റൺസ് നേടുന്നു, വിക്കറ്റുകൾ നേടുന്നു, ക്യാച്ചുകൾ നേടുന്നു, മുന്നിൽ നിന്ന് നയിക്കുകയാണ് ഹാർദിക് പാണ്ഡ്യ. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹാർദിക് പാണ്ഡ്യയ്ക്ക് കഴിയാത്തതായി ഒന്നുമില്ല എന്ന് തന്നെ പറയാം. കഴിഞ്ഞ സീസണിലെ ബുദ്ധിമുട്ടുകൾക്ക് ശേഷം, ഓൾറൗണ്ടർ കാര്യങ്ങൾ മാറ്റിമറിച്ചുകൊണ്ട് തന്റെ പൂർണ മികവിലേക്ക് എത്തിയിരിക്കുകയാണ്. 2024 ലെ ഐസിസി ടി20 ലോകകപ്പും ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിക്കൊടുത്ത മാച്ച് വിന്നിംഗ് പ്രകടനങ്ങളിലൂടെ കൂവലുകളെ കൈയടികളാക്കി മാറ്റാൻ താരത്തിനായിട്ടുണ്ട് . ടൂർണമെന്റിന്റെ 18-ാം സീസണിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസ് പതറിയെങ്കിലും ഇപ്പോൾ തുടർച്ചയായി 6 മത്സരങ്ങൾ ജയിച്ചുകൊണ്ട് വമ്പൻ കുതിപ്പാണ് നടത്തുന്നത്.
രാജസ്ഥാൻ റോയൽസിനെതിരായ ഇന്നലെ നടന്ന മത്സരത്തിൽ എതിരാളികൾക്ക് ഒരു അവസരവും നൽകാതെ മുംബൈ കളിച്ച കളി ശരിക്കും മറ്റുള്ള ടീമുകൾക്ക് അപായ സൂചന തന്നെയാണ് നല്കിയിരിക്കുന്നത്. 11 മത്സരങ്ങളിൽ നിന്ന് 14 പോയിന്റുകൾ നേടിയ അവർ 100 റൺസിന്റെ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനവും നേടി.
പ്ലേ ഓഫിലേക്ക് കടക്കാൻ അവർക്ക് ഇനി ഒരു ജയം മാത്രം മതി. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് എല്ലാ മേഖലകളിലും മികച്ച സംഭാവനകൾ നൽകുന്നു. 10 മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകളും 157 റൺസും നേടിയ അദ്ദേഹം, നിലവിലെ പതിപ്പിലെ ഏറ്റവും മികച്ച ഓൾറൗണ്ടറായി മാറി. ഫ്രാഞ്ചൈസിയുടെ മുൻ താരമായ ഹർഭജൻ സിംഗ് ഹാർദിക്കിനെ പ്രശംസിച്ചു.
“വൈറ്റ്-ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾറൗണ്ടറാണ് അദ്ദേഹം, അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല. ഹാർദിക്കിന് കളിയുടെ എല്ലാ മേഖലകളിലും തിളങ്ങാൻ സാധിക്കുന്നുണ്ട്. മുംബൈ ഇന്ത്യൻസിന് വേണ്ടി അദ്ദേഹം സെൻസേഷണൽ ആയിരുന്നു,” ഹർഭജൻ സിംഗ് ബ്രോഡ്കാസ്റ്റിംഗ് ചാനലിൽ പറഞ്ഞു.
മുമ്പ് മുംബൈയ്ക്കു വേണ്ടിയും കളിച്ചിട്ടുള്ള പ്രയാഗ്യാൻ ഓജ, പാണ്ഡ്യയുടെ വിജയത്തെക്കുറിച്ച് പ്രതിഫലിപ്പിച്ചു. “ഗുജറാത്ത് ടൈറ്റൻസിനൊപ്പമുണ്ടായിരുന്നപ്പോൾ ഒരു ക്യാപ്റ്റനെന്ന നിലയിൽ തനിക്ക് എന്തുചെയ്യാനാകുമെന്ന് അദ്ദേഹം ഞങ്ങൾക്ക് കാണിച്ചുതന്നു. യഥാർത്ഥത്തിൽ, ഒരു രാത്രി കൊണ്ട് കാര്യങ്ങൾ മാറ്റാൻ കഴിയില്ല. കഴിഞ്ഞ സീസണിൽ ആദ്യമായി അദ്ദേഹം മുംബൈയെ നയിച്ചു, അത് ഒരു കഠിനമായ സീസണായിരുന്നു. ടീം ഇന്ത്യയ്ക്കായി അദ്ദേഹം തിരിച്ചുവരവ് നടത്തി, ബാറ്റും ബോളും ഉപയോഗിച്ച് സംഭാവന നൽകി. ഹാർദിക് ഇപ്പോൾ ബാറ്റും ബോളും കൊണ്ടും മുംബൈയുടെ ക്യാപ്റ്റനായും പ്രകടനങ്ങൾ നൽകുന്നു,” അദ്ദേഹം പറഞ്ഞു.