കേരളത്തിൽ പോളിംഗ് കുതിക്കുന്നു, എല്ലായിടത്തും 50 കടന്നു; വോട്ടെടുപ്പിന്റെ അവസാന മണിക്കൂറുകൾ

ലോക്സഭ തെരഞ്ഞെടുപ്പ് 2024 ൻ്റെ വോട്ടിങ് സംസ്ഥാനത്ത് പുരോഗമിക്കുന്നു. പലയിടങ്ങളിലും ചൂട് ശക്തമാണെങ്കിലും വോട്ടിങ് അവസാനഘട്ടത്തോടടുക്കുമ്പോൾ ബൂത്തുകളിലേക്ക് വോട്ടർമാർ കൂടുതലായും എത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിലെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പോളിംഗ് 60 ശതമാനം കടന്ന് 70 ൽ എത്തി. നാല് മണിവരെയുള്ള ഔദ്യോഗിക കണക്ക് പ്രകാരം 56 ശതമാനം കടന്നിട്ടുണ്ട്.

മിക്ക ബൂത്തുകളിലും ക്യൂ പ്രകടമാണ്. സംസ്ഥാനത്ത് പോളിങ് ഇതുവരെ സമാധാനപരമാണ്. വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. രാവിലെ 5.30നാണ് പോളിങ് ബൂത്തുകളിൽ മോക്ക് പോളിംഗ് ആരംഭിച്ചത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 2 കോടി 77 ലക്ഷത്തി 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്.