മുലായം സിംഗ് വിടവാങ്ങുമ്പോള്‍...

സുഖര്‍ സിംഗ് യാദവിന്റെയും മൂര്‍ത്തി ദേവിയുടെയും മകനായി 1939 നവംബര്‍ 22 നാണ് ഉത്തര്‍ പ്രദേശിലെ ഇറ്റാവാ ജില്ലയിലെ സെയ്ഫായ് ഗ്രമത്തില്‍ മുലയാം സിംഹ് യാദവ് ജനിക്കുന്നത്. മകനെ വലിയ ഗുസ്തിക്കാരനാക്കിമാറ്റണമെന്നായിരുന്നു പിതാവ് സുഖര്‍ സിംഗ് യാദവിന്റെ ആഗ്രഹം. അങ്ങിനെ ഗുസ്തി പഠിക്കാന്‍ പോയിടത്ത് നിന്ന് പരിചയപ്പെട്ട നട്ടു സിംഗ് യാദവ് എന്ന സോഷിലിസ്റ്റ് നേതാവാണ് മുലായം സിംഗിനെ റാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളോടടുപ്പിച്ചത്. 1960 കളില്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയം ഏതാണ്ട് പൂര്‍ണ്ണമായും കോണ്‍ഗ്രസിന്റെ കൈകളിലായിരുന്നു. ബ്രാഹ്‌മണ, മുസ്‌ളിം, ദളിത് വോട്ടുബാങ്കുകളും മറ്റു പിന്നോക്കവിഭാഗ വോട്ടുകളും ഏതാണ്ട് പൂര്‍ണ്ണമായും തന്നെ കോണ്‍ഗ്രസിന്റെ കൈകളിലായിരുന്നു. അപ്പോഴാണ് പിന്നോക്ക വിഭാഗങ്ങളുടെ ഐക്യത്തിലൂടെ കോണ്‍ഗ്രസിന്റെ അധികാരക്കുത്തുക തകര്‍ക്കുക എന്ന മുദ്രാവാക്യവുമായി റാം മനോഹര്‍ ലോഹ്യ രംഗത്ത് വരുന്നത്. ആഗ്രാ സര്‍വ്വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍സയന്‍സില്‍ മാസ്റ്റര്‍ ബിരുദം നേടിയ ശേഷം മുലായം സിംഗ് ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ ആണ്ടുമുങ്ങുകയായിരുന്നു.

അന്നത്തെ അനേകം ചെറുപ്പക്കാരെ പോലെ മുലായം സിംഗും ലോഹ്യയുടെ ആരാധകനായി. 1967 ല്‍ 28ാമത്തെ വയസിലാണ് പ്രജാ സോഷിലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ മുലായം സിംഗ് യാദവ് ഉത്തര്‍പ്രദേശ് അംസംബ്‌ളിയില്‍ അംഗമാകുന്നത്. അന്നാണ് യു പിയില്‍ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചു കൊണ്ട് സംയുക്ത വിദായക് ദള്‍ മന്ത്രി സഭ അധികാരത്തില്‍ വരുന്നത്. സോഷിലിസ്റ്റ് പാര്‍ട്ടികളുെയും ജനസംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു ഇരുപത് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചുകൊണ്ട് പിന്നീട് പ്രധാനമന്ത്രിയായ ചരണ്‍ സിംഗിന്റെ നേതൃത്വത്തില്‍ സംയുക്ത വിധായക് ദള്‍ അധികാരത്തില്‍ വന്നത്. കേരളമുള്‍പ്പെടെ ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിരുദ്ധ സര്‍ക്കാരുകള്‍ അധികാരത്തിലേറുകയും ചെയ്തു.

1975 ല്‍ ഇന്ദിരാഗാന്ധി അടിയന്തിരവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അറസ്റ്റിലായ മുലായം സിംഗ് 19 മാസം മിസ തടവുകാരനായി ജയിലിലായിരുന്നു. 1977 ല്‍ അടിയന്തിരാവസ്ഥക്ക് ശേഷം യു പിയില്‍ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അധികാരത്തിലേറിയ രാം നരേഷ് യാദവ് മന്ത്രിസഭയില്‍ അംഗമായി ചേര്‍ന്ന മുലായം സിംിഗിന്റെ കയ്യിലേക്ക് പിന്നീട് ഉത്തര്‍ പ്രദേശ് രാഷ്ടീയം വന്നു വീഴുകയായിരുന്നു. 1980 രാം നരേഷ് യാദവ് മന്ത്രിസഭയെ ഇന്ദിരാഗാന്ധി പിരിച്ചുവിട്ടു. മുലായം സിംഗ് ജനതാ പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞ വന്ന ലോക്ദളിന്റെ സംസ്ഥാന പ്രസിഡന്റായി. 1982 മുതല്‍ 1985 വരെ ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായതോട് കൂടി മുലായം സിംഗ് യാദവ് യു പി രാഷ്ട്രീയത്തിലെ കിരീടം വയ്കാത്ത രാജാവായിമാറുകയായിരുന്നു.

റാം മനോഹര്‍ ലോഹ്യയുടെ ശിഷ്യനായി രാഷ്ട്രീയം തുടങ്ങി പിന്നീട് ചരണ്‍ സിംഗില്‍ തന്റെ നേതാവിനെ കണ്ടെത്തിയ മുലായം പില്‍ക്കാലത്ത് ് എസ് ചന്ദ്രശേഖറുടെ അനുയായി മാറി. 1989 ല്‍ യു പി മുഖ്യമന്ത്രിയായി. ഇതോടെയാണ് മുലായം സിംഗിലെ തന്ത്ര ശാലിയായ രാഷ്ട്രീയക്കാരനെ ഇന്ത്യ കാണുന്നത്. അന്ന് പ്രധാനമന്ത്രിയായിരുന്ന വി പി സിംഗ് ബി ജെ പി യെ പൂട്ടാന്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്തു. കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് 27 ശതമാനം സംവരണം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതോടെ ഇത് തങ്ങളെ തകര്‍ക്കുമെന്ന് ബി ജെ പി തിരിച്ചറിഞ്ഞു. മണ്ഡലിനെതിരെ മന്ദിറുമായി അവര്‍ രംഗത്തിറങ്ങി. 1990 ഒക്‌ബോര്‍ 30 ന് ബാബറി പള്ളിയിരിക്കുന്ന ഭൂമിയില്‍ കര്‍സേവ നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു. കര്‍സേവ നടക്കില്ലന്നും നടത്താന്‍ ശ്രമിച്ചാല്‍ വിവരം അറിയുമെന്നും മുലായം സിംഗ് യാദവ് മുന്നറിയിപ്പ് നല്‍കി. 1990 ഒക്ടോബര്‍ 30 ന് ബാബറി മസജ്ിദ് ഭൂമിയില്‍ കര്‍സേവ നടത്താന്‍ പാഞ്ഞടുത്ത കര്‍സേവകര്‍ക്ക് നേരെ ഉത്തര്‍ പ്രദേശ് പൊലീസും, കേന്ദ്ര സേനയും വെടിപയ്പ് നടത്തി. ഏതാണ്ട് 70 ഓളം കര്‍സേവകര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതോടെ ബി ജെ പിക്ക് അഖിലേന്ത്യ തലത്തില്‍ വലിയൊരു ആയുധം ലഭിച്ചെങ്കിലും ഇന്ത്യയിലെ മുസ്‌ളീം മനസുകളില്‍ മുലായം സിംഗ് യാദവ് വീര പുരുഷനായി മാറി. കഴിഞ്ഞ യു പി തിരഞ്ഞെടുപ്പില്‍ പോലും ഉത്തര്‍ പ്രദേശിലെ മുസ്‌ളീം സമൂഹം ഒറ്റക്കെട്ടായി സമാജ് വാദി പാര്‍ട്ടിയുടെ പിന്നില്‍ അണിനിരന്നതും ഇത് കൊണ്ടായിരുന്നു.

വി പി സിംഗ് മന്ത്രി സഭ വീണ ശേഷം ചന്ദ്രശേഖറിന്റെ ജനതാ ദളിന്റെ നേതാവായി തുടര്‍ന്ന മുലായം കോണ്‍ഗ്രസ് പിന്തുണയോടെ തന്റെ മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തി. പിന്നീട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചപ്പോള്‍ മുലായത്തിന് രാജിവക്കേണ്ടി വന്നു. 1991 ല്‍ കല്യാണ്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെടുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മതേതര പ്രതിഛായയുള്ള കോണ്‍ഗ്രസ് ഇതര നേതാവായിരുന്നു മുലായം സിംഗ് യാദവ്. മൂസ്‌ളീം പിന്നോക്ക ദളിത് ഐക്യത്തിലൂടെ ബി ജെ പിയെ വരച്ച വരയില്‍ നിര്‍ത്താമെന്ന് ലല്ലു പ്രസാദ് യാദവിനെപ്പോലെ മുലായവും കാണിച്ചു തന്നു. 1993 ലാണ് അദ്ദേഹം സാമാജ് വാദി പാര്‍ട്ടിയുണ്ടാക്കുന്നത്. 1993 ല്‍ വീണ്ടും മുഖ്യമന്ത്രിയായി, ജനതാദളും കോണ്‍ഗ്രസും പിന്തുണച്ചു. 1996 ല്‍ ലോക്‌സഭയിലെത്തിയ മുലായം സിംഗ് യാദവ് ദേവഗൗഡ പ്രധാനമന്ത്രിയായപ്പോള്‍ ആ കാബിനറ്റില്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി. ശരിക്കും അന്ന് മുലായം സിംഗ് പ്രധാനമന്ത്രിയാകേണ്ടതായിരുന്നു. പക്ഷെ സമാദ് വാദി പാര്‍ട്ടി ഒരു പ്രദേശിക കക്ഷിയായിരുന്നത് കൊണ്ട് ദേശീയ കക്ഷിയായ ജനതാദളിന്റെ നേതാവ് ദേവഗൗഡക്കാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നറുക്ക് വീണത്. ജനതാദള്‍ വിട്ടു സ്വന്തം പാര്‍ട്ടിയുണ്ടാക്കിയതില്‍ അന്നാദ്യമായി മുലായം ദുഖിച്ചിരിക്കണം.

പിന്നീട് 2002 ലും അദ്ദേഹം മുഖ്യമന്ത്രിയായി. പിന്നീട് ആദ്യ ഭാര്യയുടെ മകന്‍ അഖിലേഷ് യാദവിന് ബാറ്റണ്‍കൈമാറി. അഖിലേഷ് അഞ്ച് കൊല്ലം മുഖ്യമന്ത്രിയായിരുന്നെങ്കിലും അഖിലേഷിന് പിതാവിനെ പോലെ ജനമനസ് കീഴടക്കാന്‍ കഴിഞ്ഞില്ല. മുലായം സിംഗ് ശാരീരികരമായി ദുര്‍ബലനായതോടെ കുടംബത്തില്‍ പൊട്ടിത്തെറിയുണ്ടായി. അഖിലേഷിനെ പിന്‍ഗാമിയായി വാഴിച്ചതിനെതിരെ ആദ്യം വെടിപൊട്ടിച്ചത് മുലായമിന്റെ ഇളയ സഹോദരന്‍ ശിവപാല്‍ യാദവായിരുന്നു. മുലായം സിംഗും അവസാനം അഖിലേഷ് യാദവിനെതിരായി സഹോദരന്‍മാരുടെ കൂടെ ചേര്‍ന്നു. അങ്ങിനെ പിതാവും പുത്രനും രണ്ട് വഴിക്കായി. അതോടെ മുലായം സിംഗ് എന്ന അതുല്യനായ നേതാവ് പതിയെ പതിയെ അസ്തമിക്കാന്‍ തുടങ്ങി.

1960 കളിലും 70കളിലും ഇന്ത്യയില്‍ രൂപം കൊണ്ട ശക്തമായ കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയമാണ് മുലായം സിംഗിനെയും അതുപോലുള്ള നേതാക്കളെയും രൂപപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ബി ജെ പി ഹിന്ദുത്വ രാഷ്ട്രീയം എടുത്തു പ്രയോഗിക്കാന്‍ തുടങ്ങുകയും കോണ്‍ഗ്രസ് ദേശീയ തലത്തില്‍ അപ്രസക്തമാകുന്ന സ്ഥിതിയിലെത്തുകയും ചെയ്തപ്പോള്‍ പഴയ കോണ്‍ഗ്രസ് വിരുദ്ധതക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പ്രധാന്യമില്ലാതായി. ജാതിക്ക് മുകളില്‍ മതത്തെ പ്രതിഷ്ഠിച്ച് ബി ജെ പി കളിച്ച രാഷ്ട്രീയം നേട്ടങ്ങള്‍ കൊയ്യുവാനും തുടങ്ങി. ഇതോടെ പഴയ സോഷിലിസ്റ്റ് നേതാക്കള്‍ക്ക് പതിയ പിന്നണിയിലേക്ക്് മാറേണ്ടി വന്നു. അവരുടെ പാര്‍ട്ടികള്‍ ബി ജെ പിയോട് ഏറ്റുമുട്ടി തളര്‍ന്നു. മുലായം സിംഗിന്റെ വിടവാങ്ങലോടെ ബി ജെ പി വിരുദ്ധ പ്‌ളാറ്റ് ഫോമിനെ ഒരുമിപ്പിക്കാന്‍ കഴിയുന്ന മതേതര ചേരിയിലെ കരുത്തനായ ഒരു നേതാവ് കൂടി ഇല്ലാതാവുകയാണ്,

Latest Stories

ഐപിഎല്‍ 2024: ആര്‍സിബിയുടെ പ്ലേഓഫ് മോഹങ്ങള്‍ക്ക് തിരിച്ചടി, രണ്ട് സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടു

സീറോമലബാര്‍സഭയുടെ പൈതൃകം സംരക്ഷിക്കപ്പെടണം; കുര്‍ബാന വിഷയത്തില്‍ പിന്നോട്ടില്ലെന്ന് വത്തിക്കാന്‍; വിമതരെ നേരിടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മാര്‍പ്പാപ്പ

പ്രശസ്ത നടന്‍ എംസി കട്ടപ്പന അന്തരിച്ചു

ടി20 ലോകകപ്പ് 2024: ആ താരത്തെ ടീമിലുള്‍പ്പെടുത്തുന്നതിനെ രോഹിതും അഗാര്‍ക്കറും ഒരേപോലെ എതിര്‍ത്തു, എന്നിട്ടും കയറിക്കൂടി!

മുംബൈയില്‍ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോര്‍ഡ് തകർന്ന് വീണ് അപകടം; 14 മരണം, 60 പേര്‍ക്ക് പരുക്ക്

ഐപിഎല്‍ 2024: സഞ്ജുവിന് ഇരുട്ടടി, സൂപ്പര്‍ താരം ടീം വിട്ടു, ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തി; ഉള്ളിലുണ്ടായിരുന്ന രോഗി വെന്തുമരിച്ചു; മൂന്നു ജീവനക്കാര്‍ക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ