ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഇറങ്ങിയ മഹേഷിന്റെ പ്രതികാരം മലയാളി പ്രേക്ഷകർ ഇന്നും ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ്. സിനിമയിലെ കഥാപാത്രങ്ങളും രംഗങ്ങളുമെല്ലാം തന്നെ എല്ലാവരുടെയും മനസിൽ പതിഞ്ഞിരുന്നു. ചിത്രത്തിൽ സൗബിൻ ഷാഹിറിന്റെ ക്രിസ്പിനും ലിജോ മോളുടെ സോണിയയും ഒരുമിച്ചുളള സീനിൽ മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് പറയുന്ന രംഗമുണ്ട്. ഈ സീൻ ഉണ്ടായതിനെ കുറിച്ച് ഒരഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ.
സിനിമയുടെ തിരക്കഥാകൃത്തായ ശ്യാം പുഷ്കരൻ ഒരു ബാർബർ ഷോപ്പിൽ കേട്ട രണ്ടുപേർ തമ്മിലുളള സംഭാഷണം അതേ പോലെ തന്നെ മഹേഷിന്റെ പ്രതികാരത്തിൽ ഉപയോഗിക്കുകയായിരുന്നുവെന്ന് ദിലീഷ് പോത്തൻ പറഞ്ഞു. മമ്മൂട്ടി-മോഹൻലാൽ ആരാധകർ തമ്മിലുളള സംഭാഷണം മറ്റ് കൂട്ടിച്ചേർക്കലുകൾ ഒന്നുമില്ലാതെ ചിത്രത്തിൽ ഉപയോഗിക്കുകയായിരുന്നു. ബാർബർ ഷോപ്പിലെ ജീവനക്കാരനും മുടിവെട്ടാൻ വന്ന ആളും തമ്മിലുളള സംഭാഷണമായിരുന്നു ഇതെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു.
മഹേഷിന്റെ പ്രതികാരത്തിൽ ലിജോ മോൾ അവതരിപ്പിച്ച സോണിയ ട്വൻറി 20 സിനിമ കാണുന്ന സമയത്താണ് സൗബിന്റെ ക്രിസ്പിൻ വീട്ടിലേക്ക് വരുന്നത്. ഈ സമയമാണ് മമ്മൂട്ടിയേയും മോഹൻലാലിനെയും കുറിച്ച് ഇവർ സംസാരിക്കുന്നത്.
ക്രിസ്പിൻ : ലാലേട്ടൻ ഫാനാ,
സോണിയ: അല്ല മമ്മൂക്ക,
ക്രിസ്പിൻ: ഞാൻ ലാലേട്ടൻ ഫാനാ, മമ്മൂക്ക പിന്നെ എന്നാ റോള് വേണേലും ചെയ്യും. തെങ്ങുകയറ്റക്കാരൻ, ചായക്കടക്കാരൻ, പൊട്ടൻ, മന്ദബുദ്ധി, എന്നാൽ ലാലേട്ടൻ- നായർ, മേനോൻ ഇത് വിട്ടൊരു കളിയില്ല, ടോപ് ക്ലാസ് ഓൺലി, ഇതായിരുന്നു മഹേഷിന്റെ പ്രതികാരത്തിലെ ആ രംഗം.