വ്യവസായ മേഖലയ്ക്കും കോർപ്പറേറ്റുകൾക്കും ആനുകൂല്യങ്ങളും ഇളവുകളും വാരിക്കോരി പ്രഖ്യാപിച്ച 2026-27 ലെ കേന്ദ്ര ബജറ്റ് കർഷകരെയും കാർഷിക മേഖലയെയും തീർത്തും അവഗണിച്ചു. ബജറ്റിലെ കർഷക സ്നേഹം പതിവ് ചടങ്ങ് പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും വിപണിയിൽ വില ഉറപ്പാക്കുന്നതിനുമുള്ള പദ്ധതികളൊന്നും മൂന്നാം നരേന്ദ്ര മോദി സർക്കാരിനു വേണ്ടി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച മൂന്നാമത്തെ ബജറ്റിൽ ഇല്ല.കാർഷിക മേഖലയ്ക്ക് വേണ്ടി 1,62,671 കോടി രൂപയാണ് 2026-27 ലെ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 2025-26 ലെ പുതുക്കിയ എസ്റ്റിമേറ്റായ 1,51,853 കോടി രൂപയിൽ നിന്ന് കേവലം 7 ശതമാനത്തിൻ്റെ വർധനവാണ് ഈ വർഷത്തെ ബജറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കർഷകരുടെ വരുമാനം വർധിപ്പിക്കുമെന്ന പതിവ് പല്ലവി ആവർത്തിക്കുന്നതിന് അപ്പുറം കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികളൊന്നും ബജറ്റിൽ ഇല്ല. കണ്ണിൽ പൊടിയിടുന്ന ചുരുക്കം കാർഷിക പദ്ധതികളുടെ പ്രഖ്യാപനങ്ങളിൽ ബജറ്റ് ഒതുങ്ങി.
കഴിഞ്ഞ 5 വർഷം കാർഷിക മേഖലയുടെ വളർച്ച പ്രതിവർഷം 4.4 ശതമാനം എന്ന നിരക്കിൽ ആയിരുന്നുവെന്ന് ബജറ്റിന് മുന്നോടിയായി പാർലമെൻ്റിൽ സമർപ്പിച്ച 2025-26 ലെ സാമ്പത്തിക സർവ്വെയിൽ പറയുന്നു. മൃഗസംരക്ഷണം ,മത്സ്യം വളർത്തൽ ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചർ ഉല്പന്നങ്ങൾ എന്നീ മേഖലകളിലെ ഉയർന്ന വളർച്ചാ നിരക്കാണ് കാർഷിക മേഖലയിലെ വളർച്ച കഴിഞ്ഞ വർഷങ്ങളിൽ സുസ്ഥിരമായി നിലനിർത്തിയത്.ഈ മേഖലകൾക്കാണ് 2026-27 ലെ ബജറ്റിൽ കേന്ദ്ര ധനമന്ത്രി ഉയർന്ന പരിഗണന നൽകിയിരിക്കുന്നത്.മത്സ്യബന്ധന മേഖലയിൽ 500 ജലസംഭരണികളുടെയും അമൃത് സരോവറുകളുടെയും സംയോജിത വികസനത്തിനുള്ള പദ്ധതികൾ നടപ്പാക്കും.തീരദേശ മേഖലയിൽ മത്സ്യബന്ധന മൂല്യ ശൃംഖലകളും വിപണികളും മത്സ്യ കർഷക ഉൽപാദക സംഘടനകൾ ,സ്റ്റാർട്ടപ്പുകൾ, വനിതാ സംഘങ്ങൾ എന്നിവയെ സഹകരിപ്പിച്ചു കൊണ്ട് ശക്തിപ്പെടുത്തും.
കർഷകരുടെ വരുമാനത്തിൻ്റെ 16 ശതമാനവും സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ മേഖലയാണ്. പാവപ്പെട്ടവരും ചെറുകിടക്കാരുമായ സാധാരണ കർഷകരുടെ പ്രധാന ഉപജീവന മാർഗ്ഗമാണ് മൃഗസംരക്ഷണം. ഈ മേഖലയിലെ സംരഭകത്വ വികസനത്തിന് നടപടികൾ സ്വീകരിക്കും.വായ്പയുമായി ബന്ധപ്പെടുത്തിയ സബ്സിഡി പദ്ധതി,കന്നുകാലി സംരംഭങ്ങളുടെ വിപുലീകരണവും ആധുനികവൽക്കരണവും, കന്നുകാലി, ക്ഷീര, കോഴി കേന്ദ്രീകൃത സംയോജിത മൂല്യ ശൃംഖലകൾ, മൃഗ സംരക്ഷണ മേഖലയിലെ കർഷക ഉൽപാദക സംഘടനകളുടെ രൂപീകരണം എന്നിവയിലൂടെ ഗ്രാമീണ മേഖലയിലും നഗര പ്രാന്തങ്ങളിലും ഗുണമേന്മയുള്ള കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
വെറ്ററിനറി ഉന്നത വിദ്യാഭ്യാസം, ആശുപത്രി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ വൻ തോതിലുള്ള സ്വകാര്യവൽക്കരണത്തിന് വാതിൽ തുറക്കുന്നതാണ് നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2026-27 ലെ കേന്ദ്ര ബജറ്റ്.വെറ്ററിനറി പ്രൊഫഷണലുകളുടെ ലഭ്യത 20000 ൽ കൂടുതൽ വർദ്ധിപ്പിക്കുന്നതിന്, സ്വകാര്യ മേഖലയിൽ വെറ്ററിനറി കോളേജുകളും പാരാ വെറ്ററിനറി കോളേജുകളും സ്ഥാപിക്കാൻ കേന്ദ്ര ഗവണ്മെൻ്റെ സഹായം നൽകും.ഇതിനു വേണ്ടി വായ്പാധിഷ്ഠിത മൂലധന സബ്സിഡി ഏർപ്പെടുത്തും. സ്വകാര്യ വെറ്ററിനറി ആശുപത്രികൾ, ഡയഗ്നോസ്റ്റിക് ലബോറട്ടറികൾ, പ്രജനന കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനും വായ്പയുമായി ബന്ധപ്പെട്ട മൂലധന സബ്സിഡി പദ്ധതി നടപ്പിലാക്കും.ഈ മേഖലയിൽ ഇന്ത്യൻ സ്ഥാപനങ്ങളും വിദേശ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണവും സുഗമമാക്കും. വെറ്ററിനറി വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യ നിക്ഷേപകരെയും സ്ഥാപനങ്ങളെയും ആകർഷിക്കാൻ കേന്ദ്രം അടുത്ത കാലത്ത് ചട്ടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. വെറ്ററിനറി കോളേജ് സ്ഥാപിക്കുന്നതിനു വേണ്ട സ്ഥലത്തിൻ്റെ വിസ്തൃതി 25 ഏക്കറിൽ നിന്നും 15 ഏക്കറായി കുറച്ചു. 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത സ്ഥലത്തും കോളേജ് സ്ഥാപിക്കാമെന്ന് നിയമം ഭേദഗതി ചെയ്തു. ഇതിന് പുറമെയാണ് വായ്പയുമായി ബന്ധിപ്പിച്ച മൂലധന സബ്സിഡി ഈ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സർക്കാർ സംവിധാനങ്ങൾ ഈ മേഖലയിൽ നിന്ന് പിൻവാങ്ങുന്നതിന് കാരണമായേക്കാം. വെറ്ററിനറി വിദ്യാഭ്യാസത്തിൻ്റെയും സേവനങ്ങളുടെയും ഗുണനിലവാരത്തെയും ബാധിച്ചേക്കാം
മൃഗ സംരക്ഷണം ,മത്സ്യം വളർത്തൽ എന്നിവയ്‌ക്കൊപ്പം ബജറ്റിൽ മുൻഗണന നൽകിയിരിക്കുന്ന മൂന്നാമത്തെ മേഖല ഉയർന്ന മൂല്യമുള്ള കാർഷിക വിളകളുടെ പ്രോത്സാഹനമാണ്.ഇതിൻ്റെ ഭാഗമായി കാർഷിക ഉൽപാദനം വൈവിധ്യവൽക്കരിക്കുന്നതിനും, ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി തീരദേശ പ്രദേശങ്ങളിൽ തെങ്ങ്, ചന്ദനം, കൊക്കോ, കശുവണ്ടി തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കും. ലോകത്ത് ഏറ്റവും കൂടുതൽ നാളികേരം ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. പത്ത് ദശലക്ഷം കർഷകർ ഉൾപ്പെടെ ഏകദേശം 30 ദശലക്ഷം ആളുകൾ ഉപജീവനത്തിനായി നാളികേരത്തെ ആശ്രയിക്കുന്നു. നാളികേര ഉൽപ്പാദനത്തിൽ മത്സരശേഷി വർദ്ധിപ്പിക്കുന്നതിന്, പ്രധാന നാളികേര കൃഷി സംസ്ഥാനങ്ങളിൽ പ്രായമേറിയതും ഉൽപ്പാദനക്ഷമമല്ലാത്തതുമായ തെങ്ങുകൾ മാറ്റി പുതിയ തൈകൾ നടും.ഇത് ഉൾപ്പെടെയുള്ള വിവിധ ഇടപെടലുകളിലൂടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ഒരു നാളികേര പ്രോത്സാഹന പദ്ധതി നടപ്പാക്കും. പഴയതും രോഗബാധിതമായതുമായ തെങ്ങുകൾ വെട്ടി മാറ്റി പുതിയ തെങ്ങിൻ തൈകൾ നടുന്നതിനുള്ള പദ്ധതി വർഷങ്ങളായി നാളികേര വികസന ബോർഡ് നടപ്പാക്കി വരുന്നതാണ്. ഈ പദ്ധതിയിൽ ഒരു പുതുമയുമില്ല. അതേ സമയം നാളികേര മൂല്യവർധനവിനോ നാളികേര കർഷക ഉല്പാദക സംഘടനകളെ ശക്തിപ്പെടുത്തുന്നതിനോ പുതിയ പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല
വടക്കു-കിഴക്കൻ ഇന്ത്യയിൽ അഗർ മരങ്ങളും, കുന്നിൻ പ്രദേശങ്ങളിൽ ബദാം, വാൽനട്ട്, പൈൻ നട്ട് തുടങ്ങിയവയുടെയും കൃഷി പ്രോത്സാഹിപ്പിക്കും. 2030 ആകുമ്പോഴേക്കും അസംസ്കൃത കശുവണ്ടി, കൊക്കോ എന്നിവയുടെ ഉൽപാദനത്തിലും സംസ്കരണത്തിലും ഇന്ത്യയെ സ്വയംപര്യാപ്തമാക്കും. ഇവയുടെ കയറ്റുമതി മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും ഇന്ത്യൻ കശുവണ്ടിയെയും ഇന്ത്യൻ കൊക്കോയെയും പ്രീമിയം ആഗോള ബ്രാൻഡുകളാക്കി മാറ്റുന്നതിനുമായി ഇന്ത്യൻ കശുവണ്ടിക്കും കൊക്കോയ്ക്കും വേണ്ടി ഒരു സമർപ്പിത പദ്ധതി നടപ്പാക്കും.ഇന്ത്യയുടെ സാമൂഹിക-സാംസ്കാരിക പൈതൃകവുമായി അടുത്ത ബന്ധമുള്ള വൃക്ഷമാണ് ചന്ദനം. ഇന്ത്യൻ ചന്ദന ആവാസവ്യവസ്ഥയുടെ മഹത്വം പുനഃസ്ഥാപിക്കുന്നതിനും കേന്ദ്രീകൃത കൃഷിയും വിളവെടുപ്പിനു ശേഷമുള്ള സംസ്കരണവും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനങ്ങളുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും.
വാൽനട്ട്, ബദാം, പൈൻ നട്സ് എന്നിവയുടെ പഴയ തോട്ടങ്ങൾ മാറ്റി പുതിയ തൈകൾ നട്ട് പുനരുജ്ജീവിപ്പിക്കും. ഈ വിളകളിൽ അതി സാന്ദ്രതാ കൃഷി രീതി നടപ്പാക്കും. കർഷകരുടെ വരുമാനം വർധിപ്പിക്കാനും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഇവയുടെ മൂല്യവർധനവിന് പ്രത്യേക പദ്ധതി നടപ്പാക്കും ‘ഹൈ വാല്യു ‘. ഹോർട്ടികൾച്ചർ വിളകളുടെ കൃഷി പ്രോത്സാഹിപ്പിക്കാൻ 2026–27 വർഷത്തിൽ “ഉയർന്ന മൂല്യമുള്ള കൃഷിക്കുള്ള പിന്തുണ” എന്ന വിഭാഗത്തിൽ ബജറ്റ് 350 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻ്റെ വിള പരിപാലന ശുപാർശകളും അഗ്രിസ്റ്റാക് പോർട്ടലുമായി സംയോജിപ്പിച്ച് ഭാരത് വിസ്താർ (വിർച്ചലി ഇൻ്റഗ്രേറ്റഡ് സിസ്റ്റം ടു അസ്സസ് അഗ്രികൾച്ചറൽ റിസോഴ്സസ്) എന്ന നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ സംവിധാനം സ്ഥാപിക്കും.ഈ ബഹുഭാഷാ എ ഐ സംവിധാനം ഉപയോഗിച്ച് കീട -രോഗ നിയന്ത്രണം, ജലസേചനം ,വളപ്രയോഗം തുടങ്ങിയവയെ കുറിച്ചുള്ള സംശയങ്ങൾ കർഷകർക്ക് അവരുടെ ഭാഷയിൽ തന്നെ ദുരീകരിക്കാം. വിളകളുടെ വിപണി വില, കൃഷിയുടെ ആസൂത്രണം, സർക്കാരിൻ്റെ കാർഷിക പദ്ധതികൾ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളും ഈ സംവിധാനത്തിൽ നിന്ന് ലഭിക്കും.ഗ്രാമീണ സ്ത്രീകളുടെ ഉപജീവന മാർഗ്ഗങ്ങൾ ശക്തിപ്പെടുത്തുന്നതിന് സ്വയം സഹായ സംരംഭകരായ വനിതകളുടെ നേതൃത്വത്തിൽ,സാമൂഹിക ഉടമസ്ഥതയിലുള്ള ഷീ- മാർട്ടുകൾ ഗ്രാമങ്ങളിൽ തുടങ്ങും.
2025-26 ലെ സാമ്പത്തിക സർവ്വെ കാർഷിക മേഖലയിൽ കർഷകരുടെ വരുമാനവും വിളകളുടെ ഉല്പാദനക്ഷമതയും വർധിപ്പിക്കുന്നതിന് നിരവധി നയപരമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു.കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വേഗതയിൽ രാജ്യത്ത് വിളകളുടെ ഉൽപാദനക്ഷമത വർദ്ധിക്കുന്നില്ല. ഇതിന് ജലസേചനം, രാസവള പ്രയോഗം എന്നീ മേഖലകളിൽ അടിയന്തിരമായ മാറ്റം വേണം.രാസവള പ്രയോഗത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും നയപരമായ ചില തീരുമാനങ്ങൾ അനിവാര്യമാണെന്ന് സർവ്വെ ഊന്നിപ്പറഞ്ഞിരുന്നു. അനുയോജ്യമായ നൈട്രജൻ-ഫോസ്ഫറസ്-പൊട്ടാസ്യം അനുപാതം 4:2:1 ആയി കണക്കാക്കപ്പെടുന്നു. 2009-10 ൽ 4:3.2:1 ആയിരുന്ന ഈ അനുപാതം 2023-24 ൽ 10.9:4.1:1 ആയി കുറഞ്ഞു. മണ്ണിന്റെ ആരോഗ്യം പുനഃസ്ഥാപിക്കുന്നതിന് ഈ അസന്തുലിതാവസ്ഥ അടിയന്തിരമായി പരിഹരിക്കേണ്ടത് നിർണായകമാണ്.രാജ്യത്തെ രാസവളം ഉല്പാദന മേഖലയും പ്രതിസന്ധിയിലാണ്ആഭ്യന്തര ഉൽപ്പാദനം ഇടിയുകയും ഉപഭോഗം കൂടുകയും ചെയ്തതിനാൽ 2025-26 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിൽ യൂറിയ ഇറക്കുമതി 120 ശതമാനവും ഡിഎപി ഇറക്കുമതി 54 ശതമാനവും വർദ്ധിച്ചു. ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ യൂറിയ ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 40 ദശലക്ഷം ടണ്ണിലെത്തുമെന്ന് കണക്കാക്കുന്നു. രാസവളം ഉല്പാദന മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികളൊന്നും ബജറ്റിൽ ഇല്ല.
ഇന്ത്യയിൽ കൃഷിഭൂമിയുടെ വലിയൊരു ഭാഗം ജലവിതാനം കുറയുന്നതിന്റെ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുകയാണ്. 2001-02 ൽ 41.7 ശതമാനമായിരുന്ന മൊത്തം ജലസേചന വിസ്തൃതി 2022-23 ൽ മൊത്തം വിള വിസ്തൃതിയുടെ 55.8 ശതമാനമായി വർദ്ധിച്ചു. എന്നാൽ വിവിധ സംസ്ഥാനങ്ങളിലും വിളകളിലും ജലസേചനത്തിൽ ഗണ്യമായ അസമത്വം നിലനിൽക്കുന്നു. ചെറുധാന്യങ്ങൾക്ക് 15 ശതമാനത്തിൽ താഴെ മുതൽ നെല്ലിന് ഏകദേശം 67 ശതമാനം വരെയാണ് ജലസേചന വ്യാപ്തി.ജലസേചന മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനും ബജറ്റിൽ നിർദ്ദേശങ്ങൾ ഇല്ല.കാർഷിക വിപണന നയം, ഭക്ഷ്യ സംസ്ക്കരണം, അടിസ്ഥാന സൗകര്യ വികസനം, സഹകരണ മേഖലയുടെ ശക്തിപ്പെടുത്തൽ, അഗ്രി സ്റ്റാർട്ടപ്പുകൾ തുടങ്ങിയവയെ സംബന്ധിച്ചും പ്രഖ്യാപനങ്ങളില്ല.2019- ലാണ് കർഷകർക്ക് പ്രതിവർഷം 6000 രൂപ സഹായധനമായി നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. ഏഴ് വർഷം കഴിഞ്ഞിട്ടും വിലക്കയറ്റം കൂടി കണക്കിലെടുത്ത് ഈ തുക കാലാനുസൃതമായി വർധിപ്പിക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. എല്ലാ കാർഷിക വിളകൾക്കും കുറഞ്ഞ താങ്ങു വില (എം എസ് പി ) നൽകുന്നതിന് നിയമപരമായ പരിരക്ഷ നൽകണമെന്ന കർഷക സംഘടനകളുടെ ദീർഘകാല ആവശ്യവും ബജറ്റ് അവഗണിച്ചു.