ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ വിജയ സാധ്യത കൂടുതലുള്ള ടീമായിരുന്നു ഇന്ത്യ. എന്നാൽ സൂപ്പർ എട്ടിലേക്ക് കടന്നതോടെ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന ലക്ഷണമാണ് കാണുന്നത്.
ഇന്ന് നടക്കുന്ന നിർണായക മത്സരത്തിൽ ഇന്ത്യ സിംബാവെയെ നേരിടും. ടീമിൽ സഞ്ജു സാംസൺ ഇടം നേടുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അക്രമണോസക്തമായ തുടക്കം ലഭിക്കണമെങ്കിൽ മലയാളി താരം തന്നെ ടീമിൽ വേണമെന്നാണ് പല മുൻ താരങ്ങളുടെയും വിലയിരുത്തൽ. ഇപ്പോഴിതാ ടീമിൽ തിലക് വർമ്മയ്ക്ക് പകരം സഞ്ജു സാംസൺ വേണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.
‘സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കിയാൽ ടീമിന് ഗുണം ചെയ്യും. പ്രത്യേകിച്ച് ടീമിന്റെ നിർണായക ഘട്ടത്തിൽ ഒരു വലം കൈ ബാറ്ററുടെ സാന്നിധ്യം ആവശ്യമാണ്. അതിനാൽ സഞ്ജുവിനെ ഉൾപ്പെടുത്തുന്നത് മത്സരത്തിന്റെ ഗതി മാറ്റും. ടീമിന് ഗുണമാണ് ഈ മാറ്റം. വലിയ ഷോട്ടുകൾ കളിക്കാനും സമ്മർദ്ദം കൈകാര്യം ചെയ്യാനും കഴിയുന്ന താരമാണ് സഞ്ജു’, റെയ്ന പറഞ്ഞു.