രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം മേയ് 7ന് നടക്കുമ്പോള്‍ എന്‍ഡിഎയ്ക്ക് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലുണ്ടായ ആവേശത്തിന് മേല്‍ കനല്‍വീണു കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവും പ്രതീക്ഷ വെയ്ക്കുന്ന കര്‍ണാടകയിലുണ്ടായ അശ്ലീല വീഡിയോ വിവാദവും ലൈംഗിക പരാതിയും എന്‍ഡിഎയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. പ്രജ്വല്‍ രേവണ്ണയും അച്ഛന്‍ എച്ച് ഡി രേവണ്ണയും ഉണ്ടാക്കിയിരിക്കുന്ന കേസുകള്‍ ജനതാദള്‍ എസിനെ മാത്രമല്ല ബിജെപിയെ തന്നെ പിടിച്ചുലച്ചിട്ടുണ്ട്. പുറത്തുവന്ന വീഡിയോകളും ഹാസനില്‍ മല്‍സരിച്ച പ്രജ്വലിന്റെ ഭീഷണിപ്പെടുത്തിയുള്ള ലൈംഗികാതിക്രമവുമെല്ലാം കര്‍ണാടകയില്‍ എന്‍ഡിഎയ്ക്ക് വന്‍ തിരിച്ചടിയാകുമെന്ന് ബിജെപി ഭയക്കുന്നുണ്ട്. സഖ്യകക്ഷി മൂലമുണ്ടായ നാണക്കേടും എല്ലാത്തിനും തങ്ങള്‍ കുടപിടിച്ചുവെന്ന രീതിയില്‍ കാര്യങ്ങള്‍ ലോകമറിഞ്ഞതും തെക്കേ ഇന്ത്യയില്‍ ബിജെപി ഏറ്റവും കൂടുതല്‍ വിശ്വസിച്ച സംസ്ഥാനത്ത് പണികിട്ടുമോയെന്ന പേടിക്ക് കാരണമായിട്ടുണ്ട്.

ഏപ്രില്‍ 26ന് രണ്ടാം ഘട്ടത്തില്‍ പാതി മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന്റെ ആശ്വാസം ജെഡിഎസിനും ബിജെപിയ്ക്കുമുണ്ട്. കാരണം തെക്കന്‍ കര്‍ണാടകയിലേയും ബെഗലൂരുവിലേയുമെല്ലാം 14 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രേവണ്ണ വിഷയം പുറത്തായതും വലിയ രീതിയില്‍ ജനരോഷം ഉയര്‍ന്നതും. ഇനി നാളെ നടക്കാനുള്ളത് 14 ഇടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്. കഴിഞ്ഞ തവണ 28ല്‍ 25 ഉം ബിജെപിയ്ക്ക് നല്‍കിയ കന്നഡ നാട് ഇക്കുറിയും തങ്ങളെ തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ഇരുന്നവര്‍ക്കേറ്റ കനത്ത പ്രഹരമായിരുന്നു സഖ്യകക്ഷിയുടെ നേതാക്കളുണ്ടാക്കി വെച്ച ലൈംഗികാതിക്രമ കുറ്റകൃത്യങ്ങള്‍. കാര്യമെല്ലാമറിഞ്ഞിട്ടും ബിജെപി സംസ്ഥാന അധ്യന്‍ ബി വെ വിജയേന്ദ്രയ്ക്ക് 1 വര്‍ഷം മുമ്പേ പാര്‍ട്ടി നേതാക്കളിലൊരാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അശ്ലീല വീഡിയോ കാര്യങ്ങളറിഞ്ഞിട്ടും ബിജെപി മൗനം പാലിച്ചതും കര്‍ണാടകയിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ നേതാക്കള്‍ക്കായിട്ടില്ല. പ്രജ്വല്‍ രേവണ്ണയ്ക്ക് ഹാസനില്‍ മല്‍സരിക്കാന്‍ അവസരം കൊടുത്തതിന് മാത്രമല്ല പ്രചാരണത്തിന് പ്രധാനമന്ത്രി നേരിട്ടെത്തിയതും കാര്യങ്ങളെല്ലാം ബിജെപി നേതൃത്വത്തിന് അറിയാമെന്ന അവസ്ഥയിലായിരിന്നുവെന്നതും ബിജെപിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ജെഡിഎസ് എംപിയായ പ്രജ്വല്‍ എന്തായാലും വിവാദങ്ങള്‍ കെട്ടുപൊട്ടിയ്ക്കും മുമ്പേ വോട്ട് പെട്ടിയിലാക്കിയിട്ടുണ്ട്. പക്ഷേ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ചെറുമകന്‍ കേസു പൊങ്ങിയപ്പോള്‍ പലായനം ചെയ്‌തെങ്കിലും പ്രജ്വലിന്റെ അച്ഛന്‍ പൊലീസിന് മുന്നില്‍ കുടുങ്ങിയിട്ടുണ്ട്. അച്ഛനും മകനും ലൈംഗിക പീഡന പരാതിയില്‍ തന്നെ കുറ്റക്കാരാകുമ്പോള്‍ തല ഉയര്‍ത്താനാകാതെ മകനേയും ചെറുമകനേയും ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. സഹോദരനും സഹോദരന്റെ മകനുമുണ്ടാക്കിയ ഏടാകൂടത്തില്‍പ്പെട്ട് പാര്‍ട്ടിയും പാര്‍ട്ടി വോട്ടും എവിടെയെത്തുമെന്നറിയാതെ പെട്ടിരിക്കുകയാണ് മുന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി.

പ്രചാരണം തീരുന്നതിന് ഒരുദിവസം മുമ്പാണ് ജെഡിഎസിന്റെ എംഎല്‍എയായ എച്ച്ഡി രേവണ്ണയെ അന്വേഷണസംഘം അറസ്റ്റു ചെയ്തത്. ഇതും നാളത്തെ തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്ന ആധിയിലാണ് എന്‍ഡിഎ. മിഷണ്‍ 400 എന്നെല്ലാം പറഞ്ഞു ബിജെപിയും മോദിയും ഇറങ്ങിയത് തെക്ക് കണ്ണുവെച്ചായിരുന്നു. തമിഴ്‌നാട്ടിലേയ്ക്കും കേരളത്തിലേക്കും തെലങ്കാനയിലേക്കും ഓടി നടന്നു പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണക്കുകൂട്ടലില്‍ കര്‍ണാടക ബിജെപിയുടെ വിശ്വസ്ത കേന്ദ്രമായിരുന്നു. അവിടെയാണ് ലൈംഗികാതിക്രമവും വീഡിയോയും എന്‍ഡിഎയ്ക്ക് കൂച്ചുവിലങ്ങായത്.

കര്‍ണാടകയ്ക്ക് ഉള്‍പ്പെടെ 93 സീറ്റുകളിലാണ് നാളെ വോട്ടെടുപ്പ്. 11 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തിലേയും 94 മണ്ഡലങ്ങളിലായിരുന്നു മെയ് 7 ന് മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനുണ്ടായിരുന്നത്. ഗുജറാത്തിലെ സൂറത്തില്‍ ബിജെപി എതിരില്ലാതെ വിജയിച്ചതോടെ അവിടെ തിരഞ്ഞെടുപ്പില്ല. അങ്ങനെയാണ് 93 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പായത്. ജമ്മു കശ്മീരിലെ അനന്ത്‌നാഗ്-രജൗരി മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് മെയ് 25 ലേക്ക് മാറ്റിവച്ചിട്ടുണ്ടെങ്കിലും ഏപ്രില്‍ 26 ന് രണ്ടാം ഘട്ടത്തില്‍ നടക്കാനിരുന്ന മധ്യപ്രദേശിലെ ബേതൂളിലെ വോട്ടെടുപ്പും മൂന്നാം ഘട്ടത്തിലായത് കൊണ്ട് എണ്ണത്തിന് മാറ്റമില്ല.

പ്രധാനമന്ത്രി മോദിയുടെ ഗുജറാത്തിലെ 25 ലോക്‌സഭാ സീറ്റിലും നാളെയാണ് പോളിംഗ് നടക്കുക. അസം, ബിഹാര്‍, ഛത്തീസ്ഗഢ്്, ഗോവ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, എന്നിവടങ്ങളിലെ സീറ്റുകളിലും നാളെ വോട്ടെടുപ്പ് നടക്കും. ആദ്യ രണ്ട് ഘട്ടങ്ങളിലായി 190 സീറ്റുകളിലാണ് വോട്ടുകള്‍ പെട്ടിയിലായത്. 93 മണ്ഡലങ്ങളിലേ പോളിംഗ് ബൂത്തുകള്‍ കൂടി സജ്ജമായതോടെ 283 ഇടങ്ങള്‍ തങ്ങളുടെ ഭാഗധേയം നിര്‍ണയിച്ചു കഴിയും. അതായത് 543 പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള മല്‍സരം പാതി വഴി നാളെയോടെ താണ്ടും. പിന്നീട് അടുത്ത നാലുഘട്ടത്തിലായി 260 മണ്ഡലങ്ങള്‍ കൂടി പോളിംഗ് ബൂത്തിലെത്തും. ജൂണ്‍ നാലിന് രാജ്യം ആര് ഭരിക്കുമെന്ന് വ്യക്തമാകും. എന്തായാലും ബിജെപി തെക്കേ ഇന്ത്യയില്‍ പ്രതീക്ഷിച്ച മുന്നേറ്റം നടക്കില്ലെന്നത് ഏറെക്കുറെ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ പ്രത്യക്ഷത്തില്‍ തന്നെ പ്രകടമാകുന്നുണ്ട്.