യുദ്ധം കൊണ്ട് പരിഹരിക്കാവുന്നതല്ല പാരിസ്ഥിതിക സംഘര്‍ഷങ്ങള്‍

കെ.സഹദേവന്‍

ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ കേന്ദ്ര വിഷയം എന്താണെന്നറിയാന്‍ വാര്‍ത്തകള്‍ക്കിടയിലൂടെ സഞ്ചരിക്കേണ്ടത് പ്രധാനമാണ്. ഭീകരവാദത്തിന്റെയും ആണവ മസില്‍പെരുക്കത്തിന്റെയും പശ്ചാത്തലത്തിലുള്ള “ഗ്വാ ഗ്വാ” വിളികള്‍ മാറ്റിവെച്ച്, വിഷയത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയുന്ന സുപ്രധാന വിഷയം ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പൊതുവായി അനുഭവിക്കുന്നതും സമീപഭാവിയില്‍ തന്നെ കൂടുതല്‍ രൂക്ഷമാകാന്‍ പോകുന്നതുമായ ജലപ്രശ്‌നമാണെന്നതാണ്.

ഈ വിഷയത്തില്‍ കഴിഞ്ഞ ദശകത്തില്‍ എഴുതപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ വരാനിരിക്കുന്ന ജലയുദ്ധത്തിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നവയാണ്. ജല ലഭ്യതയെ സംബന്ധിച്ച ആശങ്കകള്‍ ഭൗമ രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്ന സുപ്രധാന വിഷയങ്ങളായി മാറുന്നുവെന്നതാണ് ഈ ഗ്രന്ഥങ്ങളൊക്കെ മുന്നറിയിപ്പ് നല്‍കുന്നത്.

പ്രശസ്ത ഭൗമരാഷ്ട്രതന്ത്രജ്ഞന്‍ ബ്രഹ്‌മ ചെല്ലാനി, 2013ല്‍ എഴുതിയ ‘Water, Peace and War : Confronting the global water crisis’ എന്ന ഗ്രന്ഥമായാലും, ഇന്ത്യന്‍ കരസേനാ മേധാവിയായിരുന്ന ജനറല്‍ എസ് പത്മനാഭന്‍, 2017ല്‍ എഴുതിയ, ‘Next China-India Water War : Worlds first water war -2029’ എന്ന ഗ്രന്ഥമായാലും ചൂണ്ടിക്കാട്ടുന്നത് മേഖലയിലെ ജല ദൗര്‍ലഭ്യത്തെയും അതുമായി ബന്ധപ്പെട്ട് ശക്തമാകാന്‍ പോകുന്ന സംഘര്‍ഷങ്ങളെക്കുറിച്ചും തന്നെയാണ്.

എത്രയൊക്കെ മറച്ചുവെക്കാന്‍ ശ്രമിച്ചാലും പാരിസ്ഥിതിക തകര്‍ച്ചകളില്‍ നിന്നുടലെടുക്കുന്ന വിഭവ പ്രതിസന്ധി മറ നീക്കി പുറത്തുവരിക തന്നെ ചെയ്യുമെന്ന് തന്നെയാണ് പുതുതായി ഉടലെടുത്ത സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം മാധ്യമങ്ങളുടെ സഹായത്തോടെ യുദ്ധോത്സുകത പടര്‍ത്താനും കപട ദേശീയബോധം പ്രചരിപ്പിക്കാനും ഭരണകൂടങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നാലും സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ അടിസ്ഥാന കാരണങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ സാധ്യമല്ലെന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.

സിന്ധു നദീ ജല കരാര്‍ ഇന്ത്യ ഏകപക്ഷീയമായി തള്ളിക്കളഞ്ഞതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയുടേതായി പുറത്തുകഴിഞ്ഞു. അതിന്റെ നൈതിക പ്രശ്‌നങ്ങള്‍ക്കപ്പുറത്ത്, കരാര്‍ സസ്‌പെന്‍ഷന്‍ മേഖലയില്‍ സൃഷ്ടിക്കാനിരിക്കുന്ന ദീര്‍ഘകാല സംഘര്‍ഷങ്ങളെക്കുറിച്ച് വിവേകമതികള്‍ ആശങ്കാകുലരാണെന്ന് കാണാം.

സിന്ധു നദീ ജല തര്‍ക്കത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം, രാജ്യങ്ങള്‍ അനുഭവിക്കുന്ന ജല ദൗര്‍ലഭ്യമാണെന്നും അതിന് ചാലകശക്തിയായി മാറിയിരിക്കുന്നത് കാലാവസ്ഥാ പ്രതിസന്ധിയാണെന്നും ഉള്ള നിഗമനങ്ങള്‍ക്ക് ഇന്ന് ശാസ്ത്രീയാടിത്തറ വേണ്ടുവോളമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഹിന്ദുക്കുഷ് മേഖലയിലെ ഹിമപാളികളുടെ ഉരുക്കം കൂടുതല്‍ ശക്തിപ്രാപിക്കുന്നത് ഒരേ സമയം നദീതട വ്യവസ്ഥയില്‍ വന്‍തോതിലുള്ള വെള്ളപ്പൊക്കത്തിനും തുടര്‍ന്നുള്ള വരള്‍ച്ചയ്ക്കും കാരണമായി മാറുന്നുണ്ട്.

അന്താരാഷ്ട്ര കാര്‍ഷിക-ഭക്ഷ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ആഗോള ജനസംഖ്യയുടെ 18% ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ആഗോള ജല വിഭവത്തിന്റെ കേവലം 4% മാത്രമേ ലഭ്യമായുള്ളൂ എന്നത് രാജ്യം നേരിടാന്‍ പോകുന്ന ജല ദൗര്‍ലഭ്യത്തിന്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ഭാവിയിലെ ജലാവശ്യവും ലഭ്യതയും തമ്മിലുള്ള വിടവ് സംബന്ധിച്ച് CWMI അടിസ്ഥാനമാക്കി നീതി ആയോഗ് 2019ല്‍ തയ്യാറാക്കിയ കണക്കനുസരിച്ച്, 2030 ആകുമ്പോഴേക്കും രാജ്യത്തെ പ്രതിശീര്‍ഷ ജല ലഭ്യത (765ഘന മീറ്റര്‍/പ്രതിവര്‍ഷം)യും ആവശ്യകത (1498 ഘന മീ/പ്രതിവര്‍ഷം)യും തമ്മിലുള്ള വിടവ് ഏതാണ്ട് ഇരട്ടിയോടടുത്ത് വരും.

നിലവില്‍ ഇന്ത്യ-പാകിസ്ഥാന്‍-ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജല സംഘര്‍ഷത്തിലേക്ക് ചൈന കൂടി കടന്നുവരുമ്പോള്‍ സംഘര്‍ഷത്തിന്റെ വ്യാപ്തിയും ആഘാതങ്ങളും എത്രത്തോളം വര്‍ധിക്കുമെന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള പ്രാപ്തിപോലും നമുക്കില്ലെന്നതാണ് വസ്തുത.

പാരിസ്ഥിതിക-കാലാവസ്ഥാ പ്രതിസന്ധികളോടുള്ള പ്രതികരണമെന്നത് നിലവിലുള്ള സാമ്പത്തിക-വികസന നയങ്ങളുടെ പുനഃപ്പരിശോധനയും അടിയന്തിര തിരുത്തല്‍ നടപടികളും ആകേണ്ടതുണ്ട്. മറിച്ച്, ആണവായുധങ്ങളടക്കമുള്ള ആയുധശേഖരങ്ങളുടെ വലുപ്പം ചൂണ്ടിക്കാട്ടി മഹത്വം വിളിച്ചുകൂവുന്നതിലല്ല വിവേകം.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ