വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന നടി അരുന്ധതി നായര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് നടിയുടെ കുടുംബം.
ഇപ്പോൾ തന്നെ നാൽപ്പത് ലക്ഷത്തോളം രൂപ ചെലവായെന്നും, വീട്ടിലെ കാര്യങ്ങളും ചികിത്സാ കാര്യങ്ങളും ഒരുമിച്ച് മുൻപോട്ട് കൊണ്ടുപോവാൻ കഴിയുന്നില്ലെന്നുമാണ് അരുന്ധതിയുടെ സഹോദരിയായ ആരതി പറയുന്നത്.
“ഇപ്പോൾ തന്നെ നാൽപ്പത് ലക്ഷത്തോളം രൂപ ചിലവായി. അവൾക്ക് ഇൻഷുറൻസ് ഇല്ലാതെ വന്നതാണ് ഞങ്ങൾക്ക് പ്രശ്നമായത്. ഞങ്ങളുടെ അച്ഛൻ സെക്യൂരിറ്റി ജീവനക്കാരനാണ്. ഞങ്ങൾ താമസിക്കുന്നത് വാടകയ്ക്കാണ്. വീട്ടിലെ കാര്യങ്ങളും അപ്പോൾ അപ്പോഴുള്ള കാര്യങ്ങളും ചെയ്യാനുള്ള വരുമാനം മാത്രമെ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു. ഇനി എന്തെങ്കിലും വന്നാലും അത് ഫേസ് ചെയ്യാനുള്ള കണ്ടീഷനിലല്ല ഞങ്ങൾ.” എന്നാണ് ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആരതി പറഞ്ഞത്.
ഒരു യുട്യൂബ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിംഗ് കഴിഞ്ഞ ശേഷം സഹോദരനൊപ്പം ബൈക്കില്‍ മടങ്ങുമ്പോള്‍ ആയിരുന്നു കോവളം ഭാഗത്ത് വച്ച് അരുന്ധതിക്ക് അപകടം സംഭവിച്ചത്. ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. പരുക്കേറ്റ ഇവര്‍ ഒരു മണിക്കൂറോളം റോഡില്‍ തന്നെ കിടന്നുവെന്നാണ് റിപ്പോര്‍ട്ട്. പിന്നീട് അതുവഴി പോയ ഒരു യാത്രക്കാരന്‍ ആണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.