ഇന്ത്യൻ വനിതാ താരം സ്‌മൃതി മന്ദാനയുടെ വിവാഹം മാറ്റി വെച്ചു. വിവാഹച്ചടങ്ങുകൾക്കിടെ താരത്തിന്റെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് ഹൃദയാഘാതം ഉണ്ടായതിനാലാണ് ചടങ് മാറ്റിവെച്ചത്. അസുഖം കാരണം പിതാവിനെ സാംഗ്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ടായിരുന്നു സ്‌മൃതിയുടെയും സംഗീത സംവിധായകനായ പലാഷ് മുച്ചലിന്റെയും വിവാഹം നടക്കാനിരുന്നത്.
തിരക്കേറിയ വിവാഹ ഒരുക്കങ്ങൾ മൂലമുണ്ടായ ശാരീരികമോ മാനസികമോ ആയ സമ്മർദ്ദമായിരിക്കാം ഹൃദയാഘാതത്തിന് കാരണമെന്ന് ഡോക്ടർ നമൻ ഷാ എഎൻഐയോട് പ്രതികരിച്ചത്. അദ്ദേഹത്തിന് തുടർനിരീക്ഷണം ആവശ്യമാണെന്നും ഡോക്ടർ വ്യക്തമാക്കി.
“സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസ് മന്ദാനയ്ക്ക് പകൽ 11.30ഓടെ നെഞ്ചിൻ്റെ ഇടതുഭാഗത്ത് വേദനയുണ്ടാവുകയും ഹൃദയാഘാതത്തിന് സമാനമായ ലക്ഷണങ്ങൾ അനുഭവപ്പെടുകയും ചെയ്തു. ഉടൻ തന്നെ അദ്ദേഹത്തെ സർവ്ഹിത് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന് തുടർ നിരീക്ഷണം ആവശ്യമാണ്. ഞങ്ങളുടെ കാർഡിയോളജിസ്റ്റ് ഡോ. റോഹൻ താനേദറും അദ്ദേഹത്തെ പരിശോധിച്ചു. എക്കോകാർഡിയോഗ്രാമിൽ പുതിയ കണ്ടെത്തലുകളൊന്നുമില്ല. ആവശ്യമെങ്കിൽ ആഞ്ജിയോഗ്രാഫി ചെയ്യും. ഇപ്പോൾ രക്തസമ്മർദ്ദത്തിൽ നേരിയ വ്യത്യാസമുണ്ട്. അത് ഒരുപക്ഷേ മകളുടെ വിവാഹച്ചടങ്ങളുമായി അനുബന്ധിച്ചുണ്ടായ മാനസികമോ ശാരീരികമോ ആയ സമ്മർദ്ദമാവാം ഇതിന് കാരണം” ഡോക്ടർ നമൻ ഷാ പറഞ്ഞു.