അമ്പയര്‍ ഇടപെട്ട് ബാറ്റ് ഗ്രൗണ്ടില്‍ വെച്ചു തന്നെ വെട്ടിപ്പൊളിച്ചു, ബാറ്റിനുള്ളില്‍ ഒരു വലിയ സ്പ്രിംഗ്

തലയില്‍ തൊപ്പി വെച്ച്, ചുവന്ന സ്‌കെച്ച് പേന കൊണ്ട് MRF എന്നെഴുതിയ ബാറ്റുമായി വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ വന്നിരുന്ന ഒരു ബാല്യകാല സുഹൃത്ത് എനിക്കുമുണ്ടായിരുന്നു. ക്രിക്കറ്റ് കഥകളുടെ മായിക ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയത് അവനായിരുന്നു.

നവജ്യോത് സിംഗ് സിദ്ദു, അമ്പയറുടെ തലതല്ലിപ്പൊളിച്ചു എന്ന ‘ക്രിക്കറ്റ് ഫോക്ക്‌ലോര്‍’ ഞാന്‍ ആദ്യമായി കേട്ടത് അവനില്‍ നിന്നായിരുന്നു. ‘കള്ള ഔട്ട് വിളിച്ചതിന്, സിദ്ദു കൈയിലിരുന്ന ബാറ്റ് കൊണ്ട് അമ്പയറുടെ ഉച്ചി നോക്കി ഒറ്റ അടിയായിരുന്നുവത്രേ.’

ജയസൂര്യയുടെ സ്പ്രിംഗ് ബാറ്റിന്റെ കഥയും പറഞ്ഞു തന്നത് അവനായിരുന്നു. ‘പാകിസ്ഥാന്‍ – ശ്രീലങ്ക മത്സരം. ജയസൂര്യ അടിക്കുന്ന അടിയെല്ലാം ഫോറും, സിക്‌സും തന്നെ. പാകിസ്ഥാന്‍ കളിക്കാര്‍ക്ക് സംശയം, എന്തോ പന്തികേടുണ്ട്. സയിദ് അന്‍വറാണ് അത് കണ്ടു പിടിച്ചത്. ജയസൂര്യ, ബാറ്റ് നിലത്തു കുത്തുമ്പോള്‍ അത് സ്പ്രിംഗ് പോലെ മുകളിലേക്കു തെറിക്കുന്നു. അമ്പയര്‍ ഇടപെട്ടു, ബാറ്റ് ഗ്രൗണ്ടില്‍ വെച്ചു തന്നെ വെട്ടിപ്പൊളിച്ചു. ബാറ്റിനുള്ളില്‍ ഒരു വലിയ സ്പ്രിംഗ്. കള്ളം പിടിക്കപ്പെട്ട ചമ്മലില്‍, തന്റെ വിശ്വവിഖ്യാതമായ മൊട്ട തല കുനിച്ച്, ജയസൂര്യ പവലിയനിലേക്ക് നടന്നു.’

കമ്പ്രഷനില്‍ ഇരിക്കുന്ന സ്പ്രിംഗിലെ പൊട്ടെന്‍ഷ്യല്‍ എനര്‍ജി, സ്പ്രിംഗ് റിലീസ് ആയി കൈനെറ്റിക്ക് എനര്‍ജിയായി രൂപാന്തരം പ്രാപിച്ചാലേ സ്പ്രിംഗ് ആക്ഷന്‍ നടക്കുവെന്നും, തടി ബാറ്റിനുള്ളില്‍, ചുരുങ്ങിയിരിക്കുന്ന സ്പ്രിംഗിന് ഒരിക്കലും അങ്ങനെ ഒരു ആക്ഷന്‍ ഉണ്ടാവില്ലെന്നും, ആറാം ക്ലാസ്സിലെ സയന്‍സ് ടീച്ചര്‍ പറഞ്ഞു തന്നിട്ടും, അവന്‍ പറഞ്ഞ സ്പ്രിംഗ് ബാറ്റ് കഥ വിശ്വസിക്കാനായിരുന്നു എനിക്ക് അന്ന് ഇഷ്ടം.

ഇന്ത്യ- ശ്രീലങ്ക കളിക്കാര്‍ തമ്മില്‍ ഭയങ്കരമായ അടി നടന്നു എന്നൊരു കഥയും അവന്‍ പറഞ്ഞു തന്നിരുന്നു. ശ്രീലങ്കന്‍ കളിക്കാര്‍, കളിക്കിടെ രണ്ട് ബോള്‍ എടുത്ത് കള്ളത്തരം കാണിച്ചത്രേ. ‘ബൗണ്ടറിയിലേക്ക് ഷോട്ട് പായിച്ചിട്ട്, അസ്ഹര്‍ റണ്ണിനായി ഓടി. പെട്ടെന്ന്, മുരളീധരന്‍ പോക്കറ്റിന്ന് മറ്റൊരു ബോള്‍ എടുത്ത് അസ്ഹറിനെ റണ്‍ഔട്ട് ആക്കുന്നു. പോരെ പൂരം. പിന്നെ ഇരു ടീമുകളുടെയും കളിക്കാര്‍ തമ്മില്‍ ഗ്രൗണ്ടില്‍ പൊരിഞ്ഞ അടി.’

‘സച്ചിനും അടിക്കാന്‍ പോയോ??’, ഞാന്‍ ജിജ്ഞാസ സഹിക്കാനാവാതെ ചോദിച്ചു. ‘ഇല്ല, സച്ചിന്‍ ഡീസന്റ് അല്ലെ… പുള്ളി പവലിയനില്‍ തന്നെ ഇരുന്നതെയുള്ളു ‘, അവന്‍ പറഞ്ഞു. ‘വഴക്കിനിടയില്‍, വെങ്കടേശ് പ്രസാദിനു വല്ലോം പറ്റിയോ?’, ഞാന്‍ ഉത്കണ്ഠയോടെ ചോദിച്ചു. പ്രസാദിനോട്, ചെറുപ്പകാലത്ത് എനിക്കുണ്ടായിരുന്ന സോഫ്റ്റ് കോര്‍ണര്‍ നന്നായി അറിയാവുന്ന അവന്‍ പറഞ്ഞു, ‘ പ്രസാദിനെ അടിക്കാന്‍ വേണ്ടി മുരളീധരന്‍ കയറി പിടിച്ചതാണ്. പക്ഷെ പെട്ടന്ന് ഗാംഗുലി വന്ന് രക്ഷിച്ചു. മുരളിയ്ക്കിട്ടു രണ്ട് പൊട്ടിക്കുകയും ചെയ്തു’. ‘ഹാവു, പ്രസാദിനൊന്നും പറ്റിയില്ലല്ലോ’, ഞാന്‍ ആശ്വസിച്ചു.

കെ എം മാണിയുടെ ബജറ്റ് അവതരണ ദിവസം, നിയമസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ടിവിയില്‍ കണ്ടപ്പോള്‍, ഞാന്‍ ചെറുപ്പകാലത്ത് അവന്‍ പറഞ്ഞ ഈ കഥയൊര്‍ത്ത് പോയി. അന്ന്, ഒരു വൈരാഗിയിപ്പോലെ, നിസ്സംഗനായി മാറിയിരുന്ന ഗണേഷ് കുമാറിന്, അവന്റെ കഥയിലെ സച്ചിന്റെ മുഖമായിരുന്നു.

പിന്നീടൊരിക്കല്‍, ‘അജയ് ജഡേജ അഭിനയിച്ച ഒരു മലയാള സിനിമ കണ്ടു എന്ന് അവന്‍ എന്നോട് പറഞ്ഞു. ‘നായകന്‍ ആണോ??’ ഞാന്‍ ചോദിച്ചു. ‘ഹെയ് അല്ല, വില്ലനാണ്. വിജയരാഘവനാണ് നായകന്‍ ‘, അവന്‍ പറഞ്ഞു. ‘എന്നാലും, നമ്മുടെ ജഡേജയെ നായകന്‍ ആക്കിയില്ലല്ലോ ‘, എനിക്ക് സങ്കടമായി. എന്റെ ബാല്യകാല ക്രിക്കറ്റിംഗ് ഫാന്റസികളെ സംതൃപ്തപ്പെടുത്തിയിരുന്ന അവന്റെ കഥകളെല്ലാം പൊളിയായിരുന്നുവെന്ന്, കുറച്ചു നാളുകള്‍ക്ക് ശേഷം ഞാന്‍ തിരിച്ചറിഞ്ഞു. പക്ഷെ അപ്പോഴേയ്ക്കും, അവനും കുടുംബവും, എന്റെ അയല്‍പക്കത്തു നിന്ന് വീടൊഴിഞ്ഞു പോയിരുന്നു.

അവന്റെ കഥകളില്‍, ജഡേജ വിജയരാഘവന്റെ വില്ലനായി അഭിനയിച്ചു എന്ന കഥ മാത്രം സത്യമായിരിക്കുമെന്ന് ഞാന്‍ കുറച്ചു കാലം കൂടി വിശ്വസിച്ചിരുന്നു. കാരണം, അജയ് ജഡേജയ്ക്ക് അമ്മവഴി മലയാളി ബന്ധമുണ്ടെന്നും, പുള്ളി ഹിന്ദി സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ടെന്നും ഞാന്‍ പത്രത്തില്‍ വായിച്ചിരുന്നു.

എന്നാല്‍, ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍, ഏഷ്യാനെറ്റില്‍ ആ വിജയരാഘവന്‍ സിനിമ കണ്ടപ്പോഴായിരുന്നു, അവന്‍ പറഞ്ഞെ ആ ‘ജഡേജ’ നമ്മുടെ ‘ബാബുരാജ് ‘ ആയിരുന്നു എന്ന നഗ്‌നസത്യം ഞാന്‍ മനസിലാക്കിയത്. (അന്ന് ബാബുരാജ് മെലിഞ്ഞ് ഒരു പയ്യന്‍ ലുക്കായിരുന്നു ) അവന്‍ പറഞ്ഞതെല്ലാം പൊളിയായിരുന്നു, യുക്തിക്ക് നിരക്കാത്തതായിരുന്നു. എന്നിട്ടും, എന്റെ ബാല്യകാലയോര്‍മ്മകളില്‍ ദീപ്തമായി അവന്റെ കഥകള്‍ ഇന്നും നിലനില്‍ക്കുന്നു. ഒരു മുത്തശ്ശികഥയെന്ന പോലെ…ചിതലരിക്കാതെ… മഷി മായാതെ… കൂടുതല്‍ കൂടുതല്‍ പ്രശോഭിതമായി… അങ്ങനെ.. അങ്ങനെ..

Latest Stories

കള്ളക്കടല്‍ പ്രതിഭാസം; തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം, തീരദേശമേഖലയിലെ വീടുകളിൽ വെള്ളം കയറി

തോൽവികൾ അംഗീകരിക്കാൻ പറ്റാത്ത ഒരേ ഒരു ഇന്ത്യൻ താരം അവൻ, ആറ്റിട്യൂഡ് തന്നെ വേറെ ലെവൽ: ഹർഭജൻ സിംഗ്

വിജയ്‌യുടെ ജീവിതത്തിലെ കയ്‌പ്പേറിയ ഭാഗം സിനിമയാക്കി.. ഇത് ഇന്‍ഡസ്ട്രിയിലെ ഒട്ടുമിക്ക ആളുകളുടെയും അനുഭവമാണ്: സംവിധായകന്‍ ഇലന്‍

IPL 2024: എന്തോന്നടേ ഇത്, ഫാഫിന്റെ പുതിയ ഹെയര്‍ സ്റ്റൈല്‍ കണ്ട് അമ്പരന്ന് ഹര്‍ഭജന്‍, ഇത്ര പിശുക്ക് പാടില്ലെന്ന് പരിഹാസം

ഗതാഗതമന്ത്രി ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ: റോഷ്‌ന

ലൈംഗികാതിക്രമ കേസ്; പിതാവിന്റെ അറസ്റ്റിന് പിന്നാലെ പ്രജ്വൽ രേവണ്ണ ഇന്ന് കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്

IPL 2024: ധോണി തനിക്ക് അച്ഛനെ പോലെയെന്ന് പതിരണ, ഒപ്പം മുൻ നായകനോട് ഒരു അഭ്യർത്ഥനയും

IPL 2024: 'ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരം ഒഴിവാക്കാന്‍ ഞാന്‍ ആഗ്രഹിച്ചു': മത്സര ശേഷം വലിയ പ്രസ്താവന നടത്തി സിറാജ്

നിവിന്‍ എന്ന പേര് മാറ്റാന്‍ പലരും എന്നോട് ആവശ്യപ്പെട്ടു, സിനിമയില്‍ വരുന്ന എല്ലാവരോടും ഇത് പറയാറുണ്ട്: നിവിന്‍ പോളി

മൂന്നാം ഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച; 94 ലോക്സഭ മണ്ഡലങ്ങളിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും