243 നിയമസഭ മണ്ഡലങ്ങള്‍, 122 എന്ന മാജിക് നമ്പര്‍, ബിഹാര്‍ കേന്ദ്രഭരണത്തിലുള്ളവര്‍ക്ക് നിര്‍ണായകമാകുന്നത് സഖ്യത്തിന്റെ കെട്ടുപൊട്ടിക്കാന്‍ ഒരു പരാജയത്തിന് കഴിയുമെന്നുള്ളത് കൊണ്ടാണ്. ബിഹാറില്‍ അടിച്ചതെല്ലാം തിരിച്ചടിച്ചെന്ന പ്രതീതിയാണ് ബിജെപിയ്ക്ക്. വോട്ടുചോരി ആരോപണം ഉയര്‍ത്തിയ ജാഗ്രത ആദ്യം പ്രതിഫലിക്കുക ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിലാവും. തീവ്ര പരിശോധന അഥവ എസ്‌ഐആര്‍ ബിഹാറിലുണ്ടാക്കിയ അരക്ഷിതാവസ്ഥയും ഭരണത്തിലിരിക്കുന്നവരെ വേട്ടയാടും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുകയും തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുകയും കൂടി ചെയ്യുന്നതോടെ ബിഹാറില്‍ കളമൊരുങ്ങും.
ഭരണവിരുദ്ധ വികാരം വേണ്ടുവോളം ബിഹാറില്‍ നിലനില്‍ക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണവും തുടര്‍ന്ന് തേജസ്വി യാദവിനൊപ്പം രാഹുല്‍ നയിച്ച പ്രചാരണയാത്ര അടിത്തറയില്‍ കാര്യമായ ചലനമുണ്ടാക്കിയെന്നും ബിജെപിയ്ക്ക് വ്യക്തമാണ്. നരേന്ദ്ര മോദി മാത്രമല്ല അമിത് ഷായും പല സംസ്ഥാനങ്ങളിലും വോട്ടുചോരിക്ക് ശേഷമുണ്ടായ ചലനം റാലികളില്‍ തൊട്ടറിഞ്ഞതാണ്. ഭരണവിരുദ്ധ വികാരത്തിന് നടുവിലെ ബിഹാര്‍ കടമ്പ അത്ര എളുപ്പമല്ലെന്നാണ് എന്‍ഡിഎ ക്യാമ്പിന്റെ വിലയിരുത്തല്‍. എസ്‌ഐആര്‍ മുസ്ലിങ്ങളെ ലക്ഷ്യമിട്ടാണെന്ന ആക്ഷേപം ശക്തമായിരിക്കുമ്പോള്‍ തന്നെ ജാര്‍ഖണ്ഡില്‍ പരീക്ഷിച്ച അനധികൃത നുഴഞ്ഞുകയറ്റമെന്ന വിഷയം ബിഹാറില്‍ കത്തിച്ച് പ്രചാരണം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ന്രരേന്ദ്ര മോദിയും അമിത് ഷായും. ധ്രുവീകരണ രാഷ്ട്രീയം തന്നെയാണ് ബിഹാറിലും ബിജെപിയുടെ അജണ്ട.