രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി സിനിമക്കായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. ഓഗസ്റ്റ് 14നാണ് സൂപ്പർതാര ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. രജനി ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. അതേസമയം തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ ഫ്ളാഷ് ബാക്ക് ആയിരിക്കും കൂലിയിൽ ഉണ്ടാവുകയെന്ന് പറയുകയാണ് ലോകേഷ്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസുതുറന്നത്. ആക്ഷനോടൊപ്പം ഡ്രാമയും ഇമോഷനും കൂടിക്കലർന്ന സിനിമയാകും കൂലിയെന്ന് മുൻപ് ലോകേഷ് പറഞ്ഞിരുന്നു.
കൂലിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ഫ്ളാഷ് ബാക്ക് വിഷ്വൽ അല്ലെങ്കിൽ വോക്കൽ ആയിരിക്കും എന്നാണ് ലോകേഷ് പറയുന്നത്. കഥ ആവശ്യപ്പെടുന്നതനുസരിച്ച് കൂലിക്ക് വേണ്ടി പുതിയൊരു ഫ്ലാഷ്ബാക്കാണ് താൻ പരീക്ഷിച്ചതെന്ന് ലോകേഷ് പറയുന്നു. അത് തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ഇത് വിഷ്വൽ അല്ലെങ്കിൽ വോക്കൽ ആയിരിക്കും. റിലീസ് തീയതി സമ്മർദ്ദമില്ലാതെ ഞാൻ ആദ്യം പ്രവർത്തിച്ച സിനിമ കൂലി ആയിരുന്നുവെന്നും സംവിധായകൻ പറഞ്ഞു. കാരണം ഈ സിനിമയുടെ റിലീസ് ഓഗസ്റ്റ് 14 ന് എന്നത് തീരുമാനിച്ചത് ഞാനാണ്. കാരണം മറ്റു ചിത്രങ്ങളിൽ ഒരു റിലീസ് ഡേറ്റ് ആദ്യമേ കണ്ടെത്തിയിരിക്കും. അതിലേക്ക് എത്തിക്കാൻ ഞാൻ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. ഇതിൽ അതൊന്നും ഉണ്ടായിരുന്നില്ല, ലോകേഷ് വ്യക്തമാക്കി.
കൂലിയിൽ ദേവ എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുക. തലൈവർക്കൊപ്പം മലയാളികളുടെ പ്രിയ താരം സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. നാഗാർജുന, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ എന്നിവരാണ് മറ്റ് താരങ്ങൾ. ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നു. അനിരുദ്ധ് രവിചന്ദർ ആണ് പാട്ടുകൾ ഒരുക്കിയത്.