സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തുടക്കമിച്ച ചര്‍ച്ചയില്‍ പങ്കാളിയായി സംവിധായകനും നടനുമായ ജൂഡ് ആന്തണി ജോസഫ്.
കടുത്ത ചൂടുള്ള ഏപ്രിലില്‍ വേനലവധിയും ജൂലൈയില്‍ മഴയ്ക്കുള്ള അവധിയും നല്‍കണമെന്നാണ് ജൂഡിന്റെ അഭിപ്രായം. ഫെയ്‌സ്ബുക്കിലാണ് ജൂഡ് ഇക്കാര്യം പങ്കുവച്ചത്. കഴിയുമെങ്കിൽ മേയിലും ജൂണിലും ഓണ്‍ലൈനായി ക്ലാസ് നടത്തണമെന്നും ജൂഡ് കുറിപ്പിൽ പറഞ്ഞു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
പൊതു ജനാഭിപ്രായം ചോദിച്ചത് കൊണ്ട് പറയുവാ. വേനലവധി കടുത്ത ചൂടുള്ള ഏപ്രിൽ ഒരു മാസം കൊടുക്കുക. കനത്ത മഴയുള്ള ജൂലൈ മഴക്കുള്ള അവധിയും കൊടുക്കുക. മേയും ജൂണും പറ്റിയാൽ ഓൺലൈൻ ക്ലാസ്സ് ആക്കുക.
മണ്‍സൂണ്‍ കാലയളവായ ജൂണ്‍, ജൂലായ് മാസങ്ങളില്‍ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകള്‍ക്ക് അവധി നല്‍കേണ്ടി വരികയും പഠനം തടസ്സപ്പെടുകയും ചെയ്യാറുള്ളതിനാൽ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മെയ് മാസങ്ങളില്‍ നിന്ന് മാറ്റി, കനത്ത മഴയുള്ള ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഒരു പൊതു ചര്‍ച്ചയ്ക്ക് തുടക്കം കുറിക്കുകയാണെന്നാണ് വി. ശിവന്‍കുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചത്.