ബിഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് രാഹുല്‍ ഗാന്ധിയെ കാണുന്നില്ലെന്ന് ദേശീയമാധ്യമങ്ങളൊക്കെ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയാക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസിലെ തമ്മില്‍തല്ല് പരിഹരിച്ചു നടക്കേണ്ട അവസ്ഥയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമുള്ള കേരളത്തില്‍ പതിവ് പോലെ കോണ്‍ഗ്രസ് ഗ്രൂപ്പ് കളി തുടങ്ങിയിട്ടുണ്ട്. മുഖ്യമന്ത്രി കസേരയ്ക്ക് മൂപ്പിളമ തര്‍ക്കവും അവകാശവാദവും തിരഞ്ഞെടുപ്പിന് മുമ്പേ ഉണ്ടായി കഴിഞ്ഞു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മുലുള്ള ഉടക്കും കെ സുധാകരനുണ്ടാക്കുന്ന പൊല്ലാപ്പും കെ മുരളീധരന്റെ പിണക്കവും യൂത്ത് കോണ്‍ഗ്രസ് തലത്തിലുള്ള ഷാഫി പറമ്പിലിന്റെ മലബാര്‍ ശക്തിപ്പെടലും കെ സി വേണുഗോപാലിനൊപ്പമുള്ള ടി സിദ്ദിഖിന്റെ നീക്കവും ആകെ മൊത്തത്തില്‍ വല്ലാത്ത പൂരപ്പറമ്പാണ് കെപിസിസി.
ഡല്‍ഹിയില്‍ കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുന്‍ഷി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കുമെല്ലാം തന്നെ നാളുകള്‍ക്ക് മുമ്പേ ഇവിടുത്തെ ചക്കിളത്തിപ്പോരിന്റെ കഥകള്‍ നല്‍കി കഴിഞ്ഞതാണ്. തിരഞ്ഞെടുപ്പ് അടുത്തിട്ടും പാര്‍ട്ടിയ്ക്കുള്ളില്‍ പ്രബലരാകാന്‍ പരസ്പരം ചെളിവാരിയെറിയുന്ന നേതാക്കള്‍ കേരളത്തില്‍ നിലവിലുള്ള ഭരണവിരുദ്ധ വികാരത്തെ ഉപയോഗപ്പെടുത്തുന്നതിനപ്പുറം ഗ്രൂപ്പുകളി കളിയ്ക്കുന്നതില്‍ ഹൈക്കമാന്‍ഡിന് നല്ല എതിര്‍പ്പുണ്ട് താനും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതാക്കളുമായി അടച്ചിട്ട മുറിയില്‍ നേരിട്ടുള്ള കൂടിക്കാഴ്ച നടത്തിയത് സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനേയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും പുറത്തിരുത്തിയാണ്. കേരളത്തിലെ പ്രശ്‌നം പാര്‍ട്ടി ജയിക്കും മുമ്പേ ചിലര്‍ മുഖ്യമന്ത്രിയാകാന്‍ മല്‍സരിക്കുന്നതാണെന്നും മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ അനൈക്യത്തിന് തുടക്കമിടുന്നെന്നുമെല്ലാം കെ സുധാകരന്‍ യോഗത്തിലും പുറത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലും പറഞ്ഞു തമ്മില്‍തല്ലിന്റെ കാര്യത്തില്‍ സ്ഥിരീകരണം നല്‍കിയിട്ടുണ്ട്.