'ഞാന്‍ ദൈവമല്ല, മനുഷ്യനാണ്, തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാം'; മന്‍ കി ബാത്തിനപ്പുറം മോദിയുടെ പോഡ്കാസ്റ്റ് തുടക്കം; മറവിയില്‍ മുക്കാന്‍ നോക്കുന്നത് 'സാധാരണ ജന്മമല്ല, ദൈവം ഭൂമിയിലേക്ക് അയച്ചവന്‍' പരാമര്‍ശമോ?

സെറോദയുടെ സഹസ്ഥാപകന്‍ നിഖില്‍ കാമത്തുമായി നടത്തിയ പോഡ്കാസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോഡ് കാസ്റ്റ് തുടക്കം. രണ്ട് മണിക്കൂര്‍ നീണ്ട പോഡ്കാസ്റ്റിലൂടെ പ്രധാനമന്ത്രി തന്റെ കുട്ടിക്കാലം, വിദ്യാഭ്യാസം, രാഷ്ട്രീയ പ്രവേശനം തുടങ്ങിയ നിരവധി കാരങ്ങളും വിശേഷങ്ങളും പങ്കുവെച്ചു. തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും തനിക്കും ഇത്തരത്തില്‍ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടാകാമെന്നും നരേന്ദ്ര മോദി പറയുന്നുണ്ട്. താന്‍ ദൈവമല്ലെന്നും മനുഷ്യനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ആദ്യ പോഡ്കാസ്റ്റില്‍ പറയുന്നുണ്ട്. പല വിഷയങ്ങളിലും തുറന്ന് സംസാരിച്ച തന്റെ ആദ്യ പോഡ്കാസ്റ്റാണിതെന്ന് പറഞ്ഞുകൊണ്ടാണ് ഇതിനെ പ്രധാനമന്ത്രി മോദി മാര്‍ക്കറ്റ് ചെയ്യുന്നത്.

പോഡ്കാസ്റ്റിന്റെ വീഡിയോ പുറത്തുവിടുന്നതിന് മുമ്പ് നിഖില്‍ കാമത്ത് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ പുറത്തിറക്കുക്കയായിരുന്നു. നിഖില്‍ പ്രധാനമന്ത്രിയോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നതും തന്റെ പരിഭ്രമം പങ്കുവെയ്ക്കുന്നതും പ്രധാനമന്ത്രി ഉത്തരം നല്‍കുന്നതുമെല്ലാം ട്രെയിലറിലുണ്ട്. നിഖില്‍ കാമത്ത് തന്റെ ദക്ഷിണേന്ത്യന്‍ സ്വത്വം ഊന്നിപ്പറഞ്ഞുകൊണ്ട് രാഷ്ട്രീയത്തെ കുറിച്ചെല്ലാം പ്രധാനമന്ത്രിയോട് ചോദിക്കുന്നുണ്ട്. താന്‍ ഒരു സൗത്ത് ഇന്ത്യന്‍ ആണെന്നും തന്റെ ഹിന്ദി അത്ര നല്ലതല്ലെന്നും നിഖില്‍ പറഞ്ഞുകൊണ്ടാണ് മോദിയോട് സംവദിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ തന്റെ പ്രസംഗത്തെപ്പറ്റി മോദി പോഡ്കാസ്റ്റില്‍ പറയുന്നതാണ് ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ചര്‍ച്ചയായ വാചകം.

”അന്ന് ഞാന്‍ പറഞ്ഞു, തെറ്റുകള്‍ സംഭവിക്കാം. ഞാന്‍ മനുഷ്യനാണ്, ദൈവമല്ല”

മോദിയുടെ ഗുജറാത്ത് മുഖ്യമന്ത്രി കാലത്തെ ഗുജറാത്ത് കലാപ കാലത്തെ പരാമര്‍ശം പോഡ്കാസ്റ്റ് വീണ്ടും ഓര്‍മ്മപ്പെടുത്തുമ്പോള്‍ വര്‍ഗീയ ധ്രുവീകരണത്തിന്റെ എല്ലാ ആയുധവുമെടുത്ത് പ്രയോഗിച്ച 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലം കൂടിയാണ് ഓര്‍മ്മ വരിക. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞു ഹാട്രിക് അടിക്കാന്‍ ബിജെപിയും മോദിയും കച്ചകെട്ടിയിറങ്ങി ‘അബ് കി ബാര്‍ ചാര്‍ സൗ പാര്‍’ വിളികളുയര്‍ന്ന തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് വര്‍ഗീയത പറഞ്ഞ പ്രധാനമന്ത്രി താന്‍ സാധാരണ ജന്മമല്ലെന്നാണ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് അവര്‍ രാമക്ഷേത്രത്തില്‍ ബുള്‍ഡോസര്‍ കയറ്റും, മുസ്ലീങ്ങള്‍ക്ക് നിങ്ങളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടി കൊടുക്കും, കെട്ടുതാലി വരെ മുസ്ലീങ്ങള്‍ക്ക് പൊട്ടിച്ചു കൊടുക്കും അങ്ങനെയെല്ലാം പറഞ്ഞാണ് പ്രധാനമന്ത്രി മോദി ആ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ വോട്ട് തേടിയത്. അതിനൊപ്പം പരീക്ഷിച്ച ഒരു സാമുദായിക ധ്രുവീകരണ ശ്രമമായിരുന്നു ദൈവത്തിന്റെ പ്രതിപുരുഷനാകാനുള്ള സ്വയം പ്രഖ്യാപിത വാചാടോപം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ ഇന്ത്യയിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ദൈവമാണ് തന്നെ തെരഞ്ഞെടുത്തതെന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ താനൊരു സാധാരണ ജന്മമല്ലെന്ന് പറഞ്ഞു ദൈവം തിരഞ്ഞെടുത്തു വിട്ടവനാണെന്ന മട്ടിലാണ് മോദിയുടെ അഭിമുഖങ്ങളും പ്രചാരണവും പുറത്തുവന്നത്. വാരണാസിയില്‍ അന്ന് ന്യൂസ് 18 ചാനലിന്റെ റുബിക ലിയാഖത്തിനോട് മോദി പറഞ്ഞത് തന്നെ ദൈവം ഭൂമിയിലേക്ക് അയച്ചതാണെന്നാണ്.

അമ്മ ജീവിച്ചിരുന്ന കാലത്തോളം ഞാന്‍ വിചാരിച്ചിരുന്നത് ഞാന്‍ എല്ലാവരേയും പോലെ ബയോളിജിക്കലി ജനിച്ചതാണെന്നാണ്. പക്ഷേ അമ്മ മരിച്ചതിന് ശേഷം, എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഈശ്വരന്‍ എന്നെ ഇവിടേയ്ക്ക് അയച്ചതാണെന്ന് എനിക്ക് ബോധ്യമായി.

താന്‍ ജീവശാസ്ത്രപരമായി സൃഷ്ടിക്കപ്പെട്ട ഒരാളല്ലെന്നും ദൈവം ചില കാര്യങ്ങള്‍ നടപ്പാക്കാനായി എന്നെ ഇങ്ങോട്ട് അയച്ചതാണെന്നുമാണെന്ന മട്ടില്‍ രാജ്യത്തെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയത് രാജ്യം കണ്ടു. അന്ന് 303 എന്ന മൃഗീയ ഭൂരിപക്ഷത്തില്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാരായിരുന്നു അധികാരത്തിലെങ്കില്‍ ഈ പരാക്രമ പ്രചാരണങ്ങള്‍ക്കപ്പുറം നടന്ന തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടാനാവാതെ 240ലേക്ക് നരേന്ദ്ര മോദിയുടെ ബിജെപി വീണു. ഇപ്പോള്‍ ഇതെല്ലാം മറവിയ്ക്ക് കൊടുത്തുകൊണ്ട് ഗുജറാത്ത് കാലത്തെ മനുഷ്യനാണെന്ന ഓര്‍മ്മയിലേക്ക് നരേന്ദ്ര മോദി വീണ്ടും തിരിച്ചെത്തുകയാണ് പോഡ്കാസ്റ്റ് തുടക്കത്തിലൂടെ.

Latest Stories

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ