ഐപിഎല്‍ ഈ സീസണില്‍ ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് കാഴ്ചവച്ചത്. തുടര്‍തോല്‍വികളില്‍പ്പെട്ട ടീമിന്റെ പ്ലേഓഫ് പ്രതീക്ഷകളെല്ലാം മുന്‍പേ അവസാനിച്ചിരുന്നു. സഞ്ജു സാംസണ്‍ അടക്കമുളള താരങ്ങള്‍ക്ക് പരിക്കേറ്റതും മികച്ച താരങ്ങളെ കഴിഞ്ഞ ലേലത്തില്‍ കൈവിട്ടതുമെല്ലാം രാജസ്ഥാന് തിരിച്ചടിയായി. ബട്‌ലര്‍, ചഹല്‍, അശ്വിന്‍, ബോള്‍ട്ട്, ആവേശ് ഖാന്‍ ഉള്‍പ്പെടെയുളള സൂപ്പര്‍താരങ്ങളെ കൈവിട്ട് യുവതാരങ്ങള്‍ക്ക് കഴിഞ്ഞ ലേലത്തില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുകയായിരുന്നു രാജസ്ഥാന്‍.
മുന്‍ സീസണുകളില്‍ ടീം ഫൈനലും പ്ലേഓഫും കളിച്ചതില്‍ നിര്‍ണായക പങ്കാണ് ഇവരെല്ലാം കാഴ്ചവച്ചത്. എന്നാല്‍ ഇംപാക്ടുളള പ്രകടനങ്ങള്‍ കാഴ്ചവച്ചവരെ കൈവിട്ട് വളര്‍ന്നുവരുന്ന യുവതാരങ്ങളെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നു ആര്‍ആര്‍ ചെയ്തത്. 14 കോടിക്കാണ് റിയാന്‍ പരാഗ്, ധ്രുവ് ജുറല്‍ തുടങ്ങിയ താരങ്ങളെ രാജസ്ഥാന്‍ നിലനിര്‍ത്തിയത്. എന്നാല്‍ രാജസ്ഥാന്റെ തീരുമാനം തെറ്റായിപ്പോയെന്ന് കാണിക്കുന്ന തരത്തിലായിരുന്നു ഈ സീസണില്‍ ടീമിന്റെ പ്രകടനം.
എന്നാല്‍ ലേലത്തില്‍ സൂപ്പര്‍താരങ്ങളെ കൈവിട്ടതില്‍ കുഴപ്പമില്ലെന്ന രീതിയിലായിരുന്നു ആര്‍ആര്‍ ഫീല്‍ഡിങ് കോച്ച് ദിഷാന്ത് യാഗ്നിക്കിന്റെ പ്രതികരണം. ഞങ്ങള്‍ സൂപ്പര്‍സ്റ്റാറുകളെ വാങ്ങിക്കാറില്ലെന്നും വാങ്ങിയവരെ സൂപ്പര്‍സ്റ്റാറുകളാക്കുകയാണ് ചെയ്യാറുളളതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. “ഇപ്പോഴത്തെ യുവതാരങ്ങള്‍, അവര്‍ താരങ്ങളായി മാറുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഞങ്ങള്‍ അവരെ താരങ്ങളാക്കും. ഞങ്ങള്‍ സൂപ്പര്‍സ്റ്റാറുകളെ വാങ്ങുന്നില്ല, ഞങ്ങള്‍ സൂപ്പര്‍സ്റ്റാറുകളെ സൃഷ്ടിക്കുന്നു. അതാണ് ഞങ്ങളുടെ ടാഗ് ലൈന്‍”, ആര്‍ആര്‍ പരിശീലകന്‍ പറഞ്ഞു.
“ഇത്തരം കാര്യങ്ങള്‍ക്കപ്പുറം നോക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു (ബട്‌ലറെപ്പോലുള്ള കളിക്കാരെ നിലനിര്‍ത്താത്തതില്‍ ഖേദിക്കുന്നു). നമുക്ക് അവര്‍ ഇല്ലെങ്കില്‍, നമ്മള്‍ അത് മറന്ന് മുന്നോട്ട് പോകണം. ഇപ്പോള്‍ നമുക്ക് വൈഭവ്, യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ ആണ് നമ്മുടെ ക്യാപ്റ്റന്‍. ഈ ടീമിനൊപ്പം ഞങ്ങള്‍ മുന്നോട്ട് പോകും. ഈ ടീമിനൊപ്പം ഞങ്ങളുടെ വിജയശേഷി തെളിയിക്കും”, യാഗ്നിക് പറഞ്ഞു.