ഒരു സ്ത്രീയുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് പ്രസ് മീറ്റില്‍ നടന്നതെന്ന് നടി ഗൗരി കിഷന്‍. ‘അദേഴ്‌സ്’ എന്ന തമിഴ് ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ തന്റെ ശരീരഭാരത്തെ കുറിച്ച് ചോദ്യമുയര്‍ത്തിയ യൂട്യൂബറിന് തക്ക മറുപടി ഗൗരി നല്‍കിയിരുന്നു. ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ എങ്ങനെ തകര്‍ക്കാം എന്ന രീതിയില്‍ കരുതിക്കൂട്ടിയുള്ള പരാമര്‍ശം ആ വ്യക്തി നടത്തിയത് എന്നാണ് മനോരമ ന്യൂസിനോട് ഗൗരി പ്രതികരിച്ചിരിക്കുന്നത്.
സിനിമയെ കുറിച്ചല്ല വ്യക്തിപരമായ കമന്റ് ആണ് അയാള്‍ പറഞ്ഞത്. പെട്ടെന്ന് ഒന്നും പറയാന്‍ കഴിയാതെ താന്‍ വിറങ്ങലിച്ചു പോയിരുന്നു. ഒരു സ്ത്രീ എന്ന് പറയുമ്പോള്‍ ഇതൊക്കെ കേട്ടിരിക്കണം എന്നാണോ. അമ്പതോളം പുരുഷന്മാര്‍ ഇരിക്കുന്ന മുറിയില്‍ തനിക്ക് വേണ്ടി താന്‍ മാത്രം സംസാരിക്കുന്ന ഒരു അവസ്ഥ വന്നു.
നമുക്ക് വേണ്ടി നില്‍ക്കാന്‍ നമുക്ക് ശക്തിയുണ്ട്, പക്ഷേ ഒരു മോറല്‍ സപ്പോര്‍ട്ട് എന്ന നിലയില്‍ പോലും കൂടെ നില്‍ക്കാന്‍ ആരുമില്ല എന്നതിന് തെളിവാണ് ഇന്നലെ നടന്നത്. അയാള്‍ തമാശ ആയിട്ടാണോ അതോ ഒട്ടും യാഥാര്‍ഥ്യമല്ലാത്ത ഒരു ബ്യൂട്ടി സ്റ്റാന്‍ഡേര്‍ഡ് വച്ചാണോ പറഞ്ഞതെന്ന് അറിയില്ല. നമ്മുടെ ശരീരം എങ്ങനെ ഇരിക്കണം എന്നുള്ളത് നമ്മുടെ ചോയ്സ് ആണ്.
അത് സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല സമൂഹത്തില്‍ ആരായാലും അങ്ങനെ ആണ്. മര്യാദ ഇല്ലാതെ സംസാരിച്ചതിന് നിങ്ങള്‍ മാപ്പ് പറയണം എന്നാണ് അയാള്‍ പറഞ്ഞത്. ഇത്രയും ബഹുമാനമില്ലാതെ ഒരു ചോദ്യം ചോദിക്കുകയും നിങ്ങള്‍ പറഞ്ഞതാണ് ശരിയെന്ന് പറയുകയും ചെയ്ത നിങ്ങള്‍ ആണ് മാപ്പ് പറയേണ്ടതെന്ന് ശക്തമായി പറഞ്ഞു. ബബ്ലി ആണ്, ക്യൂട്ട് ആണ് എന്നൊക്കെ ആണ് ഉദ്ദേശിച്ചതെന്ന് ന്യായീകരിച്ചു.
പക്ഷേ അതൊരു നല്ല കമന്റായി തോന്നിയില്ല. ഒരു സ്ത്രീയുടെ ശബ്ദം അടിച്ചമര്‍ത്താനുള്ള പരിപൂര്‍ണ ശ്രമമാണ് ഇന്നലെ നടന്നത്. വിഷമം വരുമ്പോള്‍ കരയുന്ന ശീലം തനിക്കുണ്ട് ഇന്നലെയും കരച്ചില്‍ വരുന്നുണ്ടായിരുന്നു. പക്ഷേ കരയാതെ തനിക്ക് വേണ്ടി ശക്തമായി നില്‍ക്കാന്‍ കഴിഞ്ഞതിന് ദൈവത്തോട് നന്ദി പറയുന്നു. തനിക്ക് ദേഷ്യം വന്നു, പ്രതികരിച്ചതിന് ശേഷവും അയാള്‍ ആക്രമിക്കുന്നത് തുടര്‍ന്നു കൊണ്ടിരുന്നു.
വാക്കുകളിലൂടെ അധിക്ഷേപിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ഒരു പ്രവൃത്തിയാണ് അവിടെ നടന്നത്. താന്‍ ചെയ്തത് തെറ്റാണോ എന്നാണ് ഓര്‍ത്തത്. പക്ഷേ ഇന്‍ഡസ്ട്രിയില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒരു പിന്തുണ ലഭിച്ചതിന് ശേഷമാണ് താന്‍ ചെയ്തത് ശരിയാണ് എന്ന് തനിക്ക് മനസിലായത് എന്നാണ് ഗൗരി പറയുന്നത്.