മമ്മൂട്ടി-ദുല്‍ഖര്‍ കോമ്പോ ഇനി ‘ലോക’യില്‍ കാണാം. ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് മുതല്‍ പിതാവ് മമ്മൂട്ടിക്കൊപ്പമുള്ള സിനിമ എന്ന് വരുമെന്ന ചോദ്യം താരം നേരിടാറുണ്ട്. മിക്ക അഭിമുഖങ്ങളിലും ഉടന്‍ ഉണ്ടാകും എന്ന മറുപടിയാണ് ദുല്‍ഖര്‍ നല്‍കാറുള്ളത്. ഇപ്പോഴിതാ അത് സാധ്യമാകുകയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ദുല്‍ഖര്‍. ലോകയിലെ വരും ഭാഗങ്ങളില്‍ വാപ്പിച്ചി ഉണ്ടാകും എന്നാണ് നടന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ലോകയിലെ അടുത്ത ഭാഗങ്ങളില്‍ കാമിയോ റോളില്‍ ദുല്‍ഖറും മമ്മൂട്ടിയും ഒരുമിച്ച് വരാന്‍ ചാന്‍സ് ഉണ്ടോ? എന്ന ചോദ്യത്തിനാണ് ദുല്‍ഖര്‍ മറുപടി നല്‍കിയത്. ‘തീര്‍ച്ചയായും അത്തരത്തില്‍ പ്ലാനുകളുണ്ട്’ എന്നാണ് ദുല്‍ഖറിന്റെ മറുപടി. ”ലോകയിലെ കാമിയോ തന്നെ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു സമ്മതിപ്പിച്ച് എടുത്തതാണ്” എന്നും ദുല്‍ഖര്‍ പറഞ്ഞു.
”14 വര്‍ഷമായി ഞാന്‍ സിനിമയില്‍ അഭിനയിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹം അതിന് ഓക്കെ പറയുകയാണെങ്കില്‍ ഒരു മകന്‍ എന്നതിനേക്കാള്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ അത് ഞാന്‍ അധ്വാനിച്ച് നേടിയതാണ്. ഒരു സിനിമയുടെ കഥയും ആ സിനിമയുടെ ടെക്നിക്കല്‍ ടീമും എല്ലാം നോക്കി മാത്രമേ അദ്ദേഹം ഓക്കെ പറയൂ. പക്ഷെ അദ്ദേഹം എന്നും ഒരു സപ്പോര്‍ട്ട് ആയിട്ട് കൂടെ ഉണ്ടാകും” എന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’യില്‍ മൂത്തോന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയിരുന്നു. ഒരു ഡയലോഗ് മാത്രമുണ്ടായിരുന്ന കാമിയോ റോള്‍ ആയിരുന്നു മൂത്തോന്റേത്. കഥാപാത്രത്തിന്റെ കൈ മാത്രമാണ് കാണിച്ചത്. അതേസമയം, ഓഗസ്റ്റ് 28ന് തിയേറ്ററുകളില്‍ എത്തിയ ലോക, 75-ാം ദിനത്തിലും തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.
സിനിമ ഒടിടിയിലും സ്ട്രീമിങ് തുടരുന്നുണ്ട്. ഡൊമിനിക് അരുണ്‍ ആണ് തിരക്കഥയും സംവിധാനവും. ‘ലോക: ചാപ്റ്റര്‍’ ആണ് ഇനി വരാനിരിക്കുന്നത്. ഈ ചിത്രത്തില്‍ ടൊവിനോ ആണ് നായകനായി എത്തുക. ചാത്തന്‍ എന്ന കാമിയോ റോളിലാണ് ചാപ്റ്റര്‍ വണ്ണില്‍ ടൊവിനോ എത്തിയത്. ചാത്തന്റെ കഥയാണ് ചാപ്റ്റര്‍ 2 പറയുക.