർന്ന് വന്നൊരു സിനിമയാണ് മെമ്മറീസ്. ദൃശ്യം പൂർണമായും സ്ക്രിപ്റ്റ് ബേസ് ആണ്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ മെമ്മറീസ് ആണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്’ ജീത്തു പറഞ്ഞു.
അതേസമയം, ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മിറാഷ്. ആസിഫ് അലിയും അപർണ ബാലമുരളിയും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നു. സെപ്റ്റംബര്‍ 19ന് സിനിമ തിയേറ്ററുകളിലെത്തും.