നാളുകൾ ഏറെയായി ഇന്ത്യൻ ടീമിൽ നിന്നും വിട്ടു നിൽക്കുന്ന താരമാണ് പേസ് ബോളർ മുഹമ്മദ് ഷമി. കഴിഞ്ഞ വർഷം നടന്ന ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം ഇന്ത്യൻ കുപ്പായം അണിയാൻ താരത്തിന് സാധിച്ചിട്ടില്ല. മോശമായ പ്രകടനവും യുവ താരങ്ങളുടെ വരവും കാരണമാണ് ഷമിയെ ടീമിൽ എടുക്കാത്തത് എന്നാണ് ബിസിസിഐ നൽകിയ റിപ്പോർട്ടുകൾ.
ഇപ്പോഴിതാ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ വമ്പൻ നീക്കത്തിനൊരുങ്ങുകയാണ് ബിസിസിഐ. ഷമിയെ വീണ്ടും ഇന്ത്യൻ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചേക്കുമെന്ന ചില റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയില്‍ ടീമില്‍ താരം ഇടം കണ്ടത്തിയേക്കും.
2027ലെ ഏകദിന ലോകകപ്പ് അടുക്കുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ പുതിയ നീക്കമെന്നാണ് റിപ്പോർട്ടുകൾ. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റിൽ ഷമി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. ഇത് പരിഗണിച്ച് 2027ലെ ഏകദിന ലോകകപ്പിലേക്ക് ഷമിയെ പരിഗണിക്കുന്ന കാര്യം സെലക്ടർമാരുടെ ആലോചിക്കുന്നുണ്ടെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
‘മുഹമ്മദ് ഷമിയെക്കുറിച്ച് ഇപ്പോള്‍ നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അദ്ദേഹം ഒരിക്കലും പ്ലാനുകളിൽ നിന്ന് പുറത്തല്ല. താരത്തിന്റെ ഫിറ്റ്‌നസ് മാത്രമാണ് ആശങ്ക. ഷമിയെപ്പോലൊരു മികച്ച ബൗളര്‍ക്ക് ഏത് സമയത്തും വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കും. സെലക്ടർമാരുടെ റഡാറിൽ നിന്ന് ഷമി പുറത്താണെന്ന വാർത്തകൾ തെറ്റാണ്.
ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയില്‍ ഷമി കളിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കഴിവും വെച്ച് നോക്കിയാല്‍ ഷമിയെ ടീമിലെടുത്താൽ ഒരിക്കലും അത്ഭുതപ്പെടാനില്ല. 2027 ലോകകപ്പില്‍ പോലും താരം കളിച്ചേക്കാം’, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.