ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ബോളിവുഡ് താരം ധര്‍മേന്ദ്രയെ ആശുപത്രിയില്‍. ആരോഗ്യാവസ്ഥ ഗുരുതരമായതോടെ താരത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ധര്‍മേന്ദ്രയെ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് കുടുംബമോ ആശുപത്രിയോ ഇതുവരെ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.
കഴിഞ്ഞയാഴ്ച ശ്വാസതടസ്സത്തെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിലില്‍ നേത്രപടലം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയക്ക് വിധേയനായിരുന്നു. ഡിസംബര്‍ എട്ടിന് താരത്തിന് 90 വയസ് തികയും. ആദ്യ ഭാര്യ പ്രകാശ് കൗറിനൊപ്പം മുംബൈയിലെ ഖണ്ടാല ഫാം ഹൗസിലാണ് ധര്‍മേന്ദ്ര ഇപ്പോള്‍ താമസിക്കുന്നതെന്ന് താരത്തിന്റെ മകനും നടനുമായ ബോബി ഡിയോള്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
നടിയും എംപിയുമായ ഹേമാ മാലിനി ആണ് നടന്റെ രണ്ടാം ഭാര്യ. അതേസമയം, അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദ നായകനാവുന്ന ‘ഇക്കിസ്’ ആണ് നടന്റെതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. 1960-ല്‍ ‘ദില്‍ ഭി തേരാ ഹം ഭി തേരെ’ എന്ന ചിത്രത്തിലൂടെയാണ് ധര്‍മേന്ദ്ര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.
‘ഷോലെ’, ‘ധരം വീര്‍’, ‘ചുപ്‌കെ ചുപ്‌കെ’, ‘മേരാ ഗാവ് മേരാ ദേശ്’, ‘ഡ്രീം ഗേള്‍’ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി എത്തിയ ധര്‍മേന്ദ്ര ഏറെ പ്രശസ്തനായി. ഷാഹിദ് കപൂറും കൃതി സനോണും അഭിനയിച്ച ‘തേരി ബാത്തോം മേം ഐസാ ഉല്‍ഝാ ജിയാ’ എന്ന ചിത്രത്തിലാണ് ധര്‍മേന്ദ്ര അവസാനമായി അഭിനയിച്ചത്.