ബോളിവുഡിൽ യേ ജവാനി ഹേ ദിവാനി, സിന്ദഗി ന മിലേഗി ദൊബാര പോലുളള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് കൽക്കി കൊച്ലിൻ. സിനിമയിൽ എത്തുംമുൻപ് താൻ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ലണ്ടനിൽ പഠിക്കുന്ന സമയത്താണ് തനിക്ക് മോശം അനുഭവമുണ്ടായതെന്നാണ് കൽക്കി തുറന്നുപറഞ്ഞത്. കാൻ ചലച്ചിത്ര മേളയ്ക്കിടെയാണ് സംഭവം. അന്ന് നോക്കിയ ഫോണിന് വേണ്ടി പ്രൊമോ ഗേളായി ജോലി ചെയ്തിരുന്നു കൽക്കി.
അന്ന് താൻ നടിയായിട്ടില്ലെന്നും വിദ്യാർഥി മാത്രമാണെന്നും നടി പറയുന്നു. നോക്കിയ ഫോൺ വിൽക്കുന്ന പ്രൊമോ ഗേളായി ജോലി ചെയ്യുന്ന സമയമായിരുന്നു അത്. അന്ന് ഒരു ഇന്ത്യൻ നിർമാതാവ്, എന്റെ അമ്മയെ അറിയുന്ന ഒരാളുമായി അയാൾക്ക് അടുപ്പമുണ്ടായിരുന്നു, എന്നെ അയാൾ സിനിമയുടെ സ്‌ക്രീനിങിന് വിളിച്ചു. പിന്നീട് ഡിന്നറിനും ക്ഷണിച്ചു. സിനിമയിൽ ഒരു അവസരത്തെക്കുറിച്ച് താൻ ചോദിച്ചപ്പോൾ അതിന് അയാളുടെ കൂടെ സമയം ചെലവിടണമെന്നായിരുന്നു മറുപടി.
സിനിമയിൽ എത്തിയതിന് ശേഷമുണ്ടായ ഒരനുഭവവും നടി തുറന്നുപറഞ്ഞു. ഒരിക്കൽ ഞാനൊരു ഓഡിഷന് പോയ സമയത്ത്. നിനക്ക് ഈ സിനിമ ചെയ്യണമോ എന്ന് നിർമാതാവ് തന്നോട് ചോദിച്ചതായി കൽക്കി പറയുന്നു. അങ്ങനെ വേണമെങ്കിൽ എനിക്ക് നിന്നെ അടുത്തറിയണം, കാരണം ഇതൊരു വലിയ ലോഞ്ച് ആണ്. വരൂ, ഡിന്നറിന് പോകാം എന്ന് അയാൾ പറഞ്ഞു. എന്നാൽ, ക്ഷമിക്കണം നിങ്ങളുടേയും എന്റേയും സമയം കളയാൻ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ പറഞ്ഞു”, കൽക്കി വെളിപ്പെടുത്തി.