സൂപ്പർതാര ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിൽ തന്നെ മുൻനിരയിലേക്ക് ഉയർന്ന സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കിയുളള ലോകേഷിന്റെ എറ്റവും പുതിയ ചിത്രം കൂലിക്കായി വലിയ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. കൂലി റിലീസിന് തയ്യാറെടുക്കവേ താൻ നായകനാവുന്ന പുതിയ സിനിമയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ലോകേഷ് കനകരാജ്. ക്യാപ്റ്റൻ മില്ലർ എന്ന ധനുഷ് ചിത്രമൊരുക്കിയ അരുൺ മാതേശ്വരനാണ് സിനിമ സംവിധാനം ചെയ്യുന്നത്. നേരത്തെ ഇതേകുറിച്ച് നിരവധി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നെങ്കിലും ഇപ്പോഴാണ് ലോകേഷ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.
റാം സാറിന്റെ പിറന്നാൾ പാർട്ടിക്കിടെയാണ് അരുൺ തന്നോട് അഭിനയിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചതെന്ന് ലോകേഷ് പറയുന്നു. അന്ന് താല്പര്യമുണ്ടോ എന്ന് എനിക്കറിയില്ല, പക്ഷേ ഒരു ആക്ഷൻ സിനിമ പരീക്ഷിച്ചു നോക്കാൻ ആഗ്രഹമുണ്ടെന്ന് താൻ മറുപടി നൽകി. ആ സമയത്ത് അരുൺ ധനുഷ് സാറിനൊപ്പം ഇളയരാജ സാറിന്റെ ബയോപിക്കിൻറെ ജോലികളിലായിരുന്നു. ചില കാരണങ്ങളാൽ ആ പ്രോജക്റ്റ് വൈകുന്നുണ്ടായിരുന്നു.
കൈതി 2 അനൗൺസ് ചെയ്യുന്നതിനും ഏകദേശം എട്ട് മാസം മുൻപാണ് അഭിനയിക്കാൻ തീരുമാനിച്ചത്. അപ്പോൾ, ഞാൻ അരുണിനെ വിളിച്ചു, അദ്ദേഹം കഥ പറഞ്ഞു. ഞങ്ങൾ ഒരു ടെസ്റ്റ് ലുക്ക് നടത്തി, അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു, ഒരഭിമുഖത്തിൽ ലോകേഷ് വെളിപ്പെടുത്തി.
ഗാങ്‌സ്റ്റർ ചിത്രമാണ് ഇതെന്നും സിനിമയ്ക്കായി താൻ താടിയും മീശയും വളർത്തുകയാണെന്നും ഭാരം കുറയ്ക്കുന്നതായും ലോകേഷ് കൂട്ടിച്ചേർത്തു. നേരത്തെ മ്യൂസിക്ക് വീഡിയോയിലൂടെയും തന്റെ തന്നെ സിനിമകളിലൂടെയും ലോകേഷ് കനകരാജ് ക്യാമറയ്ക്ക് മുൻപിലെത്തിയിരുന്നു.