മലയാളത്തിൽ ഇന്ന് നടൻ എന്നതിലുപരി നിർമ്മാതാവായും, സംവിധായകനായും, ഫിലിം ഡിസ്ട്രിബ്യൂട്ടറായും കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ. 2002-ൽ രഞ്ജിത് സംവിധാനം ചെയ്ത ‘നന്ദനം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച പൃഥ്വിരാജ് സുകുമാരൻ ഇന്ന് എത്തിനിൽക്കുന്നത് വളരെ ഉയരങ്ങളിലാണ്. ഇപ്പോഴിതാ താൻ സിനിമ ചെയ്യുന്നത് പ്രേക്ഷകർക്ക് വേണ്ടിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ.
ഷാർജയിൽ നടന്ന ഓണ മാമാങ്കം പരിപാടിയിലാണ് താരത്തിന്റെ ഈ വാക്കുകൾ. താൻ സിനിമ ചെയ്യുന്നത് ഏതെങ്കിലും ജൂറിയിലുള്ള 10 പേർക്ക് കണ്ട് മാർക്കിടാനല്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. മറിച്ച് പ്രേക്ഷകർക്ക് വേണ്ടിയാണ്. അല്ലെങ്കിൽ ഏതെങ്കിലുമൊരു ഇന്റർനാഷണൽ ഫെസ്റ്റിവലിൽ അത് പ്രദർശിപ്പിക്കുകയോ അല്ല പ്രധാന ഉദ്ദേശം.
എല്ലാം നല്ലത് തന്നെയാണ് അതിനൊക്കെ അതിന്റെതായ ഗുണങ്ങളുണ്ട്, ഇല്ലെന്നു ഞാൻ പറയില്ല. പക്ഷെ എന്നാലും അടിസ്ഥാനപരമായി സിനിമ ചെയ്യുന്നത് നിങ്ങളെ ഉദ്ദേശിച്ചായതിനാൽ, ആടുജീവിതം എന്ന സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും പുരസ്കാരം നിങ്ങൾ ഇതിനകം തന്നു കഴിഞ്ഞു എന്നും പൃഥ്വിരാജ് സുകുമാരൻ പറയുന്നു.