രാഹുൽ കേസിൽ കീഴ്കോടതി വിധിയെ ഒരു വ്യക്തിഗത ജാമ്യ ഉത്തരവായി മാത്രം വായിക്കുന്നത് അതിന്റെ നിയമപരമായ പ്രാധാന്യം കുറയ്ക്കുന്നതാകും. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സ്വീകരിച്ച സമീപനം, ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ നിലനിന്നിരുന്ന പല പഴയ കീഴ്‌വഴക്കങ്ങളെയും ഒരുമിച്ച് ചോദ്യം ചെയ്യുന്ന ഒന്നാണ്. പ്രത്യേകിച്ച് “ഉഭയ സമ്മതം”, “പരാതിയിലെ വൈകൽ”, “സംഭവത്തിന് ശേഷമുള്ള പെരുമാറ്റം”, “അറസ്റ്റിന്റെ അനിവാര്യത” എന്നീ വിഷയങ്ങളിൽ കോടതി സ്വീകരിച്ച നിലപാട്, പരമ്പരാഗതമായ അനുമാനാധിഷ്ഠിത വായനയിൽ നിന്ന് വ്യക്തമായി മാറി നിൽക്കുന്നു.
നീണ്ട കാലം ഇന്ത്യൻ കോടതികളിൽ നിലനിന്നിരുന്ന ഒരു സമീപനം ഇതായിരുന്നു: സംഭവത്തിന് ശേഷം ഇരുവരും സൗഹൃദത്തിൽ തുടർന്നാൽ, പരാതിക്കാരി ഉടൻ പരാതി നൽകിയില്ലെങ്കിൽ, അല്ലെങ്കിൽ സാഹചര്യങ്ങൾ “സാധാരണ ബന്ധം” സൂചിപ്പിക്കുന്നതുപോലെ തോന്നിയാൽ, ലൈംഗികബന്ധം ഉഭയ സമ്മതപ്രകാരമായിരിക്കാം എന്ന നിഗമനത്തിലേക്ക് എത്തുക. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതി രണ്ടാം കേസിൽ പിന്തുടർന്നതും ഈ inference-based reasoning തന്നെയായിരുന്നു. എന്നാൽ തിരുവല്ല കോടതി ഈ രീതിയെ തന്നെ നിയമപരമായി പ്രശ്നവത്കരിക്കുന്നു. സമ്മതം എന്നത് അനുമാനിക്കാവുന്ന ഒന്നല്ലെന്നും, അത് ഓരോ കേസിലും രൂപപ്പെടുന്ന സാഹചര്യങ്ങളുടെ ആകെ ഫലമായാണ് വിലയിരുത്തേണ്ടതെന്നും കോടതി വ്യക്തമായി സൂചിപ്പിക്കുന്നു.
സമ്മതം ഒരു നിമിഷത്തിലെ “അതെ”യല്ലെന്ന നിയമബോധമാണ് ഈ വിധിയുടെ അടിത്തറ. സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള മാനസിക ശേഷി, ഭീഷണിയില്ലായ്മ, തെറ്റിദ്ധരിപ്പിക്കൽ ഇല്ലായ്മ, അധികാര അസമത്വം ഇല്ലായ്മ — ഇവയൊക്കെയുണ്ടോ എന്നതാണ് നിർണായകം. ഭാവിയെക്കുറിച്ചുള്ള വ്യാജ വാഗ്ദാനങ്ങൾ, ബന്ധത്തിന്റെ പേരിൽ സൃഷ്ടിക്കുന്ന മാനസിക ആശ്രയം, പ്രതിയുടെ സാമൂഹിക സ്വാധീനം ഉപയോഗിച്ചുള്ള സമ്മർദ്ദം — ഇവയിലൂടെ ലഭിക്കുന്ന സമ്മതം നിയമപരമായി അസാധുവാണെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തുന്നു. ഇത് “ഒരിക്കൽ സമ്മതം നൽകിയാൽ പിന്നെ എല്ലാം സമ്മതമാണ്” എന്ന പഴയ സാമൂഹിക–നിയമ ധാരണയുടെ നേരിട്ടുള്ള നിരാകരണമാണ്.
പരാതി നൽകുന്നതിലെ വൈകലിനെക്കുറിച്ചുള്ള കോടതി നിരീക്ഷണവും സമാനമായി നിർണായകമാണ്. വൈകീർപ്പ് ഉണ്ടായെന്നത് മാത്രം ദുരുദ്ദേശത്തിന്റെ തെളിവായി കണക്കാക്കാനാവില്ലെന്ന നിലപാട്, ലൈംഗിക കുറ്റകൃത്യങ്ങളിലെ പുതിയ നിയമ സമീപനത്തോട് പൂർണമായി യോജിക്കുന്നു. പ്രതിയുടെ ഭീഷണി, സ്വാധീനം, മാനിപുലേഷൻ, സാമൂഹിക അപമാന ഭയം, മാനസിക ആശയക്കുഴപ്പം — ഇവയെല്ലാം വൈകലിന് ന്യായമായ കാരണങ്ങളാണെന്ന് കോടതി അംഗീകരിക്കുന്നു. ഇതിലൂടെ FIR delay വിലയിരുത്തുമ്പോൾ യാന്ത്രികമായ മാനദണ്ഡങ്ങൾ ഒഴിവാക്കി, സാഹചര്യപരമായ വിലയിരുത്തലാണ് ആവശ്യമായതെന്ന് കോടതി ഉറപ്പിക്കുന്നു.
സംഭവത്തിന് ശേഷമുള്ള സന്ദേശങ്ങളും ബന്ധവും ഉദ്ധരിച്ച് പ്രതിഭാഗം ഉന്നയിച്ച വാദങ്ങൾ കോടതി തള്ളുന്നത് മറ്റൊരു നിയമപരമായ മുന്നേറ്റമാണ്. ഇലക്ട്രോണിക് തെളിവുകൾ ഒറ്റയ്ക്ക്, സാമൂഹിക–മാനസിക പശ്ചാത്തലം പരിഗണിക്കാതെ വായിക്കുന്നത് നീതിയാകില്ലെന്ന് കോടതി വ്യക്തമാക്കുന്നു. ഭയം, ട്രോമ, അധികാര അസമത്വം, പ്രതിയോട് നേരിട്ട് എതിർക്കാൻ കഴിയാത്ത അവസ്ഥ — ഇവയെല്ലാം പരിഗണിക്കാതെ “പിന്നീട് സംസാരിച്ചു” എന്ന വസ്തുത മാത്രം സമ്മതത്തിന്റെ തെളിവായി കണക്കാക്കാൻ കഴിയില്ല. ഇത് victim-centric നിയമവായനയിലേക്കുള്ള വ്യക്തമായ നീക്കമാണ്.
അറസ്റ്റും കസ്റ്റഡിയും സംബന്ധിച്ച കോടതി നിരീക്ഷണങ്ങൾ procedural law-ന്റെ മറ്റൊരു പ്രധാന വശം തുറന്നു കാണിക്കുന്നു. “നോട്ടീസ് നൽകിയാൽ ഹാജരാകുമായിരുന്നില്ലേ” എന്ന വാദം ഗുരുതര കുറ്റകൃത്യങ്ങളിൽ നിയമപരമായ അവകാശമായി സ്വീകരിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുന്നു. ചോദ്യം ചെയ്യലിൽ സഹകരിക്കാത്തത്, ഡിജിറ്റൽ ഉപകരണങ്ങൾ നൽകാൻ വിസമ്മതിക്കുന്നത്, അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നത് — ഇവ custodial interrogation ആവശ്യമാണ് എന്ന കണ്ടെത്തലിലേക്ക് കോടതിയെ നയിക്കുന്നു. അറസ്റ്റ് ശിക്ഷയല്ല; അന്വേഷണം സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഒരു നിയമോപാധിയാണെന്ന ബോധമാണ് ഇവിടെ പ്രകടമാകുന്നത്.
പ്രോസീജറൽ വിഷയങ്ങളിലും കോടതി വ്യക്തമായ നിലപാട് സ്വീകരിക്കുന്നു. വീഡിയോ കോൺഫറൻസിലൂടെ എടുത്ത മൊഴിയിൽ മൂന്നു ദിവസത്തിനുള്ളിൽ ഫിസിക്കൽ ഒപ്പ് വേണമെന്ന വാദത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് കോടതി വ്യക്തമാക്കുന്നു. ഡിജിറ്റൽ സിഗ്നേച്ചർ മതിയാകുമെന്ന കണ്ടെത്തലിലൂടെ, സാങ്കേതിക വാദങ്ങൾ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്ന സന്ദേശമാണ് നൽകുന്നത്. പ്രക്രിയ നീതിക്കുള്ള ഉപാധിയാണ്; നീതിക്ക് തടസ്സമാകാനുള്ള ആയുധമല്ല എന്ന തത്വം കോടതി വീണ്ടും ഉറപ്പിക്കുന്നു.
ഈ വിധിയിൽ ഉദ്ധരിക്കുന്ന 2025 ലെ Supreme Court of India നിരീക്ഷണങ്ങൾ ജാമ്യ നിയമത്തിന്റെ ഒരു പുതിയ തുല്യതാബിന്ദു നിർവചിക്കുന്നു. വ്യക്തിയുടെ സ്വാതന്ത്ര്യം പവിത്രമാണെങ്കിലും, നിയമവ്യവസ്ഥ നിലനിൽക്കുന്ന സമൂഹത്തിൽ അത് സാമൂഹിക ഉത്തരവാദിത്തങ്ങൾക്കുള്ളിൽ പ്രവർത്തിക്കണമെന്ന നിലപാട്, “ജാമ്യം നിയമം, ജയിൽ വ്യതിയാനം” എന്ന പഴയ ചൊല്ലിന് വ്യക്തമായ പരിധികൾ ഏർപ്പെടുത്തുന്നു. പ്രത്യേകിച്ച് ലൈംഗിക കുറ്റകൃത്യങ്ങളിൽ, പരാതിക്കാരിയുടെ സുരക്ഷ, സമൂഹത്തിലെ പ്രതിഫലനം, അന്വേഷണത്തിന്റെ വിശുദ്ധി — ഇവയെല്ലാം ജാമ്യ തീരുമാനത്തിൽ നിയമപരമായി പ്രസക്തമാണെന്ന് ഈ സമീപനം വ്യക്തമാക്കുന്നു.
ഇത് ഒരു കീഴ്‌ക്കോടതി വിധിയാണെന്നതുകൊണ്ട് അതിന്റെ പ്രാധാന്യം കുറഞ്ഞുപോകുന്നില്ല. മറിച്ച്, ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ നിയമപരമായ ദിശമാറ്റങ്ങൾ പലപ്പോഴും എങ്ങനെ താഴെത്തട്ടിൽ നിന്നാണ് ആരംഭിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇത്. മേൽക്കോടതികൾ ഈ വീക്ഷണം എല്ലായ്പ്പോഴും പിന്തുടരുമെന്നുറപ്പില്ല. എന്നിരുന്നാലും, സമ്മതം, കാലതാമസം, ഇലക്ട്രോണിക് തെളിവുകൾ, അറസ്റ്റ്, ജാമ്യം — ഈ എല്ലാ വിഷയങ്ങളിലും കാലാനുസൃതമായി നിയമം വായിക്കാൻ ശ്രമിച്ച ഈ വിധി, ഭാവിയിലെ കേസുകളിൽ അവഗണിക്കാനാവാത്ത ഒരു നിയമ അടയാളമായി തുടരും.
ഇത് ഒരു പ്രതിയെ തടവിലാക്കുന്ന ഉത്തരവല്ല.
ഇത് ഒരു പഴയ നിയമബോധത്തെ പുറത്തേക്കിറക്കുന്ന ഉത്തരവാണ്.