തെരുവുനായ കടിച്ചു പരിക്കേറ്റ പന്ത്രണ്ടുകാരി മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അല്‍പ്പം സമയം മുമ്പാണ് നമ്മള്‍ കേട്ടത്. കഴിഞ്ഞ മാസം 14 ന് രാവിലെ പാല്‍ വാങ്ങാന്‍ പോകവേ റാന്നി പെരുനാട് കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജ് റോഡില്‍ വെച്ചാണ് റാന്നി പെരുനാട് സ്വദേശിയായ അഭിരാമി എന്ന പന്ത്രണ്ട് കാരിക്ക് തെരുവുനായ്കളുടെ കടിയേല്‍ക്കുന്നത്. പേ വിഷബാധയ്ക്കെതിരായ മൂന്ന് പ്രതിരോധ കുത്തിവെയ്പ്പുകളും എടുത്തിരുന്നു എന്നിട്ടും ഗുരുതരാവസ്ഥയിലായ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ ആറ് മാസത്തിനുളളില്‍ പേപ്പടി കടിച്ച കേരളത്തില്‍ മരിച്ചത് ഏതാണ്ട് 20 പേരാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ അതായത് 2016 ജനുവരി മുതല്‍ 2021 ജൂലൈ വരെ കേരളത്തില്‍ തെരുവുനായ്കളുടെ ആക്രമണത്തിന് വിധേയമായത് എട്ട് ലക്ഷത്തി ഒമ്പതിനായിരത്തി അറിന്നുറ്റി ഇരുപത്തിയൊമ്പത് പേരാണ്. (8,09,629 ) ഇത് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നതാണ്. പലപ്പോഴും കൊച്ചുകുട്ടികളും വൃദ്ധരുമെല്ലാം തെരുവ് നായ്കളുടെ കൂട്ടത്തോടെയുള്ള ആക്രമണങ്ങള്‍ക്ക് വിധേയരാകാറുണ്ട്.
കഴിഞ്ഞ ആറ് മാസത്തിനള്ളില്‍ പേ വിഷബാധയേറ്റ എല്ലാവരും മരിക്കുന്ന അവസ്ഥ കേരളത്തിലുണ്ടായത് ഭയാനകമാണ്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ കേരളത്തിലെ ഏതാണ്ട് എല്ലാ ആശുപത്രികളിലും പേ വിഷബാധക്കുള്ള മരുന്നുകള്‍ സുലഭമായുണ്ട്. എന്നാല്‍ മൂന്ന് ഡോസ്് വാക്‌സിനുകളും എടുത്തിട്ടും പേ വിഷബാധയേറ്റ് ആളുകള്‍ മരിക്കുന്നത് വളരെ ആശങ്കയുണര്‍ത്തിയിരിക്കുകയാണ്. മുഴുവന്‍ വാക്‌സിനും എടുത്ത ശേഷം കടിയേറ്റവര്‍ മരിക്കുന്നത് വാക്‌സിന്റെ ഗുണമേന്‍മയെ കുറിച്ചുള്ള സംശയങ്ങളുണര്‍ത്തിയിരിക്കുകയാണ്.
വാക്‌സിന്‍ എടുക്കുന്ന രീതി, വാക്‌സിന്‍ സൂക്ഷിക്കുന്ന രീതി ഇവയെല്ലാം അതീവ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കുത്തിവയ്‌പെടുത്താലും പ്രതിരോധം രൂപപ്പെടാന്‍ ഒരാഴ്ച വരെ സമയം എടുക്കും,അത് വരെ സുരക്ഷിതമായിരിക്കാന്‍ ഇമ്യുണോ ഗ്‌ളോബുലിന്‍ പോലുള്ളവ നല്‍കേണ്ടതാണ്. പ്രതിരോധം രൂപ്പെടുന്നത് വരെ വൈറസ് നിഷ്‌ക്രിയമാക്കാനാണ് ഇത് നല്‍കുന്നത്.
പേപ്പട്ടി വിഷത്തിനെതിരെയുള്ള കുത്തിയവയ്പ് അതായത് റാബിസ് വാക്‌സിന്‍ നൂറുശതമാനം സുരക്ഷിതമാണെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ശ്രദ്ധയോടെ വാക്‌സിന്‍ സൂക്ഷിക്കുന്നിതലും കൈകാര്യം ചെയ്യുന്നതില്‍ നമ്മുടെ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് വരുന്ന പിഴവാണ് വാക്‌സിന്‍ ഫലപ്രദമല്ലന്ന പ്രചരണമുണ്ടാകാന്‍ കാരണം.
അതേ സമയം മൂന്ന് ഡോസ് വാക്‌സിനുകളും എടുത്ത ശേഷം കടിയേറ്റവര്‍ മരിക്കുന്നതിനെക്കുറിച്ച് അടിയന്തിരമായ പരിശോധനകള്‍ വേണമെന്ന് തന്നെയാണ് ഒരു വിഭാഗം ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ചുളള് ആശങ്കകള്‍ക്ക് കൃത്യമായി മറുപടി പറയാതിരുന്ന ആരോഗ്യമന്ത്രിയെ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തുന്നതും നമ്മള്‍ കണ്ട്. അപ്പോള്‍ റാബീസ് വാക്‌സിനുകള്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ഇല്ലയോ എന്നതിനെപ്പറ്റി ആരോഗ്യ വകുപ്പിന് തന്നെ വലിയ ധാരണയില്ലന്നാണ് വ്യക്തമാകുന്നത്. ഇത് വലിയ അപകടമാണ്. ജനങ്ങളുടെ ജീവന്റെ കാര്യത്തില്‍ സംശയത്തിനിട നല്‍കുന്ന ഒരു നീക്കവും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാന്‍ പാടില്ല. റാബ്ഡോവിറിഡേ കുടുംബത്തില്‍പ്പെട്ട ആര്‍.എന്‍.എ. വൈറസാണ് റാബിസ് വൈറസ്. മൃഗങ്ങളുടെ കടിയേല്‍ക്കുക വഴി വൈറസുകള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ 20 മുതല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും.
റാബിസ് വാക്‌സിനുകള്‍ ലൈവ് വാക്‌സിനുകള്‍ ആണ്. അവ ശരിയായ ഊഷ്മാവില്‍ സൂക്ഷിച്ചില്ലെങ്കില്‍ ആ വാക്‌സിന്‍ ശരിയാ രീതിയില്‍ പ്രവര്‍ത്തിക്കില്ല. ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കില്ല. 2.8 ഡിഗ്രി സെല്‍ഷ്യസിലാണ് ഇവ സൂക്ഷിക്കേണ്ടത്. ഇതിലുണ്ടാകുന്ന പിഴവുമൂലം വാക്‌സിന്റെ ഗുണമേന്മയില്‍ മാറ്റം വന്നേക്കാം. കുത്തിവെക്കുന്ന പ്രക്രിയയില്‍ വരുന്ന സാങ്കേതികപ്പിഴവും വാക്‌സിന്‍ പരാജയപ്പെടാന്‍ കാരണമായേക്കാം. പോയിന്റ് വണ്‍ മില്ലിയാണ് ചര്‍മപാളികളിലേക്ക് കുത്തിവെക്കുന്നത്. അത് പ്രത്യേകപരിശീലനം ലഭിച്ച നഴ്‌സുമാര്‍ക്ക് മാത്രമേ കുത്തിവെക്കാന്‍ പറ്റൂ. അതുമാറിയാല്‍ ഉദ്ദേശിച്ച ഗുണം ലഭിക്കണമെന്നില്ല.
ഒരു വാക്‌സിന്‍ തുറന്നു കഴിഞ്ഞാല്‍ എട്ടുമണിക്കൂറിനുള്ളില്‍ അത് ഉപയോഗിച്ച് തീര്‍ക്കണം. അഞ്ചുപേര്‍ക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാക്കിയുള്ളവ ഉപയോഗശൂന്യമായി എന്നാണര്‍ഥം. അത് കൃത്യതയോടെ കൈകാര്യം ചെയ്യാത്തതും വിപരീതഫലമുണ്ടാക്കാം. ഇതെല്ലാം സര്‍ക്കാര്‍ വിദഗ്ധരെ ഉപയോഗിച്ച് പരിശോധിക്കുകയും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ മാറ്റുകയും ചെയ്യേണ്ടത് അത്യവിശ്യമാണ്.
ഇതെല്ലാം വാക്‌സിന്റെ സാങ്കേതികമായ വശങ്ങള്‍, എന്നാല്‍ കേരളത്തിലെ തെരുവുകള്‍ എന്ത് കൊണ്ടാണ് നായ്കള്‍ കീഴടക്കിക്കഴിഞ്ഞത്? 2016 മുതല്‍ കേരളത്തില്‍ നടക്കുന്ന മൃഗങ്ങളുടെ ആക്രമണത്തില്‍ അമ്പത് ശതമാനത്തിലധികവും തെരുവുനായ്കളുടെ ആക്രമണമാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തെരുവുപട്ടികളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ ആവിഷ്‌കരിച്ച എല്ലാ പദ്ധതികളും പരാജയപ്പെട്ടതാണ് നമ്മുടെ തെരുവുകളെല്ലാം നായ്കള്‍ കീഴ്‌പെടുത്താനുള്ള പ്രധാന കാരണം.
ഓരോ പ്രദേശത്തും തെരുവുനായ്ക്കളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പദ്ധതികള്‍ കൃത്യമായി നടപ്പാക്കിയിരുന്നെങ്കില്‍ തെരുവുനായ്ക്കളുടെ എണ്ണവും മനുഷ്യജീവന് ഭീഷണിയും നിയന്ത്രിക്കാമായിരുന്നു,
മനുഷ്യന്‍ ജീവന് വിലകല്‍പ്പിക്കുന്ന ഒരു സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെങ്കില്‍ ഇത്തരത്തിലുള്ള അലംഭാവം ഉണ്ടാകില്ല, നമ്മുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളാണ് ഇക്കാര്യത്തില്‍ വളരെ ഗുരുതരമായ വീഴ്ച വരുത്തിയത്. തെരുവുനായ്കളെ വന്ധ്യം കരിക്കുന്ന കാര്യത്തില്‍ ഉണ്ടായ വലിയ വീഴ്ചയാണ് ഇവയുടെ എണ്ണം വര്‍ധിക്കാനുള്ള പ്രധാനകാരണം. എന്നാല്‍ യാതൊരു നടപടിയും ഇക്കാര്യത്തില്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായില്ല.
സര്‍ക്കാര്‍, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തലൂടെയ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയു. അലഞ്ഞ് തിരിയുന്ന നായ്കകളെ അടിയന്തിരമായി വന്ധ്യം കരിക്കുക, എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പേ വിഷക്കുള്ള കുത്തവയ്പുകളുണ്ടാകുക, വാക്‌സിന്റെ ഫലപ്രാപ്തിയെക്കുറിച്ചസംശയമുണ്ടെങ്കില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തെക്കൊണ്ട് അത് പരിശോധിപ്പിച്ച് ഗുണമേന്‍മ ഉറപ്പ് വരുത്തുക, മാലിന്യ നിര്‍മ്മര്‍ജ്ജനത്തിന്റെ കാര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഫലപ്രദമായി ഇടപെടുക ഇവയെല്ലാം ഒരു പോലെ നടന്നെങ്കില്‍ മാത്രമേ തെരുവ് നായ്്ക്കള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാനും ജനങ്ങള്‍ക്ക് ഭയരഹിതമായി തെരുവുകളില്‍ സഞ്ചരിക്കാനും കഴിയൂ.