ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡ് എന്ന വിളിപ്പേരുള്ള താരമാണ് വൈഭവ് സൂര്യവൻഷി. ഇന്ത്യൻ ജേഴ്സിയിലും രാജസ്ഥാൻ റോയൽസ് ജേഴ്സിയിലും അദ്ദേഹം വെടിക്കെട്ട് പ്രകടനവുമായി നിറഞ്ഞാടുകയാണ്. ബോളർമാരിൽ സീനിയർ ജൂനിയർ എന്ന് വ്യത്യാസമില്ലാതെയാണ് അദ്ദേഹം അവർക്കെതിരെ തകർത്തടിക്കുന്നത്.
ഐപിഎലിൽ ഇന്ന് രാജസ്ഥാൻ റോയൽസിനെ നേരിടാനൊരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ ആരാധകർ ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്നത് രാജസ്ഥാന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയും മുംബൈ ഇന്ത്യൻസിന്റെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും നേർക്കുനേർ വരുന്നു എന്നതാണ്. ഇപ്പോഴിതാ രാജസ്ഥാനെതിരായ മത്സരത്തിന് മുൻപ് വൈഭവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുംബൈ പരിശീലകൻ പരാസ് മാംബ്രെ.
‘വൈഭവ് ഒരിക്കലും പുതിയ താരമല്ല. ഇത് അവന്‍റെ രണ്ടാം സീസണാണ്. രാജസ്ഥാന് വേണ്ടി വൈഭവ് ഇതിനോടകം ഒരു വർഷം ഐപിഎൽ കളിച്ചുകഴിഞ്ഞു. വൈഭവ് മികച്ച താരം തന്നെയാണെന്നതിൽ തർക്കമില്ല. എന്നാൽ മറ്റ് താരങ്ങളെപ്പോലെ തന്നെയാണ് ഞങ്ങൾ വൈഭവിനെയും കാണുന്നത്. അവന് വേണ്ടി മാത്രമായി പ്രത്യേക തന്ത്രങ്ങളൊന്നും മെനയുന്നില്ല’, മാംബ്രെ വ്യക്തമാക്കി.