ബ്രേക്കപ്പ് ആയ സമയത്ത് അപരിചിതര്‍ക്കൊപ്പം യാത്ര പോയതിനെ കുറിച്ച് സംസാരിച്ച് നടി അനാര്‍ക്കലി മരക്കാര്‍. ‘ഉയരെ’ സിനിമ ഇറങ്ങിയ സമയത്താണ് താന്‍ ബ്രേക്കപ്പ് ആയത്, അന്ന് ഏതെങ്കിലും ഒരു വിദേശിയെ വിളിച്ച് വീട്ടില്‍ താമസിപ്പിച്ചാലോ എന്നു വരെ ചിന്തിച്ചിരുന്നു എന്നാണ് അനാര്‍ക്കലികൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
ഉയരെ ഇറങ്ങിയ സമയത്ത് ഞാന്‍ ബ്രേക്കപ്പായി, എന്താ ചെയ്യേണ്ടതെന്ന് അറിയാതെ നില്‍ക്കുകയാണ്. ഉമ്മ അന്ന് ദുബായിലാണ്. ഞാന്‍ അപ്പോള്‍ വാപ്പയുടെ കൂടെയാണ് താമസം. ഞാന്‍ ഒട്ടും ഓക്കെയല്ലാത്ത സമയമായിരുന്നു അത്. കൗച്ച് സര്‍ഫിംഗ് എന്നൊരു ആപ്പുണ്ട്. ഫോറിനേഴ്‌സിന് നാട്ടില്‍ വരുമ്പോള്‍ നമ്മുടെ കൂടെ താമസിക്കാനും, നമ്മള്‍ അവിടെ പോവുമ്പോള്‍ അവര്‍ക്കൊപ്പം താമസിക്കാനുമൊക്കെ സൗകര്യം ഒരുക്കുന്ന ആപ്പാണ്.
ഏതെങ്കിലും ഒരു ഫോറിനറെ വിളിച്ച് വീട്ടില്‍ താമസിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചിരുന്നു. ആ ആപ്പ് വഴിയൊരു ട്രാവല്‍ ഗ്രൂപ്പില്‍ ഞാനും കയറി. ഞാന്‍ നോക്കിയപ്പോള്‍ അവര്‍ കുറച്ചുപേര്‍ ഊട്ടിയ്ക്ക് അടുത്തെ കൂനൂര് പോവാന്‍ പ്ലാന്‍ ചെയ്യുകയാണ്. ആരൊക്കെയുണ്ട്, എത്ര പേരുണ്ട്, എത്ര പെണ്ണുങ്ങളുണ്ട് ഒന്നുമറിയില്ല. ഇവരുടെ കൂടെ യാത്ര പോയാലോ എന്ന് ആലോചിച്ചു. ഉമ്മയെ വിളിച്ചു കാര്യം പറഞ്ഞു.
ഉമ്മയ്ക്ക് അറിയാം ഞാന്‍ ബ്രേക്കപ്പ് ആയി നില്‍ക്കാണെന്ന്. ഉമ്മ സമ്മതിക്കുകയും ചെയ്തു. ഞാന്‍ ഒരു ട്രാവലറില്‍ അവര്‍ക്കൊപ്പം യാത്ര പോയി. മൊത്തം ആണുങ്ങള്‍, അധികവും 40- 50 പ്രായമുള്ളവര്‍. പക്ഷേ, അവരുമായി നന്നായി സിങ്കായി. പിന്നീട് അവര്‍ക്ക് മനസിലായി ഞാന്‍ ഉയരെയില്‍ അഭിനയിച്ച ആളാണെന്ന്. ഞങ്ങള്‍ തിരിച്ചുവരുന്ന സമയത്ത് എല്ലാവരും കൂടെ ഒരു തിയേറ്ററില്‍ കയറി ഉയരെ കണ്ടു.
ഞാന്‍ വരുന്ന സമയത്ത് പേപ്പറൊക്കെ ചുരുട്ടി എറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു അവര്‍. എനിക്കറിയാത്ത കുറേ ആളുകള്‍ എന്നെ ചൊല്ലി സന്തോഷിക്കുന്നത് ഞാന്‍ കണ്ടു. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. അതില്‍ രണ്ട്-മൂന്ന് പേരുമായി ഇപ്പോഴും ഞാന്‍ നല്ല സൗഹൃദത്തിലാണ് എന്നാണ് അനാര്‍ക്കലി പറയുന്നത്.