ഫഹദ് ഫാസിൽ- അമൽ നീരദ് കൂട്ടുകെട്ടിൽ ഇറങ്ങിയ രണ്ട് സിനിമകളും മലയാളി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇയ്യോബിന്റെ പുസ്തകം, വരത്തൻ എന്നീ രണ്ട് ചിത്രങ്ങളും മികച്ച സിനിമാനുഭവമാണ് ചലച്ചിത്രപ്രേമികൾക്ക് നൽകിയത്. ഫഹദിന്റെ മറ്റ് രണ്ട് സിനിമകളിൽ ഛായാഗ്രാഹകനായും അമൽ നീരദ് പ്രവർത്തിച്ചിരുന്നു. ആന്തോളജി ചിത്രം അഞ്ച് സുന്ദരികളിലെ ആമി, ട്രാൻസ് എന്നീ അൻവർ റഷീദ്-ഫഹദ് ചിത്രങ്ങളുടെ സിനിമാട്ടോഗ്രഫിയാണ് അമൽ നീരദ് നിർവ്വഹിച്ചത്.
അമലിനൊപ്പം ഇനി ചെയ്യണമെന്ന് ആഗ്രഹമുളള ഒരു സിനിമയെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഫഹദ്. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ സംസാരിച്ചത്. തീർച്ചയായും കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങൾ ഏതൊക്കെയെന്ന ചോദ്യത്തിന് ഉത്തരം പറയവെയാണ് ഒരു മലയാള ചിത്രം റീമേക്ക് ചെയ്യാനുള്ള തൻറെ ആഗ്രഹത്തെക്കുറിച്ച് ഫഹദ് പറഞ്ഞത്. മോഹൻലാൽ-പദ്മരാജൻ കൂട്ടുകെട്ടിൽ മലയാളത്തിൽ പുറത്തിറങ്ങിയ സീസൺ എന്ന ചിത്രം റീമേക്ക് ചെയ്യണമെന്നുളള ആഗ്രഹമാണ് നടൻ പ്രകടിപ്പിച്ചത്.
താൻ ഇതിനായി അമൽ നീരദിനോട് ഏറെക്കാലമായി ആവശ്യപ്പെടുകയാണെന്നും ഫഹദ് പറഞ്ഞു. കോവളം പശ്ചാത്തലമാക്കി ആക്ഷൻ ത്രില്ലറായി പദ്മരാജൻ അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു സീസൺ. മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ വ്യത്യസ്തതയുള്ള സിനിമകളുടെ ലിസ്റ്റിൽപെടുന്ന ചിത്രം കൂടിയാണ് സീസൺ.
ഫഹദ് ഫാസിൽ പറഞ്ഞ ആ അഞ്ച് ചിത്രങ്ങൾ
1. മിലി (അമിതാഭ് ബച്ചന്റെ 1975 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം)
2. ജോണി (രജനികാന്ത് നായകനായി 1980ൽ റിലീസ് ചെയ്ത സിനിമ)
3. സീസൺ (മോഹൻലാൽ- പത്മരാജൻചിത്രം, 1989)
4. മലേന (ഇറ്റാലിയൻ സംവിധായകൻ ജുസെപ്പെ തൊർണത്തോറെ ഒരുക്കിയ ചിത്രം, 2000)
5. ഇൽ പോസ്റ്റിനോ: ദി പോസ്റ്റ്മാൻ (മൈക്കൾ റാഡ്ഫോർഡ് സംവിധാനം ചെയ്ത ചിത്രം, 1994)