നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ അര്‍ച്ചന ഗൗതമിനെ ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് വച്ച് ആക്രമിച്ച സംഭവം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തനിക്ക് സംഭവിച്ച ദുരവസ്ഥയെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അര്‍ച്ചന ഇപ്പോള്‍. നടുറോഡില്‍ നടന്ന ബലാത്സംഗം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല എന്നാണ് അര്‍ച്ചന പറയുന്നത്.
പാര്‍ലമെന്റ് വനിതാ സംവരണ ബില്‍ പാസാക്കിയതിലെ സന്തോഷം പങ്കുവെയ്ക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയെയും ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയേയും കാണാന്‍ എത്തിയതായിരുന്നു അര്‍ച്ചന. എന്നാല്‍ മന്ദിരത്തിനകത്തേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് തടഞ്ഞ പ്രവര്‍ത്തകര്‍ നടിയുടെ പിതാവിനെ ഉള്‍പ്പെടെ മര്‍ദിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പാര്‍ട്ടി ഓഫീസിലേക്ക് പ്രവേശിക്കരുതെന്ന അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് അറിയില്ല എന്നാണ് അര്‍ച്ചന ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭവത്തില്‍ അര്‍ച്ചനയുടെ പിതാവിന് പരിക്കേറ്റിരുന്നു.
”റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളില്‍ ഞാന്‍ മുട്ടിക്കൊണ്ടിരുന്നു, അതിലൊന്നില്‍ ഒളിച്ചിരിക്കാമെന്ന പ്രതീക്ഷയില്‍. അവര്‍ എന്റെ മുടി വലിച്ചു. നടുറോഡില്‍ നടന്ന ബലാത്സംഗം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല. ഞാന്‍ അവരോട് കൂപ്പുകൈകളോടെ അപേക്ഷിച്ചു.”
”അച്ഛന് പരിക്കേറ്റു. അച്ഛന്‍ വല്ലാതെ പേടിച്ചു പോയി. എന്റെ ഡ്രൈവര്‍ക്ക് തലയിലാണ് അടിയേറ്റത്. ഇതൊരിക്കലും ശരിയായ നടപടിയല്ല. ഡല്‍ഹിയില്‍ ഞാന്‍ സുരക്ഷിതയല്ല. എല്ലാ സത്യങ്ങളും വിളിച്ചുപറയും” എന്നാണ് അര്‍ച്ചന ഗൗതം പ്രതികരിച്ചിരിക്കുന്നത്. 2022ല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അര്‍ച്ചന.