തന്റെ ചികിത്സയ്ക്കായി തെലുഗു സൂപ്പർതാരം പ്രഭാസിന്റെ പേരിൽ 50 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് വഞ്ചിച്ചുവെന്ന് പറഞ്ഞ് നടൻ ഫിഷ് വെങ്കട്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ് നടൻ. തീവ്രപരിചണ വിഭാഗത്തിൽ കഴിയുന്ന നടന് വ്യക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഈ സമയത്താണ് ചികിത്സയ്ക്കായി പ്രഭാസിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്ന് കുടുംബാംഗങ്ങൾ വെങ്കടിനെ അറിയിച്ചത്. എന്നാൽ ആ വാഗ്ദാനം വ്യാജമായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ കൂടുംബം.
സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് പ്രഭാസിന്റെ സഹായി കഴിഞ്ഞയാഴ്ച വിളിച്ചിരുന്നുവെന്നാണ് കുടുംബം പറഞ്ഞത്. എന്നാൽ പ്രഭാസിന്റെ സഹായി ആണെന്ന് അവകാശപ്പെട്ടുളള അപരിചിതന്റെ കോൾ വ്യാജമായിരുന്നുവെന്ന് ഒരു അഭിമുഖത്തിലാണ് ഇപ്പോൾ കുടുംബം വെളിപ്പെടുത്തിയിരിക്കുന്നത്. അസുഖബാധിതനായ വെങ്കടിന് ഇപ്പോഴും സാമ്പത്തിക സഹായം ആവശ്യമാണെന്ന് അദ്ദേഹത്തിന്റെ ഒരു കുടുംബാംഗം പറഞ്ഞു.
യഥാർത്ഥത്തിൽ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്ന് ഫിഷ് വെങ്കടിന്റെ കുടുംബാംഗം പറയുന്നു. പ്രഭാസിന്റെ സഹായി എന്ന വ്യാജേന ആരോ ഒരാൾ ഞങ്ങളെ വിളിച്ചു. അത് വ്യാജകോൾ ആയിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. ഇങ്ങനെ ഒരു കാര്യം സംഭവിച്ചുവെന്ന് അദ്ദേഹത്തിന് പോലും അറിയില്ല. ഇതുവരെ ഒരു സാമ്പത്തിക സഹായവും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഫിഷ് വെങ്കടിന്റെ കുടുംബാംഗം അഭിമുഖത്തിൽ പറഞ്ഞു. പ്രഭാസിന്റെ ടീം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വെങ്കടിന്റെ മകൾ ശ്രാവന്തിയായിരുന്നു രംഗത്തെത്തിയിരുന്നത്.
അതേസമയം തന്നെ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും സൂപ്പർതാരവുമായ പവൻ കല്യാൺ ഫിഷ് വെങ്കടിന് രണ്ട് ലക്ഷം രൂപ നൽകി. കൂടാതെ നടനും സംവിധായകനുമായ വിശ്വക് സെനും രണ്ട് രൂപയുടെ ചെക്ക് കൈമാറിയതായി കുടുംബം അറിയിച്ചിട്ടുണ്ട്. കോമഡി നെഗറ്റീവ് റോളുകളിലൂടെ തെലുഗു പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ഫിഷ് വെങ്കട്. തെലങ്കാനയിലെ മത്സ്യത്തൊഴിലാളികൾ സംസാരിക്കുന്നതിനോട് സാമ്യമുളള പ്രാദേശിക ഭാഷാവകഭേദം ഉപയോഗിച്ചുവരുന്നതുകൊണ്ടാണ് നടൻ ഫിഷ് വെങ്കട് എന്ന പേരിൽ അറിയപ്പെടുന്നത്.