അയോധ്യയിൽ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിലെ മഹാപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ട സിനിമാ താരങ്ങളും മറ്റ് സെലിബ്രിറ്റികളും ക്ഷേത്രനഗരിയിൽ എത്തിതുടങ്ങി. ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ നാനാ ഭാഗത്തു നിന്നുമാണ് ആളുകൾ വന്നുകൊണ്ടിരിക്കുന്നത്.
അമിതാഭ് ബച്ചൻ, രജനികാന്ത്, അഭിഷേക് ബച്ചൻ, അനുപം ഖേർ, വിവേക് ഒബ്‌റോയ്, രൺബീർ കപൂർ, വൈകി കൗശൽ, ജാക്കി ഷ്‌റോഫ്, ആയുഷ്മാൻ ഖുറാന, പവൻ കല്യാൺ, ഷെഫാലി ഷാ, ജാക്കി ഷ്‌റോഫ്, മാധുരി ദീക്ഷിത്, ഭർത്താവ് ശ്രീറാം മാധവ് നൈനെ, ആലിയ ഭട്ട്, കത്രീന കൈഫ് തുടങ്ങിയ വമ്പൻ താരനിരയാണ് എത്തിച്ചേർന്നിരിക്കുന്നത്.
നടി കങ്കണ റണാവത്ത് കഴിഞ്ഞ ദിവസം തന്നെ അയോധ്യയിലെത്തിയിരുന്നു. അയോധ്യയിലെ ക്ഷേത്രത്തിൽ ശുചീകരണ യജ്ഞത്തിൽ പങ്കെടുത്ത കങ്കണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. അനുപം ഖേറും കഴിഞ്ഞ ദിവസം തന്നെ അയോധ്യയിൽ എത്തിയിരുന്നു.
‘എല്ലാ രാമഭക്തർക്കൊപ്പമാണ് ഞാൻ അയോധ്യയിൽ എത്തിയിരിക്കുന്നത്. വിമാനത്തിൽ ഭക്തിയുടെ അന്തരീക്ഷമുണ്ടായിരുന്നു. ഞങ്ങൾ അനുഗ്രഹീതരാണ്. നമ്മുടെ രാജ്യം അനുഗ്രഹീതമാണ്! ജയ് ശ്രീറാം!” എന്നായിരുന്നു താരം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാൺ പ്രതിഷ്ഠ ചടങ്ങിന് നേതൃത്വം നൽകുന്നത്. സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പേർട്ടുകൾ.