ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് തോൽവി. മത്സരത്തിൽ ഇന്ത്യ മുന്നോട്ടുവെച്ച 126 റൺസ് വിജയലക്ഷ്യം 13.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. 26 ബോളിൽ 46 റൺസെടുത്ത നായകൻ മിച്ചൽ മാർഷിന്റെ പ്രകടനമാണ് ആതിഥേയർക്ക് ജയം അനായാസമാക്കിയത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 18.4 ഓവറിൽ 125 റൺസെടുത്തു പുറത്തായി. 37 പന്തുകൾ നേരിട്ട അഭിഷേക് ശര്‍മ രണ്ട് സിക്സും എട്ടു ഫോറുകളും സഹിതം 68 റൺസെടുത്ത് ടോപ് സ്കോററായി. അഭിഷേകിന് പുറമേ ഹർഷിത് റാണ മാത്രമാണ് ഇന്ത്യന്‍ നിരയിൽ രണ്ടക്കം കടന്നത്. 33 പന്തുകൾ നേരിട്ട റാണ 35 റൺസെടുത്തു പുറത്തായി. ഇപ്പോഴിതാ ഹർഷിത് റാണയെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വരുൺ ആരോൺ.
വരുൺ ആരോൺ പറയുന്നത് ഇങ്ങനെ:
” ഹർഷിത്തിന്റെ ഇന്നിങ്‌സ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. അതിലൂടെ അവന്റെ ബാറ്റിംഗിനെയും സിലക്ഷനെയും വിമർശിച്ചവർക്ക് മറുപടി നൽകി. ഗൗത ഗംഭീറും മറ്റ് പരിശീലകരും ഹർഷിത്തിന്റെ ബാറ്റിംഗ് മികവ് നെറ്റ്സിൽ വെച്ച് കണ്ടിട്ടുണ്ട്. അവിടെ വെച്ച് ഒരു ഓൾറൗണ്ടറാകാൻ സാധ്യതയുള്ള ചില സൂചനകൾ അദ്ദേഹം നൽകിയിട്ടുണ്ടെന്ന് ഞാൻ കരുതുന്നു” വരുൺ ആരോൺ പറഞ്ഞു.