ഇതൊക്കെ തെളിവാണോ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കേസ് കൊടുക്ക്, ഈ പറഞ്ഞതൊന്നും സാധ്യമായതല്ല എന്നൊക്കെ പറഞ്ഞ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ ആരേയും അറിയിക്കാതെ പിന്നോട്ടൊരു അടിവെച്ചത് രാജ്യം എന്തായാലും ശ്രദ്ധിച്ചിട്ടുണ്ട്. വോട്ട് ചോരിയ്ക്ക് പിന്നാലെ ആള്‍ക്കാരെ വെട്ടിമാറ്റിയ മണ്ഡലങ്ങളുടെ തെളിവുകള്‍ രാഹുല്‍ ഗാന്ധി പുറത്തുവിട്ടപ്പോള്‍ ഇങ്ങനെയൊന്നും പറ്റില്ലെന്ന് പറഞ്ഞവര്‍ പയ്യേ ചുവടുമാറ്റി പുതിയ നിബന്ധനകള്‍ കൊണ്ടുവന്നിടത്തുണ്ട്. പുതിയ പരിഷ്‌കാരം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും, തിരുത്തലുകള്‍ വരുത്താനും ഇനി മുതല്‍ ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കണമെന്നതാണ്. അപ്പോള്‍ ഇതുവരെ എങ്ങനെ എന്ന ചോദ്യവും രാഹുല്‍ ഗാന്ധി തുറന്നുവിട്ട സംശയവും ഒന്നിച്ചുചേരുന്നുണ്ട്. വോട്ടര്‍ ഐഡി നമ്പറും ഏതെങ്കിലും ഫോണ്‍ നമ്പറും നല്‍കിയാല്‍ അപേക്ഷകള്‍ അംഗീകരിക്കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നതെന്ന് പറയുമ്പോള്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ വോട്ട് അവര്‍ അറിയാതെ നീക്കം ചെയ്തുവെന്ന് പറഞ്ഞ കാര്യങ്ങള്‍ക്ക് സാധുത വന്നിരിക്കുകയാണ്.
വോട്ട് ചോരിയില്‍ അടിമുടി രഹസ്യാത്മത സൂക്ഷിക്കുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിക്കുന്ന വിവരവും വീഡിയോയും ഒന്നും നല്‍കാതെ വലിയ രീതിയിലുള്ള ഒളിച്ചുകളി നടത്തുന്നത് സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. പുതിയ നിബന്ധനകള്‍ കൊണ്ടുവന്നും പുത്തന്‍ പരിഷ്‌കാരവുമായി ഇനിയെന്താണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് പുറത്തുവിടുകയെന്ന പേടിയിലാണ് രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതിനിടയില്‍ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വലിയ ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ വിഷയം എങ്ങനേയും തണുപ്പിക്കാന്‍ ഇനിയുള്ള നടപടികളില്‍ എല്ലാ പാര്‍ട്ടികളേയും വിളിച്ച് ഇലക്ടറല്‍ റോളില്‍ ചര്‍ച്ചയ്ക്കും ഒരുങ്ങുന്നുണ്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറും സംഘവും. ബീഹാര്‍ എസ്ഐആര്‍ അഥവാ തീവ്രപരിശോധന വിവാദം കോടതിയിലടക്കം വലിയ വിഷയമായതോടെ പാന്‍-ഇന്ത്യ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടികളുമായി കൂടിയാലോചിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതിയിടുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.