ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ രണ്ടിന്നിങ്സിലും സെഞ്ച്വറി നേടി ശ്രദ്ധേയ പ്രകടനമാണ് സ്റ്റാർ ബാറ്റർ റിഷഭ് പന്ത് കാഴ്ചവച്ചത്. തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റേന്തിയ പന്ത് ഇംഗ്ലണ്ട് ബോളർമാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റിലും റിഷഭ് പന്ത് തന്റെ മികച്ച ഫോം തുടരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. പന്ത് ഇനിയും ഫോം നിലനിർത്തുമെന്നും എന്നാൽ ശ്രദ്ധിക്കേണ്ടത് ഇന്ത്യയുടെ ഓപ്പണിങ് ബാറ്റർ കെഎൽ രാഹുലാണെന്നും മഞ്ജരേക്കർ പറയുന്നു,
കെ എൽ രാഹുലും ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയിരുന്നു. ഒന്നാം ഇന്നിങ്സിലും അദ്ദേഹം മോശമല്ലാത്ത സ്കോർ നേടി. “റിഷഭ് പന്ത് ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിലും തന്റെ ഫോം നിലനിർത്തുമെന്ന് ഞാൻ കരുതുന്നു. കാരണം അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ ആസ്വദിച്ച് ബാറ്റുചെയ്യുന്നയാളാണ്. ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയതിന് 48 മണിക്കൂറിനുശേഷം മറ്റൊരു സെഞ്ച്വറി നേടാനുള്ള കഴിവ് പന്തിനുണ്ട്. അത് ഒരു അസാധാരണ കളിക്കാരന്റെ മുഖമുദ്രയാണ്”.
“പക്ഷേ ടീമിലെ മറ്റൊരു സീനിയർ ബാറ്ററായ കെ എൽ രാഹുൽ ഇനിയും ശ്രദ്ധിക്കേണ്ടതുണ്ട്. പരമ്പരയിലുടനീളം ഫോം നിലനിർത്തുകയല്ലാതെ ഇപ്പോൾ അദ്ദേഹത്തിന് മറ്റ് മാർഗമില്ല. ഇന്ത്യൻ ക്രിക്കറ്റിന് രാഹുലിനെ വളരെയധികം ആവശ്യമുണ്ട്. ഒറ്റ ടെസ്റ്റിൽ മികവ് പുലർത്തിയാൽ മാത്രം രാഹുലിന് ഇനി മുന്നോട്ടുപോകാനാകില്ല”, മഞ്ജരേക്കർ കൂട്ടിച്ചേർത്തു.