അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ അനുയായികൾ തന്നെ മർദ്ദിച്ചെന്ന വെളിപ്പെടുത്തൽ നടത്തി സൂപ്പർസ്റ്റാർ രജനികാന്ത്. നടൻ ഭാഗ്യരാജ് സിനിമയിൽ 50 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട സംഘടിപ്പിച്ച ചടങ്ങിലാണ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1995ലാണ് ആക്രമണമെന്നും അന്ന് അവർ തന്റെ തലയിൽ അടിക്കുകയും തെറി പറയുകയും ചെയ്തുവെന്നും രജനീകാന്ത് പറയുന്നു.
ശിവാജി ഗണേശന് ഷെവലിയാർ പുരസ്കാരം ലഭിച്ചതിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ജയലളിതയോടുള്ള തന്റെ രാഷ്ട്രീയപരമായ എതിർപ്പ് താൻ വാക്കുകളിൽ പ്രകടിപ്പിച്ചതായിരുന്നു മർദ്ദനത്തിന് കാരണമെന്നും രജനികാന്ത് വെളിപ്പെടുത്തി. ആ സംഭവത്തിൽ നിന്നും തന്നെ രക്ഷിച്ചത് അന്ന് ഇതിനെല്ലാം സാക്ഷിയായിരുന്ന ഭാഗ്യരാജായിരുന്നു എന്നും രജനികാന്ത് പറഞ്ഞു. ഞെട്ടലോടെയാണ് വേദിയിലിരുന്നവരെല്ലാം രജനികാന്തിന്റെ ഈ വെളിപ്പെടുത്തൽ കേട്ടിരുന്നത്.
രജനീകാന്തിന്റെ വാക്കുകൾ
‘കോപത്തിന് ആയുസ്സ് കുറവെങ്കിലും, അതുമൂലം പറയുന്ന വാക്കുകൾക്ക് ആയുസ് കൂടുതലാണ്. ഞാൻ അന്ന് പ്രസംഗിച്ചത് സിഎമ്മിന് വല്ലാതെ അഫ്ഫക്റ്റ് ചെയ്തു. വേദി വിട്ട് വെളിയിൽ ഇറങ്ങിയപ്പോൾ AIDMK പാർട്ടിക്കാരുടെ ഒരു 4 ഓപ്പൺ ജീപ്പ് വന്നു എന്റെ മുന്നിൽ നിർത്തി. ചുറ്റും അവരുടെ പാർട്ടിക്കാരും. എന്നോട് ജീപ്പിൽ കയറാൻ പറഞ്ഞു, കൂടെയുള്ള ചിലർ വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ അതിൽ കയറി. എന്നെ അതിൽ കയറ്റി ഗ്രൗണ്ട് വഴി ഇവർ ജീപ്പ് ഇട്ട് കറക്കി കൊണ്ടിരിക്കുന്നു. പോകുന്ന വഴിയെല്ലാം എന്റെ തലയിൽ അടിക്കുകയും തെറി പറയുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതെല്ലാം കണ്ട് കൊണ്ട് ഒരു പൊലീസ് ഓഫീസർ അവിടെ നിൽപ്പുണ്ട്. പക്ഷേ അദ്ദേഹത്തിന് ഇടപെടണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും CM ന്റെ ആളുകൾ അയാൾക്ക് ഭയമായതിനാൽ ഒന്നും ചെയ്തില്ല. അപ്പോഴാണ് ഭാഗ്യരാജ് ഇത് കാണുന്നത്, അദ്ദേഹം പൊലീസ് ഓഫിസറോട് ചെന്ന് അത് നിർത്താൻ പറഞ്ഞു. ഫിലിം ഇൻഡസ്ട്രി മുഴുവൻ ഇളകുകയും, മീഡിയയെ അറിയിക്കും എന്നൊക്കെ പറഞ്ഞപ്പോഴാണ് പൊലീസ് ഓഫീസർ അവരെയൊക്കെ വിരട്ടിച്ച് എന്നെ ജീപ്പിൽ നിന്ന് ഇറക്കുന്നത്. ഭാഗ്യരാജ് എനിക്കൊരു വണ്ടി അറേഞ്ച് ചെയ്ത് തരികയും, വീട്ടിൽ ചെന്നിട്ട് ഉറപ്പായും ഫോൺ ചെയ്യണം എന്നും പറഞ്ഞിട്ട് എനിക്ക് ധൈര്യം തന്നു’വെന്നും രജനീകാന്ത് പറഞ്ഞു.